ജീവിത പങ്കാളിയെ കൊലപ്പെടുത്തി മൃതദേഹം 20 കഷണങ്ങളാക്കി വെട്ടിനുറുക്കിതെളിവു നശിപ്പിക്കുന്നതിനായി മൃതദേഹ ഭാഗങ്ങൾ തെരുവുനായ്ക്കൾക്ക് ഭക്ഷണമായി നൽകിയെന്ന് സൂചന

Share

മുംബൈ : ജീവിത പങ്കാളിയെ കൊലപ്പെടുത്തി മൃതദേഹം 20 കഷണങ്ങളാക്കി വെട്ടിനുറുക്കി ഫ്ലാറ്റിൽ സൂക്ഷിച്ചതിന് അറസ്റ്റിലായ മനോജ് സാനെ (56), തെളിവു നശിപ്പിക്കുന്നതിനായി മൃതദേഹ ഭാഗങ്ങൾ തെരുവുനായ്ക്കൾക്ക് ഭക്ഷണമായി നൽകിയെന്ന് സൂചന. സാനെ പതിവില്ലാതെ നായ്ക്കൾക്ക് ഭക്ഷണം കൊടുക്കുന്നതു ശ്രദ്ധയിൽപ്പെട്ടിരുന്നതായി അയൽക്കാർ നൽകിയ മൊഴിയാണ് സംശയത്തിനു കാരണം. മൃതദേഹ ഭാഗങ്ങളിൽ ചിലത് സമീപത്ത് അഴുക്കുചാലിൽ ഒഴുക്കിയതായും സൂചനയുണ്ട്.

പ്രതിക്കൊപ്പം താമസിച്ചിരുന്ന സരസ്വതി വൈദ്യ (32) എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. പൊലീസ് നടത്തിയ പരിശോധനയിൽ കഷണങ്ങളായി മുറിച്ച മൃതദേഹ ഭാഗങ്ങളിൽ ചിലത് കണ്ടെടുക്കാനായിരുന്നില്ല. ഇതിനിടെയാണ്, മൃതദേഹ ഭാഗങ്ങൾ തെരുവുനായ്ക്കൾക്ക് ഭക്ഷണമായി നൽകിയെന്ന സംശയം ഉയരുന്നത്. സരസ്വതിയുടെ മൃതദേഹ ഭാഗങ്ങളിൽ ചിലത് സാനെ പ്രഷർ കുക്കറിലിട്ട് വേവിച്ചതായി പൊലീസ് കണ്ടെത്തിയിരുന്നു.

മീരാറോഡ് ഈസ്റ്റിലെ താമസ സമുച്ചയത്തിലെ ഏഴാം നിലയിലാണ് ഇവർ താമസിച്ചിരുന്നത്. ദുർഗന്ധം വന്നതിനെത്തുടർന്ന് അയൽക്കാർ അറിയിച്ചതിനു പിന്നാലെ പൊലീസ് പൂട്ട് തകർത്ത് അകത്തുകയറി പരിശോധിച്ചപ്പോഴാണ് ക്രൂരമായ കൊലപാതകം പുറത്തറിഞ്ഞത്.

ശരീരഭാഗങ്ങൾ മുറിച്ച് കവറുകളിലാക്കി ബക്കറ്റുകളിലും വാഷ് ബെയ്സിനിലും അടുക്കളയിലെ സ്റ്റാൻഡിലുമാണ് സൂക്ഷിച്ചിരുന്നത്. കുറച്ചു ഭാഗങ്ങൾ കുക്കറിൽ വേവിച്ച ശേഷമാണ് കവറിലാക്കിയതെന്നും പൊലീസ് പറയുന്നു. മൃതദേഹത്തിന് നാലു ദിവസത്തെ പഴക്കമുണ്ടെന്നു പൊലീസ് പറഞ്ഞു.

എന്നാൽ, സരസ്വതി വിഷം കഴിച്ച് ജീവനൊടുക്കിയെന്നും അറസ്റ്റ് ഭയന്നാണ് മൃതദേഹം കഷണങ്ങളാക്കി ഉപേക്ഷിക്കാൻ ശ്രമിച്ചതെന്നും പ്രതി മൊഴി നൽകി. സാനെ റേഷൻ കടയിലാണു ജോലി ചെയ്തിരുന്നത്. മാതാപിതാക്കളോ ബന്ധുക്കളോ ഇല്ലാതിരുന്ന സരസ്വതിയെ 15 വർഷം മുമ്പാണ് പരിചയപ്പെട്ടത്. ഇരുവരും ഒരുമിച്ചായിരുന്നു താമസമെങ്കിലും കലഹം പതിവായിരുന്നുവെന്ന് അയൽക്കാർ പൊലീസിനു മൊഴി നൽകിയിട്ടുണ്ട്.

Back to Top