കേരളത്തിലെ കൊലപാതക കേസുകളിൽ സ്ത്രീ പങ്കാളിത്തം വർധിക്കുന്നു; കഴിഞ്ഞ വർഷം മാത്രം 61 കേസുകൾ

Share

 

കേരളത്തിലെ കൊലപാതക കേസുകളിൽ സ്ത്രീ പങ്കാളിത്തം വർധിക്കുന്നു; കഴിഞ്ഞ വർഷം മാത്രം 61 കേസുകൾ

കേരളത്തിൽ റിപ്പോർട്ട് ചെയ്യുന്ന കുറ്റ കൃത്യങ്ങളിൽ സ്ത്രീ പങ്കാളിത്തം വർധിക്കുന്നതായി റിപ്പോർട്ട്. സ്റ്റേറ്റ് ക്രൈം റെക്കോർഡ്‌സ് ബ്യൂറോയിൽ നിന്നുള്ള റിപ്പോർട്ടിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്. അടുത്തിടെ ഫയൽ ചെയ്ത ക്രിമിനൽ കേസുകളിൽ സ്ത്രീകൾക്ക് വലിയ പങ്കുണ്ടെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. കൊലപാതക കേസുകളിൽ കഴിഞ്ഞ വർഷം മാത്രം 61 സ്ത്രീകളെ അറസ്റ്റ് ചെയ്തതായും റിപ്പോർട്ടിൽ പറയുന്നു.

മുൻ വർഷങ്ങളിലെ ഔദ്യോഗിക കണക്കുകളിൽ അക്രമാസക്തമായ കുറ്റകൃത്യങ്ങളിൽ സ്ത്രീകളുടെ പങ്കാളിത്തം രണ്ട് ശതമാനം ആയിരുന്നു. പുതിയ കണക്കുകൾ പ്രകാരം ഇത് എട്ട് ശതമാനമായി വർധിച്ചു. കഴിഞ്ഞ വർഷം മാത്രം 26 വധശ്രമ കേസുകളിൽ സ്ത്രീകൾക്ക് എതിരെ നടപടിയെടുത്തിട്ടുണ്ടെന്നും കണക്കുകളിൽ വ്യക്തമാണ്.

എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുള്ള മുഴുവൻ കുറ്റകൃത്യങ്ങളുടെ എണ്ണവുമായി താരതമ്യപ്പെടുത്തുമ്പോൾ, ഹീനമായ കുറ്റകൃത്യങ്ങളിൽ സ്ത്രീകളുടെ പങ്കാളിത്തം കുറവാണ്. കൊലപാതക കേസുകളിൽ ഉൾപ്പെട്ട സ്ത്രീകളുടെ എണ്ണം വർധിക്കുന്നത് ആശങ്കാജനകമാണെന്നാണ് ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ വെളിപ്പെടുത്തൽ. സംസ്ഥാനത്തെ നിയമപാലകരെ പോലും അതിശയിപ്പിക്കുന്ന തരത്തിൽ നടന്ന കൂടത്തായി കൊലപാതകങ്ങളും ഇപ്പോൾ അന്വേഷണം പുരോഗമിക്കുന്ന പാറശാല ഷാരോൺ കൊലക്കേസും ഇലന്തൂരിലെ നരബലിയുമൊക്കെ ഉദാഹരണമാണെന്ന് പോലീസ് ഉദ്യോഗസ്ഥരെ ഉദ്ദരിച്ച് ദി ന്യൂ ഇന്ത്യൻ എക്‌സ്പ്രസ്സ് റിപ്പോർട്ട് ചെയ്തു.

Back to Top