ഇന്ത്യ’ മുന്നണിയുമായി സിപിഎം സഖ്യം: ‘കൂട്ടായ്മ വിജയിക്കും’: നയം വ്യക്തമാക്കി സീതാറാം യച്ചൂരി

Share

കൊച്ചി ∙ വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ ഭാരതം ഒന്നിച്ചു നില്‍ക്കും, ഇന്ത്യയും ഒന്നിച്ചു നിൽക്കും, എന്നാൽ ഇന്ത്യ എന്ന കൂട്ടായ്മ വിജയിക്കുമെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി. മനോരമ ന്യൂസ് കോൺക്ലേവിലാണ് ‘ഇന്ത്യ’ മുന്നണിയുമായി ബന്ധപ്പെട്ട വിഷയത്തിൽ യച്ചൂരി നയം വ്യക്തമാക്കിയത്. പൊതുതിരഞ്ഞെടുപ്പിൽ സിപിഎം ‘ഇന്ത്യ’ മുന്നണിയുമായി എത്രമാത്രം സഹകരിക്കുമെന്ന ചർച്ച ശക്തമായിരിക്കെയാണ് ജനറൽ സെക്രട്ടറി നിലപാട് വ്യക്തമാക്കിയത്.ജനങ്ങൾക്ക് രാഷ്ട്രീയ സ്വാതന്ത്ര്യത്തോടൊപ്പം സാമ്പത്തിക സ്വാതന്ത്ര്യവും വേണം. ഇതിനായാണ് ഇടതിന്റെ പോരാട്ടമെന്നും യച്ചൂരി പറഞ്ഞു. ഇസ്‌ലാമിക രാഷ്ട്രം വേണം എന്ന വാദത്തിനു തുല്യമാണ് ഹിന്ദു രാഷ്ട്രം വേണമെന്ന വാദവും. മതനിരപേക്ഷ രാജ്യമായ ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കാനുള്ള ശ്രമമാണ് ബിജെപി നടത്തുന്നത്. ഇതിനെ പ്രതിരോധിക്കാനും രാജ്യത്തെ മതനിരപേക്ഷ രാജ്യമായി നിലനിർത്താനും ഇടതുപക്ഷത്തിന് പ്രധാന പങ്കു വഹിക്കാൻ കഴിയും.ഇടതുപക്ഷത്തിന് തിരഞ്ഞെടുപ്പുകളിൽ കാര്യമായ നേട്ടം അടുത്ത കാലത്ത് പലയിടങ്ങളിലും ഉണ്ടായിട്ടില്ല എന്നത് യാഥാർഥ്യമാണ്. എന്നാൽ നയരൂപീകരണവുമായി ബന്ധപ്പെട്ട പ്രക്ഷോഭങ്ങളിൽ വലിയ പങ്കു വഹിക്കാനായി. കർഷക സമരം അതിന് ഉദാഹരണമാണ്. കടുത്ത പ്രതിഷേധത്തിനു മുന്നിൽ സർക്കാരിന് തീരുമാനം പിൻവലിക്കേണ്ടിവന്നു. ദേശീയ സ്വത്തുക്കളായ സ്ഥാപനങ്ങൾ സ്വകാര്യവൽക്കരിക്കുന്നതിൽ കാലതാമസം ഉണ്ടായതും നടപടികൾ മരവിപ്പിച്ചതും ഇടതു സംഘടനകളുടെ പ്രതിഷേധത്തിന്റെ ഫലമായാണ്തിരഞ്ഞെടുപ്പ് വിജയം മാത്രമല്ല രാഷ്ട്രീയത്തിൽ പ്രധാനം. തിരഞ്ഞെടുപ്പ് വിജയം രാഷ്ട്രീയത്തിന്റെ ഒരു ഭാഗം മാത്രമാണ്. മഹാത്മാഗാന്ധിയും ജയപ്രകാശ് നാരായണും തിരഞ്ഞെടുപ്പിൽ മത്സരിച്ചിട്ടില്ല. പക്ഷേ അവർക്ക് ദേശീയ രാഷ്ട്രീയത്തിൽ നിർണായക സ്വാധീനം ചെലുത്താനായി. തിരഞ്ഞെടുപ്പിൽ ഇന്ത്യ ആയിരിക്കും വിജയിക്കുക. ഇന്ത്യയും ഭാരതും ഏറ്റുമുട്ടുമെന്നല്ല, രണ്ടും ഒന്നാണ്. ബിജെപി ഭരണത്തിൽ ക്യാംപസുകളിലെ തിരഞ്ഞെടുപ്പുകൾ നിരോധിച്ചിരിക്കുകയാണ്. കേരളത്തിൽ അത്തരമൊരു സാഹചര്യമല്ല. പുതു തലമുറയ്ക്കു ചർച്ച ചെയ്യാനും ചിന്തിക്കാനും ഇടയുള്ള സാഹചര്യം സൃഷ്ടിച്ചതിനു കേരളം അഭിനന്ദനം അർഹിക്കുന്നുവെന്നും യച്ചൂരി വ്യക്തമാക്കി.

Back to Top