കണ്ണൂരിൽ ട്രെയിനിൽ തീപിടിത്തം; ഷാറുഖ് സെയ്‌ഫി കത്തിച്ച അതേ ട്രെയിൻ

Share

കണ്ണൂർ : റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ട ട്രെയിനിന്റെ ബോഗി കത്തിനശിച്ചു. മൂന്നാം പ്ലാറ്റ് ഫോമിനു സമീപം ഏട്ടാമത്തെ യാർഡിൽ ഹാൾട്ട് ചെയ്തിരുന്ന ആലപ്പുഴ – കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ് ട്രെയിനിന്റെ ബോഗിയാണ് കത്തിയത്. രാത്രി ഒന്നരയോടെയാണ് സംഭവം. ആർക്കും പരുക്കില്ല. ട്രെയിനിലെ തീപിടിത്തത്തില്‍ അട്ടിമറിയുണ്ടെന്ന് സംശയിക്കുന്നതായി റെയില്‍വേ പൊലീസ് പറഞ്ഞു.

രാത്രി 11.45നാണ് ട്രെയിന്‍ കണ്ണൂരില്‍ യാത്ര അവസാനിപ്പിച്ചത്. ഒരു ബോഗി പൂർണമായും കത്തിനശിച്ചു. പുറമേനിന്നു തീയിട്ടതാകാമെന്നാണ് പ്രാഥമിക നിഗമനം. ഏറ്റവും പിറകിലെ മൂന്നാമത്തെ ബോഗിയാണ് കത്തിയത്. മൂന്ന് യൂണിറ്റ് അഗ്നിശമന സേനാ സംഘം ഏറെ നേരം പ്രയത്നിച്ചാണ് നിയന്ത്രണ വിധേയമാക്കിയത്. സമീപ ബോഗികൾക്ക് കേടുപാട് ഉണ്ടായിട്ടില്ല.

തീ ഉയരുന്നത് റെയിൽവേ ജീവനക്കാരാണ് ആദ്യം കണ്ടത്. അഗ്നിശമന സേനയുടെ വാഹനത്തിന് ഇവിടേക്ക് എത്താൻ തടസമായത് പ്രതിസന്ധിക്ക് ഇടയാക്കി. കോഴിക്കോട് എലത്തൂരിൽ ഷാറുഖ് സെയ്‌ഫി കത്തിച്ച അതേ ട്രെയിനിലാണു തീപിടിത്തമുണ്ടായത്. ഇന്ന് ഉച്ചയ്ക്ക് ഇന്റർസിറ്റി എക്സ്പ്രസായി സർവീസ് നടത്തേണ്ടതാണ്.

 

ആലപ്പുഴ–കണ്ണൂർ എക്സിക്യൂട്ടിവ് എക്സ്പ്രസിലുണ്ടായ തീപിടിത്തത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. കാനുമായി ഒരാൾ ട്രെയിനിനു സമീപം എത്തുന്നതാണ് ദൃശ്യങ്ങളിലുള്ളത്. പുലർച്ചെ ഒന്നരയോടെ ട്രെയിനിൽനിന്ന് പുക ഉയരുകയായിരുന്നു എന്ന് ദൃക്സാക്ഷി പറഞ്ഞു.

ഉടൻതന്നെ തീ ആളിക്കത്തിയെന്നും ദൃക്സാക്ഷി ജോർജ് വെളിപ്പെടുത്തി. അഗ്നിരക്ഷാ സേനയെത്തി 45 മിനിറ്റിനുള്ളിൽ തീ അണച്ചു. എൻജിൻ വേർപെടുത്തിയ ശേഷമാണ് തീപിടിത്തമുണ്ടായത്. എൻജിൻ വേർപെടുത്തിയാൽ ഷോർട്ട് സർക്യൂട്ടിനുള്ള സാധ്യത കുറവാണെന്നും അദ്ദേഹം പറയുന്നു.

ട്രെയിൻ തീവയ്പ് കേസിൽ എൻഐഎ കേരള പൊലീസിനോടു വിവരങ്ങൾ തേടി. സംസ്ഥാന പൊലീസിൽനിന്നും റെയിൽവേ പൊലീസിൽനിന്നുമാണു വിവരം തേടുക. തീവയ്പ്പിൽ അട്ടിമറി സംശയിക്കുന്ന സാഹചര്യത്തിലാണ് എൻഐഎ വിവരങ്ങൾ തേടുന്നത്. ഏപ്രിൽ രണ്ടിന് എലത്തൂരുണ്ടായ ട്രെയിൻ തീവയ്പ് കേസും നിലവിൽ എൻഐഎയുടെ അന്വേഷണത്തിലാണ്.

അതേസമയം, കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ട്രെയിനു തീപിടിച്ച സംഭവത്തില്‍ ഒഴിവായതു വന്‍ ദുരന്തം. അഗ്നിക്കിരയായ ആലപ്പുഴ – കണ്ണൂര്‍ ഇന്റര്‍സിറ്റിയുടെ പിന്‍ഭാഗത്തെ ജനറല്‍ കോച്ചും ബിപിസിഎലിന്റെ ഇന്ധന സംഭരണിയും തമ്മില്‍ വെറും 100 മീറ്ററിന്റെ അകലം മാത്രമാണ് ഉണ്ടായിരുന്നത്. വലിയ അപകടമാണ് ഒഴിവായതെന്നു വിദഗ്ധര്‍ പറയുന്നു.

കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ട ട്രെയിനിന്റെ ബോഗിയാണ് പുലർച്ചെ ഒന്നരയോടെ കത്തിനശിച്ചത്. മൂന്നാം പ്ലാറ്റ്ഫോമിനു സമീപം ഏട്ടാമത്തെ യാർഡിൽ ഹാൾട്ട് ചെയ്തിരുന്ന ആലപ്പുഴ – കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ് ട്രെയിനിന്റെ ബോഗിയാണ് കത്തിയത്. രാത്രി ഒന്നരയോടെയാണ് സംഭവം. ആർക്കും പരുക്കില്ല. ട്രെയിനിലെ തീപിടിത്തത്തില്‍ അട്ടിമറിയുണ്ടെന്നു സംശയിക്കുന്നതായി റെയില്‍വേ പൊലീസ് പറഞ്ഞു.

Back to Top