പട്ടാപ്പകൽ നഗരമധ്യത്തിലെ ലോഡ്ജ് മുറിയിൽ യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ പ്രതിയായ സതീഷ് ഭാസ്കറിനെ കോടതി റിമാൻഡ് ചെയ്തു

Share

കാഞ്ഞങ്ങാട് ∙ പട്ടാപ്പകൽ നഗരമധ്യത്തിലെ ലോഡ്ജ് മുറിയിൽ യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ പ്രതിയായ സതീഷ് ഭാസ്കറിനെ കോടതി റിമാൻഡ് ചെയ്തു.   ഉദുമ ബാര സ്വദേശി പി.ബി.ദേവികയെ ആണ് സതീഷ് കഴുത്തറത്തു കൊലപ്പെടുത്തിയത്.

കൊല നടത്തിയ ശേഷം പ്രതി കത്തിയുമായി നേരെ പൊലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങുകയായിരുന്നു. ഇതിന് പുറമേ മുറിയിൽ നിന്നു മറ്റു രണ്ടു കത്തികൾ കൂടി പൊലീസ് കണ്ടെടുത്തു. പ്രതിയുടെ ഫോണും‍ കസ്റ്റഡിയിൽ എടുത്തു. ഫോൺ രേഖകളുടെ പരിശോധനയും ആരംഭിച്ചിട്ടുണ്ട്.  പൊലീസ് കസ്റ്റഡിയിൽ ഉണ്ടായിരുന്ന പ്രതിയുടെ അറസ്റ്റ് ഇന്നലെ രാവിലെയാണ് രേഖപ്പെടുത്തിയത്. വൈകിട്ടോടെ കോടതിയിൽ ഹാജരാക്കി.

പൊലീസ് പ്രാഥമിക അന്വേഷണം നടത്തിയ ശേഷം പ്രതിയെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും. തന്നെ സ്വസ്ഥമായി ജീവിക്കാൻ അനുവദിക്കാത്തതാണ് കൊലപാതകത്തിനുള്ള കാരണമെന്നാണ് സതീഷ് പൊലീസിന് മൊഴി നൽകിയത്. ഇത് പൊലീസ് പൂർണമായി വിശ്വസിച്ചിട്ടില്ല. വരും ദിവസങ്ങളിലെ അന്വേഷണത്തിന് ശേഷമേ ഇക്കാര്യത്തിൽ വ്യക്തത വരികയുള്ളൂ എന്ന് ഇൻസ്പെക്ടർ കെ.പി.ഷൈൻ പറഞ്ഞു. അതേസമയം പരിയാരം കണ്ണൂർ മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം ദേവികയുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. തുടർന്നു മുക്കുന്നോത്തെ വീട്ടുവളപ്പിൽ സംസ്കരിച്ചു.

Back to Top