ലഹരിക്ക് അടിമ, ക്രൂരത സസ്‌പെന്‍ഷനിലിരിക്കെ

Share

കൊട്ടാരക്കരയിൽ ഡ്യൂട്ടിക്കിടയിൽ വനിതാ ഡോക്‌ടറെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി അധ്യാപകനെന്ന് പൊലീസ്. നെടുമ്പന യു.പി. സ്കൂളിലെ അധ്യാപകനാണ് പ്രതിയെന്ന് പൊലീസ് വെളിപ്പെടുത്തി. ഇയാൾ ലഹരിക്ക് അടിമയായതിനെ തുടർന്ന് സസ്‌പെൻഷനിലായിരുന്നു. അടുത്തിടെയാണ് ഇയാൾ ഡീ അഡിക്ഷൻ സെന്ററിൽനിന്ന് ഇറങ്ങിയതെന്നാണ് വിവരം. ഇതിനിടെയാണ് വീട്ടിലുണ്ടായ അടിപിടിക്കേസിൽ കാലിൽ മുറിവേറ്റ് സന്ദീപിനെ ആശുപത്രിയിലെത്തിച്ചത്.

ഇന്നു പുലർച്ചെ നാലരയോടൊയിരുന്നു സംഭവം. ആശുപത്രിയിൽവച്ചും അക്രമസക്തനായ പ്രതി ഡ്രസിങ് റൂമിലെ കത്രികയെടുത്ത് ഒപ്പമെത്തിയ ബന്ധുവായ ബിനുവിനെ കുത്തി. ഇത് കണ്ട് തടസം പിടിക്കാനെത്തിയ പൊലീസുകാരെ ആക്രമിച്ചു. ഇതോടെ എല്ലാവരും ഓടിയൊളിച്ചു. ഡ്രസിങ് റൂമിൽ ഒറ്റപ്പെട്ടു പോയ ഡോക്ടറെ പ്രതി കഴുത്തിലും വയറിലും പുറത്തും ദാരുണമായി കുത്തിപ്പരുക്കേൽപ്പിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. പരുക്കുകളോടെ പ്രതിയെ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വൈദ്യ പരിശോധനയ്ക്കായി കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെത്തിച്ച സ്കൂൾ അധ്യാപകന്റെ കുത്തേറ്റാണ് വനിതാ ഡോക്ടർ കൊല്ലപ്പെട്ടത്. മറ്റ് 2 പേർക്കു കുത്തേറ്റു. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഹൗസ് സർജൻ കോട്ടയം മാഞ്ഞൂർ, മുട്ടുചിറ സ്വദേശിനി ഡോ. വന്ദനദാസ് (23) ആണ് മരിച്ചത്. ആശുപത്രിയിലെ ഹോം ഗാർഡ് അലക്സ് കുട്ടി, കൊട്ടാരക്കര പൊലീസ് സ്റ്റേഷനിലെ എസ്ഐ മണിലാൽ എന്നിവർക്കും കുത്തേറ്റു. ഇന്നലെ രാത്രി മുതൽ അക്രമാസക്തനായ സന്ദീപിനെ പൂയപ്പള്ളി പൊലീസ് ആണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്. ചികിത്സയ്ക്കിടെ ഇയാൾ വീണ്ടും അക്രമാസക്തനാകുകയായിരുന്നു.

Back to Top