പുഴുങ്ങിയ മുട്ട, തേൻ, കുടംപുളി, ജാതിക്ക തുടങ്ങി എന്തു നൽകിയാലും കൈക്കൂലിയായി വാങ്ങും

മണ്ണാർക്കാട്∙ കൈക്കൂലി വാങ്ങുന്നതിനിടെ അറസ്റ്റിലായ വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് വി.സുരേഷ്കുമാർ കൈക്കൂലി ലഭിക്കാതെ ഒന്നും ചെയ്യില്ലെന്ന് നാട്ടുകാർ. പുഴുങ്ങിയ മുട്ട, തേൻ, കുടംപുളി, ജാതിക്ക തുടങ്ങി എന്തു നൽകിയാലും കൈക്കൂലിയായി വാങ്ങുമെന്നും നാട്ടുകാർ പറഞ്ഞു. അതേസമയം, തൃശൂർ വിജിലൻസ് കോടതി സുരേഷ് കുമാറിനെ 14 ദിവസത്തേക്കു റിമാൻഡ് ചെയ്തു. ജൂൺ 7ന് കേസ് വീണ്ടും പരിഗണിക്കും.
കൈക്കൂലി നൽകുന്നതുവരെ നടപടിയെടുക്കാതെ അപേക്ഷ പിടിച്ചുവയ്ക്കും. മലയോര കർഷകർ മുൻപ് പരാതി നൽകിയെങ്കിലും നടപടി ഉണ്ടായില്ല. വിജിലന്‍സിനെ കൊണ്ടു പിടിപ്പിക്കുമെന്ന് നാട്ടുകാര്‍ മുന്നറിയിപ്പു നല്‍കിയിരുന്നു. അതേ സമയം, സുരേഷ് കൈക്കൂലി വാങ്ങുന്നതായി പരാതി ലഭിച്ചിട്ടില്ലെന്ന് പാലക്കയം വില്ലേജ് ഓഫിസർ പി.ഐ.സജീത് പറഞ്ഞു. കൈക്കൂലി വാങ്ങുന്നതായി സംശയം തോന്നിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രിയും കലക്ടറും പങ്കെടുത്ത റവന്യു അദാലത്തിന്റെ പരിസരത്തു കൈക്കൂലി വാങ്ങുന്നതിനിടെയാണ് വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് വി.സുരേഷ്കുമാർ വിജിലൻസിന്റെ പിടിയിലായത്. മണ്ണാർക്കാട് പച്ചക്കറി മാർക്കറ്റിന് എതിർവശത്തുള്ള താമസസ്ഥലത്തു നടത്തിയ റെയ്ഡിൽ 35 ലക്ഷം രൂപ പണമായും 45 ലക്ഷം രൂപയുടെ സ്ഥിര നിക്ഷേപ രേഖകളും 17 കിലോ നാണയങ്ങളും 25 ലക്ഷം രൂപയുടെ സേവിങ്സ് അക്കൗണ്ട് രേഖകളും ഉൾപ്പെടെ 1.05 കോടിയുടെ പണവും രേഖകളും കണ്ടെടുത്തു.
ഇന്നലെ വൈകീട്ട് ആരംഭിച്ച റെയ്ഡ് രാത്രി 8.30-നാണ് അവസാനിച്ചത്. തൊട്ടടുത്ത വ്യാപാര സ്ഥാപനത്തില്‍ നിന്നെടുത്ത നോട്ടെണ്ണല്‍ യന്ത്രം ഉപയോഗിച്ചാണ് ഉദ്യോഗസ്ഥര്‍ പണം എണ്ണിത്തിട്ടപ്പെടുത്തിയത്. 20 വര്‍ഷത്തോളമായി മണ്ണാര്‍ക്കാട് താലൂക്കിലെ വിവിധ വില്ലേജുകളിലായി സേവനം അനുഷ്ഠിച്ചയാളാണ് തിരുവനന്തപുരം സ്വദേശിയായ സുരേഷ് കുമാര്‍. നഗരമധ്യത്തിലെ മണ്ണാര്‍ക്കാട് വില്ലേജ് ഓഫിസിനടുത്തുള്ള ജി.ആര്‍.ഷോപ്പിങ് കോംപ്ലക്സിലെ ഒറ്റമുറിയിലാണ് കഴിഞ്ഞ 10 വര്‍ഷമായി ഇയാള്‍ താമസിക്കുന്നത്.
ആരോടും അടുപ്പം സൂക്ഷിക്കാത്ത പ്രകൃതമാണ്. മുറി വൃത്തിയാക്കുന്ന പതിവില്ലായിരുന്നുവെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. നേരത്തെ അട്ടപ്പാടിയിലാണ് ഇയാള്‍ ജോലിചെയ്തിരുന്നത്. 2014 മുതൽ മണ്ണാർക്കാട് മേഖലയിലാണു സുരേഷ്കുമാർ ജോലി ചെയ്യുന്നത്.
മന്ത്രി കെ.കൃഷ്ണൻകുട്ടി, എൻ.ഷംസുദ്ദീൻ എംഎൽഎ, ജില്ലാ കലക്ടർ ഡോ.എസ്.ചിത്ര, സബ് കലക്ടർ ഡി.ധർമലശ്രീ തുടങ്ങിയവർ മണ്ണാർക്കാട് എംഇഎസ് കല്ലടി കോളജ് ഓഡിറ്റോറിയത്തിൽ ‘കരുതലും കൈത്താങ്ങും’ അദാലത്തിൽ പങ്കെടുക്കുന്നതിനിടെയാണു പുറത്തു കൈക്കൂലിക്കേസിൽ വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് പിടിയിലായത്.
വസ്തുവിന്റെ ലൊക്കേഷൻ സർട്ടിഫിക്കറ്റ് നൽകുന്നതിന് 2,500 രൂപ കൈക്കൂലി വാങ്ങുന്നതിനിടയിലാണു സുരേഷ്കുമാർ അറസ്റ്റിലായത്. മഞ്ചേരി സ്വദേശിയായ പരാതിക്കാരൻ 45 ഏക്കർ സ്ഥലത്തിന്റെ ലൊക്കേഷൻ സർട്ടിഫിക്കറ്റിനായി ദിവസങ്ങൾക്കു മുൻപു വില്ലേജ് ഓഫിസിൽ അപേക്ഷ നൽകിയിരുന്നു. തുടർന്ന് സർട്ടിഫിക്കറ്റിനായി വില്ലേജ് ഓഫിസിൽ അന്വേഷിച്ചപ്പോൾ ഫയൽ വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് വി.സുരേഷ്കുമാറിന്റെ കൈവശമാണെന്നറിഞ്ഞു. ഫോണിൽ വിളിച്ചപ്പോൾ 2,500 രൂപ കൈക്കൂലി ആവശ്യപ്പെടുകയും പണവുമായി മണ്ണാർക്കാട് താലൂക്ക് തല റവന്യു അദാലത്ത് നടക്കുന്ന എംഇഎസ് കോളജിൽ എത്താൻ ആവശ്യപ്പെടുകയും ചെയ്തു.
പരാതിക്കാരൻ ഈ വിവരം പാലക്കാട് വിജിലൻസ് യൂണിറ്റ് ഡിവൈഎസ്പി ഷംസുദ്ദീനെ അറിയിക്കുകയും തുടർന്നു പിടികൂടുകയുമായിരുന്നു. ഇതേ വസ്തു ലാൻഡ് അസൈൻമെന്റ് (എൽഎ) പട്ടയത്തിൽ ഉൾപ്പെട്ടതല്ലെന്ന സർട്ടിഫിക്കറ്റിനായി പരാതിക്കാരനിൽ നിന്ന് 6 മാസം മുൻപ് 10,000 രൂപയും പൊസഷൻ സർട്ടിഫിക്കറ്റിനായി അഞ്ചു മാസം മുൻപ് 9,000 രൂപയും സുരേഷ്കുമാർ വാങ്ങിയിരുന്നു. ലൊക്കേഷൻ സർട്ടിഫിക്കറ്റിനായി അപേക്ഷ സമർപ്പിച്ച സമയത്ത് 500 രൂപ വാങ്ങിയിരുന്നു.