വേറിട്ട അനുഭവമായി ഭിന്നശേഷി രക്ഷിതാക്കളുടെ പ്രതിഷേധ ധർണ്ണ

Share

ഭിന്നശേഷി പദ്ധതികൾ നടപ്പിലാക്കാൻ തദ്ദേശസ്ഥാപനങ്ങൾ പ്രതിജ്ഞാബദ്ധം: ജില്ല പഞ്ചായത്ത് പ്രസിഡണ്ട്

കാഞ്ഞങ്ങാട്: ബൗദ്ധീകവെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്ക് പഠനവും പരിശീലനവും പുനരധിവാസവും നൽകി വരുന്ന സ്പെഷ്യൽ സ്കൂളുകൾക്ക് സർക്കാർ നൽകി വരുന്ന പാക്കേജ് തുക വർദ്ധിപ്പിച്ച് സമയബന്ധിതമായി വിതരണം നടത്തുക എൻഡോൾസാൻഫാൻ ദുരിതബാധിതരുൾപ്പെടെ ജില്ലയിലെ ഭിന്നശേഷിക്കാർക്കുള്ള പെൻഷൻ കുടിശ്ശിക ഉടൻ വിതരണം ചെയ്യുക ഭിന്നശേഷിക്കാർക്കുള്ള യു ഡി ഐ ഡി കാർഡ് അപാകതകൾ പരിഹരിച്ച് എത്രയും വേഗം വിതരണം ചെയ്യുക ശാരീരിക ശേഷികുറഞ്ഞതും കിടപ്പ് രോഗികളുമായ അമ്മമാരെ പരിചരിക്കുന്നവർക്കുള്ള ആശ്വാസ കിരണം സഹായധന തുക ആയിരം രൂപയായി വർധിപ്പിച്ച് കുടിശ്ശിക ഉൾപ്പെടെ നൽകുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഭിന്നശേഷിക്കാരുടെ രക്ഷിതാക്കൾ കാഞ്ഞങ്ങാട് മിനി സിവിൽ സ്റ്റേഷനിലേക്ക് നടത്തിയ മാർച്ചും ധർണ്ണയും സമരാനുഭവങ്ങളിൽ വേറിട്ട അനുഭവമായി.

ബൗദ്ധീക വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്കുള്ള സംസ്ഥാനതല കൂട്ടായ്മയായ പെയ്ഡ് നേതൃത്വത്തിൽ നടന്ന ധർണ്ണയിൽ രക്ഷിതാക്കൾക്കൊപ്പം ഭിന്നശേഷി മേഖലയിലുള്ള വിവിധ സംഘടനാപ്രതിനിധികളും അദ്ധ്യാപകരും മാനേജ്മെന്റ് പ്രതിനിധികളും ജീവനക്കാരും സംബന്ധിച്ചു. സർക്കാർ പ്രഖ്യാപിക്കുന്ന പദ്ധതികൾ യഥാസമയം ഭിന്നശേഷിക്കാരിൽ എത്തിക്കാൻ തദ്ദേശസ്ഥാപനങ്ങൾ പ്രതിജ്ഞാബദ്ധമാണെന്ന് ധർണ്ണ ഉൽഘാടനം ചെയ്ത ജില്ല പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണൻ പറഞ്ഞു. സർക്കാരിനൊപ്പം പൊതു സമൂഹത്തിന്റെ പിന്തുണയും സഹകരണവും ഭിന്നശേഷിക്കാർക്കും അവരുടെ രക്ഷിതാക്കൾക്കും ഉറപ്പാക്കണമെന്ന് ബേബി ബാലകൃഷ്ണൻ പറഞ്ഞു.

പെയ്ഡ് ജില്ല പ്രസിഡണ്ട് ടി.മുഹമ്മദ് അസ്ലം അദ്ധ്യക്ഷത വഹിച്ചു.നഗരസഭ കൗൺസിലർ കെ.കെ.ജാഫർ,റോട്ടറി സ്പെഷ്യൽ സ്കൂൾ ഡയറക്ടർ ഗജാനന കമ്മത്ത്,നവജീവൻ സ്പെഷ്യൽ സ്കൂൾ പ്രിൻസിപ്പാൾ സിസ്റ്റർ ഷെൻസി, പെയ്ഡ് സംസ്ഥാന കമ്മിറ്റി അംഗം എ.ടി.ജേക്കബ് എന്നിവർ പ്രസംഗിച്ചു.

ജില്ലയിലെ വിവിധ സ്പെഷ്യൽ സ്കൂളുകളിൽ നിന്നായി 500 ൽ പരം രക്ഷിതാക്കളും ജീവനക്കാരും അധ്യാപകരും ധർണ്ണയിൽ പങ്കെടുത്തു.പെയ്ഡ് ജില്ല ജനറൽ സെക്രട്ടറി സുബൈർ നീലേശ്വരം സ്വാഗതവും ജില്ല കോഡിനേറ്റർ റോട്ടറി സ്കൂൾ പ്രിൻസിപ്പാൾ ബീന സുകു നന്ദിയും പറഞ്ഞു.

പടം:പെയ്ഡ് നേതൃത്വത്തിൽ ബൗദ്ധീക വെല്ലുവിളികൾ നേരിടുന്നവരുടെ രക്ഷിതാക്കളും അദ്ധ്യാപകരും ജീവനക്കാരും കാഞ്ഞങ്ങാട് മിനി സിവിൽ സ്റ്റേഷന് മുന്നിൽ നടത്തിയ ധർണ്ണ ജില്ല പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണൻ ഉൽഘാടനം ചെയ്യുന്നു.

Back to Top