വന്ദേ ഭാരത് : കണക്ടിവിറ്റി സ്കാനിയ ബസ്സ് സർവീസ് ആരംഭിക്കണം. കാസറഗോഡ് റെയിൽവേ പാസ്സഞ്ചർസ് അസോസിയേഷൻ

കാസറഗോഡ്: കാസറഗോഡ് റെയിൽവേ സ്റ്റേഷനിൽ നിന്ന് വന്ദേ ഭാരത് യാത്രക്കാർക്ക് കൊല്ലൂർ മൂകാംബികയിലേക്ക് നേരിട്ട് പോകുവാനും തിരിച്ച് വരുവാനും കെ.എസ്.ആർ.ടി.സി(കേരള ഗവണ്മെന്റ്) സ്കാനിയ ബസ്സ് സർവീസ് ആരംഭിക്കണമെന്ന് കാസറഗോഡ് റെയിൽവേ പാസ്സഞ്ചർസ് അസോസിയേഷൻ ആവശ്യപ്പെട്ടു.
രാവിലെ 9 മണിക്ക് കൊല്ലൂരിൽ നിന്ന് പുറപ്പെട്ട് ഉച്ചക്ക് ഒന്നരയോടെ കാസറഗോഡ് റെയിൽവേ സ്റ്റേഷനിൽ എത്തുന്ന വിധത്തിൽ ഒരു സ്കാനിയ ബസ്സ് ഓടിക്കാമെങ്കിൽ തിരുവനന്തപുരം വരെയുള്ള വന്ദേ ഭാരത് യാത്രക്കാർക്ക് വലിയ ഉപകാരമാകും.
തെക്കോട്ടേക്കുള്ള യാത്രക്കാർക്ക് ഉച്ച തിരിഞ്ഞ് 2.30 നുള്ള വന്ദേ ഭാരത് എക്സ്പ്രസിൽ കയറി പോകാം.
ഇതേ ബസ് തിരിച്ച് 1.50 നു മടങ്ങി പോവുകയാണെങ്കിൽ, ഉച്ചക്ക് 1.25 നു കാസറഗോഡ് വണ്ടി ഇറങ്ങുന്ന വന്ദേ ഭാരത് യാത്രക്കാർക്കും വളരെ സൗകര്യപ്രദമാകും. വൈകീട്ട് ആറേ കാലിനു മുൻപേ കൊല്ലുരിലെത്തും. രാത്രി ഒൻപതു മണിക്ക് നടയടക്കുന്നത് വരെ മൂകാംബിക ക്ഷേത്രത്തിൽ ദർശന സൗകര്യം ലഭിക്കും. പിറ്റേന്ന് രാവിലെ അഞ്ച് മണിക്ക് നട തുറന്നു ക്ഷേത്ര ദർശനം കഴിഞ്ഞു തിരിച്ച് 9 മണിക്ക് പോന്നാൽ നേരെ കാസറഗോഡ് റെയിൽവേ സ്റ്റേഷനിൽ എത്തി അവിടെ നിന്ന് നിന്ന് രണ്ടരക്കുള്ള വന്ദേ ഭാരത് പിടിക്കാം.
അത്യുത്തര കേരളത്തിലെ ചെറു പട്ടണങ്ങളായ കുമ്പള, ഉപ്പള, മഞ്ചേശ്വരം എന്നിവിടങ്ങളിലേക്കും തലപ്പാടി, മംഗലാപുരം, കൊല്ലൂർ, മണിപ്പാൽ, ഉഡുപ്പി, സുള്ള്യ മുതലായ വിദ്യാഭ്യാസ ചികിത്സാ സേവനങ്ങളുടെ ഹബ്ബുകളായ പട്ടണങ്ങളിലേക്കുള്ള രോഗികളും വിദ്യാർത്ഥികളുമായ യാത്രക്കാർക്കും ഇത് വലിയ ഗുണം ചെയ്യും.
ഇത് സംബന്ധിച്ചു കാസറഗോഡ് റെയിൽവേ പാസ്സഞ്ചർസ് അസോസിയേഷൻ പ്രസിഡന്റ് ആർ. പ്രശാന്ത് കുമാർ, ജനറൽ സെക്രട്ടറി നാസർ ചെർക്കളം എന്നിവർ മുഖ്യമന്ത്രി, ഗതാഗത വകുപ്പ് മന്ത്രി, പ്രതിപക്ഷ നേതാവ്, എൽ.ഡി.എഫ്. കൺവീനർ, യു.ഡി.എഫ്. കൺവീനർ, കെ.എസ്.ആർ.ടി.സി. എംഡി എന്നിവർക്ക് നിവേദനം നൽകി.