ഡോ. വന്ദന വധക്കേസ് അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന്; എഫ്.ഐ.ആറിലെ പിഴവ് പുറത്ത്

Share

കോട്ടയം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡോ. വന്ദന ദാസ് അക്രമിയുടെ കുത്തേറ്റ് കൊല്ലപ്പെട്ട കേസ് ജില്ലാ ക്രൈം ബ്രാഞ്ച് അന്വേഷിക്കും.

ക്രൈം ബ്രാഞ്ച് റൂറൽ ഡിവൈഎസ്പി എം.എം ജോസിനാണ് അന്വേഷണ ചുമതല. റൂറൽ എസ്.പി. എംഎൽ സുനിൽകുമാറിനാണ് അന്വേഷണത്തിന്റെ മേൽനോട്ടം. പോലീസ് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറിലെ പിഴവുകൾ പുറത്തുവന്നതിനു പിന്നാലെയാണ് അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏൽപിച്ചത്.

സദീപിനെ കസ്റ്റഡിയിൽ വാങ്ങാനുള്ള ശ്രമത്തിലാണ് ഇപ്പോൾ പോലീസ്. ഇയാളുടെ ആരോഗ്യനില തൃപ്തികരമല്ലാത്തതിനാൽ എപ്പോൾ കസ്റ്റഡിയിൽ ലഭിക്കും എന്നത് സംബന്ധിച്ച് വ്യക്തതയുണ്ടായിട്ടില്ല. ആരോഗ്യസ്ഥിതി മെച്ചപ്പെട്ട ശേഷം ഇയാളെ കസ്റ്റഡിയിൽ വാങ്ങാനാണ് പോലീസ് ശ്രമം.

സംഭവവുമായി ബന്ധപ്പെട്ട് ലോക്കൽ പോലീസിനെതിരേ കോടതിയും ഉന്നത പോലീസ് ഉദ്യോഗസ്ഥരും കടുത്ത വിമർശനം ഉയർത്തിയിരുന്നു. അക്രമം നടത്തിയ സദീപിനെ പരിശോധിക്കുന്ന സമയത്ത് ഒബ്സർവേഷൻ മുറിയിൽ പോലീസ് സാന്നിധ്യം ഉണ്ടായിരുന്നെങ്കിൽ ഇത്തരമൊരു അക്രമസംഭവം ഉണ്ടാകില്ലായിരുന്നു എന്നാണ് വിലയിരുത്തൽ. ഇത് പോലീസിനുണ്ടായ പിഴവാണെന്നും വിലയിരുത്തപ്പെടുന്നു.

എഫ്ഐആറിൽ വലിയ പിഴവ് സംഭവിച്ചതായി നേരത്തെതന്നെ വിമർശനം ഉയർന്നിരുന്നു. മുറിവ് ഡ്രസ് ചെയ്യുന്നതിനിടെ സദീപ് കത്രിക കൈക്കലാക്കി ഡോ. വന്ദനയെ അക്രമിക്കുകയായിരുന്നുവെന്നാണ് എഫ്.ഐ.ആറിൽ പറയുന്നത്. എന്നാൽ, പോലീസടക്കമുള്ളവരെ ആക്രമിച്ചതിനുശേഷമാണ് പ്രതി വന്ദനയെ ആക്രമിച്ചതെന്നായിരുന്നു ദൃക്സാക്ഷികൾ വ്യക്തമാക്കിയിരുന്നത്.

Back to Top