പൂച്ചക്കാട് ഗഫൂർ ഹാജിയുടെ മരണം: കർമ്മസമിതി സമരത്തിലേയ്ക്ക്

Share

പൂച്ചക്കാട് : ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ട പൂച്ചക്കാട് ഗഫൂർ ഹാജിയുടെ ആന്തരികാവയവങ്ങളുടെ രാസപരിശോധന ഫലം വൈകുന്നതിൽ പ്രതിഷേധിച്ചും, അന്വേഷണ വേഗത ഊർജിതപ്പെടുത്തണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ഗഫൂർ ഹാജി കർമ്മസമിതിയുടെ നേതൃത്വത്തിൽ മെയ് 24ന് വൈകുന്നേരം 4 മണിക്ക് പൂച്ചക്കാട് ടൗണിൽ ബഹുജന സായാഹ്ന സദസ്സ് സംഘടിപ്പിക്കാൻ ആക്ഷൻ കമ്മിറ്റി യോഗം തീരുമാനിച്ചു. സി.എച്ച്.കുഞ്ഞമ്പു എം.എൽ.എ പരിപാടി ഉദ്ഘാടനം ചെയ്യും.

അന്വേഷണം വേഗത്തിൽ പൂർത്തിയാക്കി കുറ്റക്കാരെ നിയമത്തിനു മുമ്പിൽ കൊണ്ട് വരണമെന്നും അല്ലാത്തപക്ഷം വഴിതടയൽ, പോലീസ് സ്റ്റേഷൻ മാർച്ച് ഉൾപ്പെടെയുള്ള ബഹുജന പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു.

ആക്ഷൻ കമ്മിറ്റി ചെയർമാൻ അസൈനാർ ആമു ഹാജി അധ്യക്ഷനായി. കൺവീനർ സുകുമാരൻ പൂച്ചക്കാട് നിലവിലെ സാഹചര്യം വിശദീകരിച്ചു. പൂച്ചക്കാട് ജുമാ മസ്ജിദ് പ്രസിഡണ്ട് തർക്കാരി മുഹമ്മദ് കുഞ്ഞി ഹാജി, ആക്ഷൻ കമ്മിറ്റി ഭാരവാഹികളായ ബി.എം.മൂസ, എം.എ.ലത്തീഫ്, അബ്ദുൾ റഹ്മാൻ മാസ്റ്റർ, ബി.കെ.ബഷീർ, കപ്പണ അബൂബക്കർ, കെ.എസ്.മുഹാജിർ, അബ്ദുൾ ലത്തീഫ് ടി.എം, മുഹമ്മദലി ഹാജി പൂച്ചക്കാട്, അലി പൂച്ചക്കാട്, പി. കുഞ്ഞാമദ്, മാഹിൻ പൂച്ചക്കാട്, സെഷാദ് ഖുർഹാൻ, ബഷീർ പി.എ, അബ്ദുൾ അസീസ്, മുനീർ തമന്ന, കുഞ്ഞാമത് പൂച്ചക്കാട് എന്നിവർ സംസാരിച്ചു.

ഏപ്രിൽ 14 ന് പുലർച്ചെയാണ് പ്രവാസി വ്യവസായിയായ പൂച്ചക്കാട് ഫാറൂഖിയ മസ്ജിദിന് സമീപത്തെ ബൈത്തുൽ റഹ്മയിലെ എം.സി. ഗഫൂർ ഹാജിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിൽ നിന്നും 595 പവൻ സ്വർണ്ണവും നഷ്ടപ്പെട്ടിട്ടുണ്ട്. ജില്ലയുടെ ചാർജ് വഹിക്കുന്ന മന്ത്രി അഹമ്മദ് ദേവർ കോവിലിനും, ജില്ലയിലെത്തിയ പ്രതിപക്ഷ നേതാവ് വി ഡി സതീഷനും, ജില്ലാ കളക്ടർക്കും, ജില്ലാ പോലീസ് മേധാവിക്കും അക്ഷൻ കമ്മിറ്റി ഭാരവാഹികൾ നേരത്തെ നേരിൽ കണ്ട് നിവേദനം നൽകിയിരുന്നു.

Back to Top