മാവുങ്കാൽ-മഞ്ഞംപ്പൊതി വീരമാരുതി ക്ഷേത്രം റോഡ് നാടിന് സമർപ്പിച്ചു.

Share

സമീപ വാസികളുടെ ചിരകാല സ്വപ്നമാണ് സാക്ഷാത്ക്കരിക്കപ്പെട്ടത്:

✍️ സുകുമാർ ആശീർവാദ്:

മാവുങ്കാൽ:മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയിൽ ഉൾപ്പെടുത്തി അജാനൂർ പഞ്ചായത്തിലെ പത്താം വാർഡിൽ പുതുതായി നിർമ്മിച്ച മാവുങ്കാൽ- ശ്രീ വീരമാരുതി ക്ഷേത്ര കോൺഗ്രീറ്റ് റോഡ് പഞ്ചായത്ത് പ്രസിഡണ്ട് ടി.ശോഭ നാടിന് സമർപ്പിച്ചു. പദ്ധതിയുടെ ആദ്യഘട്ടം എന്ന നിലയിൽ ആനന്ദാശ്രമത്തിന് തെക്ക് കിഴക്കായി മാവുങ്കാൽ ശ്രീരാമക്ഷേത്രത്തിന് സമീപത്തുള്ള റോഡിന് അനുബന്ധമായാണ് പുതിയ കോൺഗ്രീറ്റ് റോഡ് നിർമ്മിച്ചു നൽകിയത് ഇതോടെ സമീപവാസികളുടെ ചിരകാല സ്വപ്നമാണ് യാഥാർത്ഥ്യമായത്. മഞ്ഞംപ്പൊതി കുന്നിൽ സ്ഥിതിചെയ്യുന്ന ശ്രീ വീരമാരുതി ക്ഷേത്രത്തിലേക്ക് വിശ്വാസികൾക്ക് എളുപ്പത്തിൽ എത്തിചേരാനുള്ള മാർഗ്ഗവും കൂടിയാണ് ഉൽഘാടനം ചെയ്യപ്പെട്ട പുതിയ റോഡ്.സമീപ വാസികളുടെയും നാട്ടുകാരുടെയും നിരന്തരമായ പരിശ്രമത്തിന്റെയും അഭ്യർത്ഥനയുടെയും ഫലമായി നിലവിൽ വന്ന റോഡ് വാർഡ് മെമ്പറുടെ ഇടപെടലിലൂടെയാണ് നിർമ്മിതമായതും നാട്ടുകാർക്ക് തുറന്ന്‌ കൊടുത്ത് ഗതാഗതയോഗ്യമാക്കിയതും.

റോഡിന് സമീപത്തായി സ്ഥിതി ചെയ്യുന്ന മാവുങ്കാൽ എസ് എൻ ഡി പി യോഗം ശാഖ ഓഫീസിന് മുന്നിൽ പ്രത്യേകം സജ്ജമാക്കിയ വേദിയിൽ വാർഡ് മെമ്പർ കെ.ആർ.ശ്രീദേവിയുടെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങ് അജാനൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ടി. ശോഭ ഉൽഘാടനം ചെയ്തു. ബി.ജെ.പി.ജില്ല കമ്മിറ്റി അംഗം എം.രവീന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. മുൻ വാർഡ് മെമ്പർ പി.പത്മനാഭൻ, ആനന്ദ് കുടുംബശ്രീ പ്രസിഡണ്ട് രാധ ആനന്ദാശ്രമം, ആർ.രാജേഷ്, കെ.കരുണൻ, വി.എം.രാജൻ എന്നിവർ സംസാരിച്ചു. റോഡ് വികസന സമിതി ട്രഷറർ ബാബു ആനന്ദാശ്രമം സ്വാഗതവും, ബി.ജെ.പി.രാംനഗർ ബൂത്ത് പ്രസിഡണ്ട് ജിതീഷ് രാംനഗർ നന്ദിയും പറഞ്ഞു.

റോഡിന്റെ സാക്ഷാത്ക്കാരത്തിനും നിർമ്മാണ പ്രവർത്തനങ്ങൾക്ക് അക്ഷീണം പ്രവർത്തിച്ച വാർഡ് മെമ്പർ കെ.ആർ.ശ്രീദേവിയെയും, കോൺട്രാക്റ്റർ ഷിജു മണ്ണട്ടയെയും റോഡ് വികസന സമിതി കൺവീനർ ജയേഷ് ആനന്ദാശ്രമം പൊന്നാട അണിയിച്ച് ആദരിച്ചു.

പടം: അജാനൂർ പഞ്ചായത്തിലെ പത്താം വാർഡിൽ പുതുതായി നിർമ്മിച്ച മാവുങ്കാൽ-വീരമാരുതി ക്ഷേത്ര അനുബന്ധ റോഡ് പഞ്ചായത്ത് പ്രസിഡണ്ട് ടി. ശോഭ നാടിന് സമർപ്പിക്കുന്നു

Back to Top