കാമുകൻ നൽകിയ ശീതളപാനീയം കുടിച്ചതിന് പിന്നാലെ വയറുവേദന; പെൺകുട്ടിയുടെ മരണത്തിൽ ആരോപണവുമായി കുടുംബം

Share

കാമുകൻ നൽകിയ ശീതളപാനീയം കുടിച്ചതിന് പിന്നാലെ വയറുവേദന; പെൺകുട്ടിയുടെ മരണത്തിൽ ആരോപണവുമായി കുടുംബം

ഷാരോണിന്റെ കൊലപാതകത്തിന് പിന്നാലെ സമാന രീതിയിലാണ് മകളും മരിച്ചത് എന്ന ആരോപണവുമായി കുടുംബം രംഗത്ത്. നിദ്രവിളയിലെ കോളേജ് വിദ്യാർത്ഥിനി അഭിതയാണ് സമാന രീതിയിൽ മരിച്ചത് എന്നാണു ബന്ധുക്കൾ ആരോപണം ഉന്നയിക്കുന്നത്.

സെപ്തംബർ ഏഴിന് ഒറ്റയ്‌ക്ക് കാണണമെന്ന് യുവാവ് ആവശ്യപ്പെട്ടതിനെ തുടർന്ന് മകൾ കാമുകനെ കാണാൻ പോയിരുന്നു എന്നും, അവിടെ വച്ച് ഇയ്യാൾ നൽകിയ ശീതളപാനീയം അഭിത കുടിച്ചെന്നും അതിന്റെ പിറ്റേദിവസം മുതൽ വയറുവേദന അനുഭവപ്പെട്ടെന്നുമാണ് ബന്ധുക്കൾ പൊലീസിനോട് പറഞ്ഞത്. തുടർന്ന് അഭിതയെ മാർത്താണ്ഡത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് തുടർ ചികിത്സയ്‌ക്കായി തിരുവനന്തപുരത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അവിടെ ചികിത്സയിലിരിക്കുമ്പോഴാണ് അഭിത മരിച്ചത്.

സ്ലോപോയ്സൺ പോലെയുള്ള ദ്രാവകം ഉള്ളിൽ ചെന്നതായും വിദ്യാർത്ഥിനിയുടെ കരൾ പൂർണമായും തകരാറിലാണെന്നും പരിശോധിച്ച ഡോക്ടർ പറഞ്ഞിരുന്നതായി അഭിതയുടെ മാതാവ് പൊലീസിനോട് പറഞ്ഞു. എന്നാൽ പോസ്റ്റുമോർട്ടം റിപ്പോർട്ട് കിട്ടിയാൽ മാത്രമേ കൂടുതൽ അന്വേഷണം നടത്താനാകൂവെന്നാണ് പൊലീസിന്റെ വാദം. ഇന്നലെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഇൻക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറി. അഭിതയുടെ മാതാവ് തങ്കഭായി നൽകിയ പരാതിയിൽ തമിഴ്നാട് നിദ്രവിള പൊലീസ് കേസെടുത്തു.

Back to Top