എഴുത്തുകാരനെ രൂപപ്പെടുത്തുന്നത് രാമായണവായന:ടി.പത്മനാഭൻ

Share

കാഞ്ഞങ്ങാട്: കഥയും കവിതയും എഴുതാൻ തുടങ്ങുന്നവർക്ക് അതിനുള്ള ഊർജം ലഭിക്കാൻ തുഞ്ചത്ത് എഴുത്തച്ഛന്റെ അദ്ധ്യാത്മരാമായണം കിളിപ്പാട്ട് നിരന്തരം വായിച്ചു ഭാഷാപ്രയോഗം സ്വായത്തമാക്കണമെന്ന് കഥാകുലപതി ടി.പത്മനാഭൻ അഭിപ്രായപ്പെട്ടു.പദങ്ങൾ തെറ്റു കൂടാതെ എഴുതാനാണ് എഴുത്തുകാരൻ ആദ്യം പഠിക്കേണ്ടത്. രാമായണവായനയിലൂടെ പദസ്വാധീനം ഇരട്ടിക്കുന്നു.രാമായണവും ശബ്ദതാരാവലിയും നിരന്തരം ഉപയോഗപ്പെടുത്തിയാൽ ഭാഷാശുദ്ധി കൈവരിക്കാൻ സാധിക്കും.കൈരളി ബുക്സ് പ്രസിദ്ധീകരിക്കുന്ന ഉബൈദ് മനൈക്കലിന്റെ കാണാമറയത്തെ ജീവിതങ്ങൾ എന്ന ചെറുകഥാസമാഹാരം പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.ചെറുകഥയുടെ കാലം മലയാളത്തിൽ മങ്ങി തുടങ്ങിയോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു വെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.കാഞ്ഞങ്ങാട് എംഎൽഎ ഇ.ചന്ദ്രശേഖരൻ പുസ്തകം ഏറ്റു വാങ്ങി.കൈരളി ബുക്സ് എഡിറ്റർ സുകുമാരൻ പെരിയച്ചൂർ, നിരൂപകൻ എം കെ അജയകുമാർ, തിരക്കഥാകൃത്ത് യു.പ്രസന്നകുമാർ, സംവിധായകൻ പ്രകാശ് വാടിക്കൽ,കവി പത്മനാഭൻ കാവുമ്പായി, സംവിധായകൻ ആസാദ് അലവിൽ, കാഞ്ഞങ്ങാട് പ്രസ്സ് ഫോറം സെക്രട്ടറി ബാബു കോട്ടപ്പാറ എന്നിവർ സംസാരിച്ചു.രാജേഷ് ഓൾനടിയൻ അദ്ധ്യക്ഷത വഹിച്ചു.ഉബൈദ് മനൈക്കൽ മറുമൊഴി നൽകി സംസാരിച്ചു.

പടം:ഉബൈദ് മനൈക്കലിന്റെ ” കാണാമറയത്തെ ജീവിതങ്ങൾ എന്ന ചെറുകഥാസമാഹാരം ഇ.ചന്ദ്രശേഖരൻ എം എൽ എയ്ക്ക് ആദ്യ പ്രതി നൽകി പ്രശസ്ത കഥാകൃത്ത് ടി.പത്മനാഭൻ പ്രകാശനം ചെയ്യുന്നു

Back to Top