കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയെ തറപറ്റിച്ച് കോൺഗ്രസിന്റെ തേരോട്ടം

Share

ബെംഗളൂരു∙ കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയെ തറപറ്റിച്ച് കോൺഗ്രസിന്റെ തേരോട്ടം. ദക്ഷിണേന്ത്യയിൽ ബിജെപി അധികാരത്തിലുണ്ടായിരുന്ന ഏക സംസ്ഥാനമാണ് കോൺഗ്രസ കൈപ്പിടിയിലൊതുക്കിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടെത്തി പ്രചരണം നടത്തിയെങ്കിലും തുടർഭരണം നൽകില്ല എന്ന ചരിത്രം തിരത്താൻ കഴിയാതെ ബിജെപി വൻ പരാജയത്തിലേക്ക് കൂപ്പുകുത്തി. എക്സിറ്റ് പോളിൽ പ്രതീക്ഷ അർപ്പിച്ച് ‘കിങ് മേക്കറാ’കാൻ കാത്തിരുന്ന ജെഡിഎസിനും കാലിടറി. 224 അംഗ നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ വൈകിട്ട് ആറു വരെയുള്ള കണക്കു പ്രകാരം 136 സീറ്റുകളിൽ കോൺഗ്രസ് മുന്നേറുകയാണ്. ബിജെപി 64 ഇടത്തും ജെഡിഎസ് 20 ഇടത്തും മറ്റുള്ളവർ നാലിടത്തും മുന്നേറുന്നു.

2018ലെ തിരഞ്ഞെടുപ്പിൽ ബിജെപി നേടിയത് 104 സീറ്റായിരുന്നു. അന്ന് 37 സീറ്റ് നേടിയ ജെഡിഎസും 80 സീറ്റ് നേടിയ കോൺഗ്രസും ചേർന്ന് സര്‍ക്കാർ രൂപീകരിച്ചു. എന്നാൽ ഒരു വർഷത്തിനു ശേഷം സഖ്യസർക്കാരിലെ 17 എംഎൽഎമാർ രാജിവച്ചതോടെയാണ് ബിജെപി അധികാരം നേടുന്നത്.

ഇക്കുറി കോൺഗ്രസിന്റെ പ്രമുഖ നേതാക്കളെല്ലാം വിജയിച്ചു കയറിയപ്പോൾ ബിജെപി വിട്ട് എത്തിയ ജഗദീഷ് ഷെട്ടർ ഹുബ്ബള്ളി–ധാർവാഡ് മണ്ഡ‍ലത്തിൽ പരാജയപ്പെട്ടു. കർണാടക പിസിസി അധ്യക്ഷൻ ഡി.കെ.ശിവകുമാർ കനകപുരയിൽ വമ്പിച്ച ഭൂരിപക്ഷത്തിൽ വിജയിച്ചു. സിപിഎം ഏറെ പ്രതീക്ഷ പുലർത്തിയ ബാഗേപ്പള്ളി കോൺഗ്രസ് പിടിച്ചെടുത്തു. മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ ശിഗോണിൽ വിജയിച്ചു. കർണാടകയിൽ പാർട്ടിക്കേറ്റ പരാജയം സമ്മതിക്കുന്നുവെന്ന് ബൊമ്മെ അറിയിച്ചു. വരുണയിൽ കോൺഗ്രസ് നേതാവ് സിദ്ധരാമയ്യ വിജയിച്ചു. ചന്നപട്ടണത്ത് ജെഡിഎസ് നേതാവ് എച്ച്.ഡി.കുമാരസ്വാമി വിജയിച്ചപ്പോൾ മകൻ നിഖിൽ കുമാരസ്വാമി പരാജയപ്പെട്ടു. കോൺഗ്രസിന്റെ വിജയത്തിൽ രാജ്യമെങ്ങും വൻ ആഘോഷമാണ് നടക്കുന്നത്.

Back to Top