വിദ്യാർഥികളിൽ മാലിന്യ സംസ്കരണ പൊതുബോധം വളർത്തണം : സ്പീക്കർ എ.എൻ ഷംസീർ  

Share

കക്കാട്ട് സ്ക്കൂൾ കെട്ടിടം ഉദ്ഘാടനം ചെയ്തു.

കേരളം വിവിധ മേഖലകളിൽ പുരോഗതി കൈവരിച്ചു മുന്നോട്ടു നീങ്ങുമ്പോഴും മാലിന്യ സംസ്കരണം കേരളം നേരിടുന്ന പ്രധാന പ്രശ്നമായി നിലനിൽക്കുകയാണെന്ന് സ്പീക്കർ എ.എൻ ഷംസീർ പറഞ്ഞു. 2020 – 21 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 2 കോടി രൂപ ചെലവഴിച്ച് കക്കാട്ട് ഗവ. ഹയർ സെക്കൻഡറി സ്ക്കൂളിൽ നിർമിച്ച കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മാലിന്യ സംസ്കരണത്തെ കുറിച്ചുള്ള പൊതുബോധം സ്ക്കൂളിൽ നിന്ന് തുടങ്ങണം. പ്രീപ്രൈമറി തലം മുതൽ കുട്ടികളിൽ മാലിന്യ സംസ്കരണത്തെ കുറിച്ചുള്ള പൊതു ബോധം വളർത്തിയെടുക്കാൻ അധ്യാപകർ ശ്രമിക്കണം. വ്യക്തി ശുചിത്വം പാലിക്കുമ്പോഴും പലരും ശുചിത്വത്തെ കുറിച്ചു മറക്കുന്നു. ഇതിനെ കുറിച്ച് കുട്ടികളിൽ ബോധവൽക്കരണ പ്രവർത്തനം ആരംഭിക്കണമെന്നും അദ്ദേഹം പറഞ്ഞു.

പോയ ഏഴ് വർഷത്തിനിടയിൽ കേരളത്തിന്റെ പൊതു വിദ്യാഭ്യാസ മേഖലയിൽ വലിയ രീതിയിലുള്ള മാറ്റങ്ങളാണ് ഉണ്ടായത് . അടിസ്ഥാന പശ്ചാത്തല മേഖലയിൽ വലിയ വികസന മുന്നേറ്റങ്ങളുണ്ടായി. ടെക്നോളജി വികാസം പ്രാപിക്കുന്ന കാലത്താണ് എല്ലാവരും ജീവിക്കുന്നത്. ചാറ്റ് ജി.പി. ടി പോലുള്ള അത്യാധുനിക സാങ്കേതിക സംവിധാനങ്ങൾ വളർന്ന് വരുമ്പോൾ വിയോജിച്ച് നിൽക്കൽ സാധ്യമല്ല. പക്ഷെ ഇവയുടെയൊക്കെ ഉപയോഗത്തിലൂടെ കടന്നുവരുന്ന അപകടങ്ങളെ കുറിച്ച് മനസിലാക്കാൻ സാധിക്കണമെന്നും സ്പീക്കർ എ.എൻ ഷംസീർ പറഞ്ഞു.

ഇ ചന്ദ്രശേഖരൻ എം.എൽ എ അധ്യക്ഷത വഹിച്ചു. രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി മുഖ്യാതിഥിയായി . പൊതുമരാമത്ത് വിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർപി.എം യമുന റിപ്പോർട്ട് അവതരിപ്പിച്ചു. സ്ക്കൂളിനായി നിർമിച്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ സ്ക്കൂൾ പ്രവേശന കവാടം ഉദ്ഘാടനം ചെയ്തു.

മടിക്കൈ പഞ്ചായത്ത് പ്രസിഡന്റ് എസ്. പ്രീത , മടിക്കൈ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ രമ പത്മനാഭൻ , വാർഡ് അംഗം വി രാധ, വിദ്യാഭ്യാസ ഉപഡയറക്ടർ സി.കെ വാസു, സ്ക്കൂൾ പ്രിൻസിപ്പാൾ കെ.കെ ഹേമലത, പ്രധാനാധ്യാപകൻ, അധ്യാപിക വിജയലക്ഷ്മി, ഹൊസ്ദുർഗ് ബി.പി.സി കെ.വി രാജേഷ് , കാഞ്ഞങ്ങാട് മുൻ എം.എൽ എ എം നാരായണൻ , പഞ്ചായത്ത് മുൻ അംഗം ബങ്കളം കുഞ്ഞികൃഷ്ണൻ , പഞ്ചായത്ത് മുൻ പ്രസിഡന്റ് എം രാജൻ, മുൻ പ്രിൻസിപ്പാൾ ഡോ.എം.കെ രാജശേഖരൻ , മടിക്കൈ പഞ്ചായത്ത് ആസൂത്രണ ബോർഡ് അംഗം കെ പ്രഭാകരൻ , മദർ പി.ടി.എ പ്രസിഡന്റ് ശാന്തിനി , പൂർവ്വ വിദ്യാർത്ഥി സംഘടന പ്രസിഡന്റ് വി.എ നാരായണൻ , സീനിയർ അസിസ്റ്റന്റ് കെ സന്തോഷ് സ്റ്റാഫ് സെക്രട്ടറി പി.വി പ്രകാശൻ തുടങ്ങിയവർ സംസാരിച്ചു. സംഘാടക സമിതി ചെയർമാൻ വി പ്രകാശൻ സ്വാഗതവും പി.ടി.എ പ്രസിഡന്റ് കെ.വി മധു നന്ദിയും പറഞ്ഞു.

Back to Top