കുറിവര, ചിങ്ങവെള്ളം, പടിഅപ്പം: ഒരു മാസം നീണ്ട വടക്കരുടെ ഓണ വിശേഷങ്ങൾക്ക് പുതുമയേറെ    

Share

🖊️പാലക്കുന്നിൽ കുട്ടി

ഹൈന്ദവ വിശേഷ ആചരണങ്ങളിൽ ‘തെക്കനും’ ‘വടക്കനും’ വിഭിന്നങ്ങളായ ആഘോഷ സമ്പ്രദായങ്ങളാണ് കണ്ടുവരുന്നത്‌. അത്തം മുതൽ പത്തോണമെന്ന സങ്കൽപമല്ല വടക്കരുടേത്. പൂക്കളം വരച്ചും മുറ്റത്ത് ചേടിമണ്ണ് കൊണ്ട് കുറി വരച്ചും കിണ്ടിയിൽ ചിങ്ങവെള്ളം നിറച്ചും ചിങ്ങമാസം നീളുന്ന സവിശേഷ സങ്കല്പമാണ് ഇവിടത്തെ പ്രത്യേകത. അതിനിടയിൽ ഉത്രാടവും ഓണവും അതിന്റെതായ മികവിൽ ആഘോഷിക്കും. നെൽകതിരും നാൽപ്പാമരത്തിൽ പെടുന്ന സസ്യങ്ങളുടെ ഇലകളും ചേർത്ത് കെട്ടി ‘നിറകെട്ടലും നിറ പുത്തരി’യും പൊന്നിൻ ചിങ്ങത്തിന്റെ പ്രത്യേകതയാണ്‌.

ഓണാഘോഷത്തിന്റെ പകിട്ട് തെക്കൻ കേരളത്തോളം വരില്ലെങ്കിലും വടക്കേ മലബാറിന്റെ വടക്കേഅറ്റത്തുള്ളവർ ചിങ്ങം ഒന്ന് മുതൽ കന്നി സംക്രമം വരെ വാതിൽ പടികളിലും മുറ്റത്തും കുറി വരച്ചും അതിൽ പൂക്കൽ വിതറി അലങ്കരിച്ചും ഓണമെന്ന സങ്കൽപത്തിന് വേറിട്ട മാനം നൽകുന്നു.

രാവിലെയും സന്ധ്യാ നേരത്തും പടിഞ്ഞാറ്റയിൽ (പൂജാമുറി) ചിങ്ങവെള്ളം വെക്കുന്ന ലളിതമായ ചടങ്ങാണിത് . ജില്ലയുടെ തെക്കൻ ഭാഗങ്ങളിൽ പടിഅപ്പത്തിന് പകരം അരിയും തേങ്ങാപ്പൂളും വെക്കുമത്രെ. കുറി വരയ്ക്കാൻ പച്ചരിമാവും ചിലർ ഉപയോഗിക്കുന്നുണ്ട്. കന്നി സംക്രമ നാളിൽ ( പടിഅപ്പം വിളമ്പുന്നതോടെ വടക്കരുടെ സവിശേഷ ഓണ ചടങ്ങുകൾ അവസാനിക്കുന്നു.

ചിങ്ങവെള്ളവും പടിഅപ്പവും 

കന്നി സംക്രമ നാളിൽ രാവിലെ വരച്ച കോലങ്ങളും അതിന്മേൽ ഇട്ട പൂക്കളും സന്ധ്യയ്ക്ക് എടുത്തുമാറ്റി വാതിൽ പടികളും മുറ്റവും വൃത്തിയാക്കി വീണ്ടും കുറിയും പൂക്കളുമിട്ട് ‘പടിഅപ്പം’ വിളമ്പുന്നതാണ് ചടങ്ങ്. അതോടെ ഒരുമാസം നീണ്ട ഓണ വിശേഷങ്ങൾ സമാപിക്കും. കന്നി സംക്രമത്തിന് (ചിങ്ങം അവസാന നാൾ – ഇത്തവണ സെപ്റ്റംബർ 17) പൊന്നിൻ ചിങ്ങത്തെ യാത്രയാക്കുന്നുന്നത് പടിയപ്പം വിളമ്പിയാണ്‌. ഇതാണ് മറ്റെങ്ങുമില്ലാത്ത വടക്കരുടെ ഓണ സങ്കല്പം.

ചിങ്ങം ഒന്ന് മുതൽ വീടുകളിലും തറവാട് ഭവനങ്ങളിലും ക്ഷേത്രവുമായി ബന്ധപ്പെട്ട നിത്യദീപ പ്രാധാന്യമുള്ള പടിഞ്ഞാറ്റകളിലും, രാവിലെ ദേഹശുദ്ധിയോടെ ആദ്യം കോരിയെടുക്കുന്ന വെള്ളം കിണ്ടിയിൽ നിറച്ച്, അതിൽ ‘ചിയോതിപൂക്കൾ’ അലങ്കരിച്ച് വെക്കുന്നത് വാമനമൂർത്തിയെ വരവേൽക്കാനാണെന്ന് സങ്കല്പം. രാവിലെ വാതിൽ പടികളിലും മുറ്റത്തും കുറി വരയ്ക്കും. അടുത്ത ദിവസം രാവിലെ അത് മായ്‌ച്ചു കളഞ്ഞ് വീണ്ടും മറ്റൊരു രൂപത്തിൽ വരയ്ക്കും. വീട്ടിലുള്ളവർക്കെല്ലാം ഈ കുറിവരയിലും പൂവിടലിലും പങ്കെടുക്കാം.അതാണ് മുൻകാല വഴക്കം. ചിങ്ങം അവസാന ദിവസം (കന്നി സംക്രമ നാൾ) രാവിലെ വരച്ച കുറി വൈകുന്നേരം മായ്‌ച്ച് കളഞ്ഞ് പടിഅപ്പം വെക്കാനായി വീണ്ടും വരയ്ക്കും.ഗംഗാജലമെന്ന സങ്കൽപ്പത്തിൽ ചിങ്ങവെള്ളം വാമനമൂർത്തിയുടെ പാദശുദ്ധിക്കും വാതിൽ പടികളിൽ പടിഅപ്പം വാമനമൂർത്തിക്കുള്ള

നിവേധ്യമാണെന്നുമാണ് വിശ്വാസം. ഉപ്പും മധുരവും ചേർക്കാതെ അടരൂപത്തിൽ ചുട്ടെടുക്കുന്ന അപ്പം പ്ലാവിലയിൽ പടികളിൽ വെച്ച് അതിൽ തിരി തെളിക്കും. തിരി അണഞ്ഞ ശേഷം ഈ അടയും, പ്രത്യേകമായി മഞ്ഞൾ ഇലയിൽ ഉണ്ടാക്കിയ മധുരമുള്ള അടയോടൊപ്പം വീട്ടിലുള്ളവർ കഴിക്കുന്നതോടെ പൊന്നിൻ ചിങ്ങത്തോട് വിടപറയുന്നതാണ് രീതി. കോലത്തുനാട്ടിലും വടക്കോട്ട് കർണാടക അതിർത്തി വരെയും നേരിയ മാറ്റങ്ങളോടെ ഇന്നും നിലനിന്നു പോകുന്ന ചിങ്ങവെള്ളവും പടിഅപ്പവും ഐശ്വര്യ ദേവതാ സങ്കൽപ്പമാണ്.വറുതികളകറ്റി (ചേഷ്ട) ഐശ്വര്യ പ്രതീകമായി ശ്രീപോതിയെ (ശ്രീലക്ഷ്മി) വരവേൽക്കാനുള്ള വിശ്വാസത്തിലാണ് ഇതെല്ലാം അനുഷ്ഠാനത്തിന്റെ ഭാഗമാകുന്നത്. വിശ്വാസം അതല്ലേ എല്ലാം നമുക്ക്‌.

പ്രസക്തി കുറയുന്നോ? 

ക്ഷേത്രങ്ങളിലും തറവാട് ഭവനങ്ങളിലും അനുവർത്തിച്ചുപോരുന്ന വിശ്വാസ രീതിയിലും പാരമ്പര്യ അനുഷ്ഠാന കർമങ്ങളിലും അടിസ്ഥാനപരമായ

മാറ്റങ്ങൾ വന്നിട്ടില്ലെങ്കിലും, നിലവിലെ സാമ്പത്തിക ബാഹ്യമോടിയിൽ വീടുകളിൽ അതിൽ മാറ്റമോ താല്പര്യക്കുറവോ കണ്ടു വരുന്നുണ്ട്. കുറിവരയ്ക്കാനും പടിഅപ്പം വിളമ്പാനും ഇനിയുള്ള തലമുറയിൽ താല്പര്യം കുറഞ്ഞുപോകുമോ എന്ന് പഴമക്കാർ സംശയം പ്രകടിപ്പിക്കുന്നുണ്ട്.

വല്യമ്മ വല്യച്ചന്മാർ പകർന്ന് നൽകിയ പഴയ നിഷ്ഠകൾ പുത്തൻ തലമുറയ്ക്ക് പിൻ തുടരാൻ പറ്റാത്ത അവസ്ഥയിലാണ് ജീവിതരീതികളുടെ നിലവിലെ സാഹചര്യങ്ങൾ. അണുകുടുംബ സമ്പ്രദായത്തിൽ ആർക്കും അതിനായി സമയമില്ല എന്നതാണ് യാഥാർഥ്യം. വീട്ടു മുറ്റങ്ങൾ ഇന്റർലോക്ക് ടയിൽസുകൾ പാകി അലങ്കരിച്ചപ്പോൾ ചാണകവെള്ളം തളിച്ച് ശുദ്ധീകരിക്കാൻ മുറ്റമേ ഇല്ലാതായി. സദാനേരം മൊബൈൽ ഫോണുകളിൽ അമ്മാനമാടുന്ന കൈകൊണ്ട് ചാണകം തൊടുന്നതും തളിക്കുന്നതും അവർക്ക് മ്ലേച്ചമായി തോന്നുന്നു . പുത്തൻ തലമുറ പുതിയ മേച്ചിൻപുറ ആഘോഷങ്ങളിൽ ആകൃഷ്ടരായി അരുതായ്മകളിൽ സുഖം തേടിപോകുമ്പോൾ നമുക്ക് നഷ്ടമാകുന്നത് പൂർവ്വസൂരികളിലൂടെ കൈമാറി വന്ന പാരമ്പര്യ അനുഷ്ഠാന കർമങ്ങളും അതിലൂടെ നിലനിന്നു പോരുന്ന സംസ്കൃതിയുമാണ്.

 

Back to Top