ഭക്തിഭാവത്തിന്റെ ആത്മാംശമാണ് സംഗീതം: സ്വാമി മുക്താനന്ദ

Share

മോഹനം ഗുരുസന്നിധി സംഗീത പുരസ്കാരം പ്രൊഫ:വൈക്കം വേണുഗോപാലന് സമർപ്പിച്ചു.

✍️ സുകുമാർ ആശീർവാദ്:

മാവുങ്കാൽ: ഭക്തിഭാവത്തിന്റെ ആത്മാംശവും ഈശ്വര സാക്ഷാൽക്കാരത്തിലേക്കുള്ള മാർഗ്ഗവുമാണ് സാമവേദത്തിൽ ഉൽഭവിച്ചതായി എന്ന് വിശ്വസിച്ച് സഞ്ചരിച്ചു പോകുന്ന കർണ്ണാടക സംഗീതം.അടിമുടി ഈശ്വരനോടുളള പ്രാർത്ഥനയാണ് സംഗീതോപാസന. അത് അർപ്പണ മനോഭാവവും ത്യാഗസനദ്ധതയും കൂടി ചേർന്നതാണെന്നും,സംഗീത ത്രിമൂർത്തികളായ ത്യാഗരാജ സ്വാമികൾ-മുത്തുസ്വാമി ദീക്ഷിതർ-ശ്യാമശാസ്ത്രികൾ എന്നീ ഇതിഹാസ സംഗീത കുലപതികളും പുരന്ദരദാസരും, സ്വാതി തിരുന്നാൾ മഹാരാജാവും ആ രീതിയിൽ സംഗീതം ഉപവസിച്ചിവരായിരുന്നു എന്ന് ആനന്ദാശ്രമം മഠാധിപതി സ്വാമി മുക്താനന്ദ പറഞ്ഞു.

കാഞ്ഞങ്ങാട്-കൊടവലം മോഹനം ഗുരുസന്നിധിയുടെ മൂന്നാം വാർഷീകാഘോഷവും മോഹനം ഗുരുസന്നിധി ഏർപ്പെടുത്തിയ സംഗീത പുരസ്കാരം പ്രശസ്ത മൃദംഗ വിദ്വാൻ പ്രൊ: വൈക്കം വേണുഗോപാലന് സമർപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശാന്തിയും സമാധാനവും പകരുന്ന ഈശ്വരോപാസനയാണ് സംഗീതോപാസന; സംഗീത കലയെ ഉപവസിക്കുന്നവരോടൊപ്പം ഈ രംഗത്ത് ശ്രേഷ്ഠമായ സംഭാവനകൾ നൽകിയ സമുന്നത പ്രതിഭാധനൻമാരെ കണ്ടെത്തി അവർക്ക് അർഹിക്കുന്ന രീതിയിൽ ആദരവ് നൽകുന്നത് തികച്ചും ഗ്ലാഘനീയമാണെന്നും മോഹനം ഗുരുസന്നിധിയിലൂടെ ഈ പ്രദേശത്തുള്ള സംഗീത വിദ്യാർത്ഥികൾക്ക് സംഗീതത്തിന്റെ അനശ്വര വൈഭവവും ഈശ്വര ചൈതന്യവും കൈവന്നിരിക്കുകയാണ്‌,

ശുദ്ധസംഗീതവഴിയിൽ നിലകൊള്ളുന്ന മോഹനം ഗുരുസന്നിധി നാടിന്റെ അഭിമാനമാണെന്നും സ്വാമി മുക്താനന്ദ അനുഗ്രഹ പ്രഭാഷണത്തിൽ പറഞ്ഞു. മാവുങ്കാൽ ശ്രീരാമക്ഷേത്രാങ്കണത്തിൽ നടന്ന ചടങ്ങിൽ പ്രശസ്ത സംഗീതജ്ഞനും മോഹനം ഗുരുസന്നിധി ചെയർമാനുമായ ടി.പി. ശ്രീനിവാസൻ മാസ്റ്റർ അദ്ധ്യക്ഷം വഹിച്ചു. പ്രശസ്ത ചിത്രകാരൻ പല്ലവ നാരായണൻ ആമുഖ പ്രഭാഷണം നടത്തി. കവി ദിവാകരൻ വിഷ്ണു മംഗലം ” നാദം ” എന്ന കവിത അവതരിപ്പിച്ച് സംസാരിച്ചു. പ്രശസ്ത ഗാനരചയിതാവ് ഗോപകുമാർ നെല്ലിയടുക്കം, കാഞ്ഞങ്ങാട് സദ്ഗുരുത്വാഗബ്രഹ്മ സംഗീത സഭ സെക്രട്ടറിയും സംഗീതജ്ഞനുമായ ടി.പി. സോമശേഖരൻ എന്നിവർ സംസാരിച്ചു.പുരസ്കാര ജേതാവ് പ്രൊ: വൈക്കം വേണുഗോപാൽ മറുപടി പ്രസംഗം നടത്തി. കെ.പി. മനോജ് കുമാർ പയ്യന്നൂർ കൃതജ്ഞത രേഖപ്പെടുത്തി.

തുടർന്ന് പ്രശസ്ത സംഗീതജ്ഞൻ ബാംഗ്ലൂർ ജി. രവി കിരൺ അവതരിപ്പിച്ച സംഗീത കച്ചേരി ആസ്വാദക സദസ്സിന് അവിസ്മരണീയ മുഹൂർത്തങ്ങൾ സമ്മാനിച്ചു. തിരുവനന്തപുരം എൻ.സമ്പത്ത് വയലിനിലും,പ്രൊ: വൈക്കം വേണുഗോപാൽ മൃദംഗത്തിലും,തിരുവനന്തപുരം രാജേഷ് ഘടത്തിലും, രാജീവ് വെള്ളിക്കോത്ത് മുഖർശംഖിലും കച്ചേരിക്ക് അകമ്പടി സേവിച്ചു.

വാർഷികാഘോഷങ്ങൾക്ക് സമാരംഭം കുറിച്ച് 50 ഓളം സംഗീതോപാസകർ ചേർന്ന് ത്യാഗരാജ സ്വാമികൾക്ക് ശ്രദ്ധാഞ്ജലിയർപ്പിച്ച് അദ്ദഹത്തിന്റെ അനശ്വര കൃതികളടങ്ങിയ പഞ്ചരത്ന കീർത്തനാലപനവും സദസ്സിന് സമ്മാനിച്ചു.സൗരാഷ്ട്ര രാഗത്തിൽ തുടങ്ങുന്ന ശ്രീ ഗണപതിനി….. സേവിംപരാ.. രേ..എന്ന് തുടങ്ങി ശ്രീരാഗത്തിലുള്ള വിശ്വപ്രസിദ്ധമായ എന്തൊരു മഹാനുഭാവുലു… എന്ന കൃതികളോടെ സമാപിക്കുന്ന ഗാന നിർഝരിയാണ് പഞ്ചരത്ന കീർത്തനാലാപനം സംഗീത പൂർണ്ണശ്രീ കാഞ്ഞങ്ങാട് ടി.പി. ശ്രീനിവാസൻ മാസ്റ്റർ നേതൃത്വം നൽകി.

വിവിധ ദേശത്തുളള ശിഷ്യഗണങ്ങൾ സംഗീതാരാധനയും നടത്തി വാർഷികാഘോഷങ്ങളെ ധന്യമാക്കി.

പടം:( 1 ) കാഞ്ഞങ്ങാട് കൊടവലം മോഹനം ഗുരുസന്നിധിയുടെ മൂന്നാം വാർഷികാഘോഷങ്ങളും പുരസ്കാരദാന സമർപ്പണ ചടങ്ങും ആനന്ദാശ്രമം മഠാധിപതി സ്വാമി മുക്താനന്ദ ഉൽഘാടനം ചെയ്യുന്നു.

പടം:( 2 ) മോഹനം ഗുരുസന്നിധി ഏർപ്പെടുത്തിയ ഈ വർഷത്തെ സംഗീത പുരസ്കാരം പ്രശസ്ത മൃദംഗ വിദ്വാൻ പ്രൊ: വൈക്കം വേണുഗോപാലിന് ആനന്ദാശ്രമം മഠാധിപതി സ്വാമി മുക്താനന്ദ സമർപ്പിക്കുന്നു

Back to Top