ശക്തമായ മഴ ; ജില്ലയിൽ ഉരുൾപ്പൊട്ടൽ ഭീഷണിയും വർധിക്കുന്നു. 🖋️ പ്രതീഷ് ഒ

Share

കാഞ്ഞങ്ങാട്: അനധികൃത ക്വാറികൾ ശക്തമാകുന്നതും ഉപേക്ഷിച്ച ക്വാറികളിലെ വെള്ളക്കെട്ടും, മണ്ണെടുപ്പും ജില്ലയിലെ ഉരുൾപ്പൊട്ടൽ സാധ്യത വർധിക്കാൻ കാരണമാകുന്നു.കാഞ്ഞങ്ങാട് മണ്ഡലത്തിലെ കല്ലപ്പള്ളി ബട്ടോളി പ്രദേശങ്ങൾ കനത്ത മഴയിൽ ഉരുൾപൊട്ടൽ ഭീഷണിയിലാണ്.ഈ പ്രദേശങ്ങളിൽ തുടർച്ചയായി മണ്ണിടിഞ്ഞു കൊണ്ടിരിക്കുന്നു.മാലോം പുഞ്ചയിൽ വീട്ടുമുറ്റത്ത് ഉരുൾപൊട്ടൽ ഉണ്ടായതും വളരെ ഗൗരവകരമായി കാണേണ്ടതാണ്. ബലാൽ പഞ്ചായത്തിലെ ചെത്തിപ്പുഴ പുഞ്ച തട്ടിലാണ് ഉരുൾപൊട്ടിയത്. ആളപായം ഒന്നും ഉണ്ടായില്ലെങ്കിലും ജില്ലയിലെ മലയോര പ്രദേശങ്ങളിലെ ഉരുൾപൊട്ടൽ വളരെ ഗൗരവമായി കാണേണ്ടുന്ന ഒരു കാര്യം തന്നെയാണ്.മൂന്ന് ദിവസം മുമ്പ് കനത്ത മഴയിൽ പാണത്തൂർ സുള്ള്യ സംസ്ഥാനപാതയിൽ കഴിഞ്ഞ ദിവസം വരെയും അപകടകരമായ രീതിയിൽ മണ്ണിടിഞ്ഞു.ചെറുവത്തൂർ വീരമലക്കുന്ന് ഇടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടതും രണ്ടാഴ്ച മുൻപേ ആണ് .ബളാൽ കല്ലപ്പള്ളി പ്രദേശവും ഉരുൾപൊട്ടൽ ഭീഷണിയിലാണ്.കഴിഞ്ഞ വർഷങ്ങളിൽ തായന്നൂർ പനയാർകുന്ന്, മുക്കുഴി നായ്ക്കയം റോഡ്, ഒടയഞ്ചാൽ ടൗൺ ,ബലാൽ കോട്ടക്കുന്ന് മാലോം പ്രദേശങ്ങളിലും ഉരുൾ പൊട്ടിയിരുന്നു.സമൃദ്ധമായുള്ള അയേൺ ഓക്സൈഡ് കലർന്ന കാഠിന്യ മേറിയ കറുത്ത ചെങ്കല്ലുകളാണ് ഉരുൾപൊട്ടൽ ഭീഷണിയിൽ നിന്നും ജില്ലയിലെ ഭൂപ്രകൃതിയെ തടഞ്ഞ് നിർത്തുന്നത്. എന്നാൽ 90 ലധികം അനധികൃത ക്വാറികളാണ് കാഞ്ഞങ്ങാട് മണ്ഡലത്തിലെ മലയോര പഞ്ചായത്തുകളിൽ മാത്രം പ്രവർത്തിക്കുന്നത്. ഖനനം കഴിഞ്ഞ് ഉപേക്ഷിക്കപ്പെട്ട വലിയ പണകളും ഇതിൽ പെടും. മഴക്കാലത്ത് ഇതിലുണ്ടാകുന്ന വെള്ളക്കെട്ടാണ് ഉരുൾപൊട്ടൽ സാധ്യത വർധിപ്പിക്കുന്നത്. ഒരാഴ്ചയായി തുടരുന്ന ശക്തമായ മഴ ഇത്തരം അപകടങ്ങൾക്ക് വഴിയൊരുക്കും. ഇട നാടൻ ചെങ്കൽ കുന്നുകളാണ് ജില്ലയിലെ ഉരുൾപ്പൊട്ടലിൽ നിന്നും രക്ഷിക്കുന്നതെന്ന് കേന്ദ്ര സർവകലാശാല വിദ്യാർത്ഥികൾ നടത്തിയ പഠനത്തിൽ തെളിഞ്ഞിരുന്നു. ചെങ്കൽ , കരിങ്കൽ ക്വാറികൾക്ക് പുറമെ മണ്ണെടുപ്പും മലയോര പഞ്ചായത്തുകളിൽ ശക്തമാണ് . അജാനൂർ, മടിക്കൈ , കാഞ്ഞങ്ങാട് തദ്ദേശ സ്വയംഭരണ സഥാപനങ്ങളിലായി വ്യാപിച്ച് കിടക്കുന്ന മഞ്ഞം പൊതി കുന്നും മണ്ണെടുപ്പ് ഭീഷണിയിലാണ്.

ജില്ലയുടെ ഭൂപ്രകൃതിയിലെ ജൈവ സമ്പത്ത് തന്നെയാണ് ഇടനാടൻ ചെങ്കൽ കുന്നുകൾ. എന്നാൽ ലൈസൻസ് ഇല്ലാതെ കൃത്യമായ മാനദണ്ഡങ്ങൾ പാലിക്കാതെ നൂറിലധികം ചെങ്കൽ, കരിങ്കൽ ക്വാറികളാണ് ജില്ലയിൽ പ്രവർത്തിച്ചു വരുന്നു. ഇത് ഭൂപ്രദേശത്ത് ഗുരുതരമായ പാരിസ്ഥിതിക പ്രത്യാഘാതം ഉണ്ടാക്കുമെന്നുമാണ് അധികൃതരുടെ കണ്ടെത്തൽ. കേന്ദ്ര സർവകലാശാല ജിയോളജി വകുപ്പ് എം എസ് സി വിദ്യാർത്ഥി സുഹൈബ് സിബിലി ജില്ലയിലെ ഉരുൾപൊട്ടൽ സാധ്യതാ മേഖലകളിൽ നടത്തിയ പഠനത്തിലാണ് ഇത്തരം കണ്ടെത്തലുകളുള്ളത്. 2021 ജനുവരിയിലാണ് ജില്ലയിൽ വെള്ളരിക്കുണ്ട് ഭാഗം കേന്ദ്രീകരിച്ച് ഇവർ പഠനം നടത്തിയത്. അതിതീവ്ര ഉരുൾപൊട്ടൽ സാധ്യതാ മേഖലകളായ ബളാൽ, രാജപുരം, കോട്ടക്കുന്ന് മേഖലയിലും നമ്പ്യാർ മല , മാലോത്ത് തുടങ്ങിയ സ്ഥലങ്ങളും ഉൾപ്പൊട്ടൽ സാധ്യതാ മേഖലകളാണ്. 2020ൽ ഈ മേഖലയിൽ ഉരുൾപൊട്ടലുണ്ടായിരുന്നു. ഈ മേഖലയിൽ സമൃദ്ധമായി കണ്ടുവരുന്ന കാഠിന്യമേറിയ കറുത്ത ചെങ്കല്ലുകളാണ് ഭൂപ്രകൃതിയിലെ സന്തുലിതാവസ്ഥ നിലനിർത്തുന്നത്. ജില്ലയിൽ പശ്ചിമഘട്ട പർവ്വത നിരകളുടെ സാന്നിദ്ധ്യം കുറവാണ്. എണ്ണപ്പാറ- റാണീ പുരം മലനിരകളും, അടൂർ- തലക്കാവേരി മലനിരകളും മാത്രമാണ് പ്രധാനമായും സഹ്യപർവ്വതത്തിൻ്റെ ഭാഗമായുള്ളത്. ഉപഗ്രഹ വിദൂര സംവേദനങ്ങളുടെ സഹായത്തോടെയാണ് സംഘം കുന്നിൻ ചെരിവുകളുടെ ബലക്ഷയത്തെ കുറിപ്പ് പഠനം നടത്തിയിട്ടുള്ളത്.

 

Back to Top