ട്വന്റി20 അവസാന പോരാട്ടത്തിൽ അയർലൻഡിനെ കീഴടക്കി ന്യൂസീലൻഡ് സെമി ഫൈനലിലെത്തി

Share

അഡ്‍‌ലെയ്ഡ്∙ട്വന്റി20 ലോകകപ്പിൽ സൂപ്പർ 12 റൗണ്ടിലെ അവസാന പോരാട്ടത്തിൽ അയർലൻഡിനെ കീഴടക്കി ന്യൂസീലൻഡ് സെമി ഫൈനലിലെത്തി. അയർലൻഡിനെതിരെ 35 റൺസിനാണു കിവീസിന്റെ വിജയം. ന്യൂസീലൻഡ് ഉയർത്തിയ 186 റൺസ് വിജയലക്ഷ്യം പിന്തുടർന്ന അയർലൻഡിന് ഒൻപതു വിക്കറ്റ് നഷ്ടത്തിൽ 150 റൺസെടുക്കാനേ സാധിച്ചുള്ളൂ. ജയത്തോടെ ഒന്നാം ഗ്രൂപ്പിൽ ഏഴു പോയിന്റുമായി ന്യൂസീലൻഡ് സെമിയിതെത്തി. മൂന്ന് വിജയവും ഒരു തോൽവിയുമാണ് സൂപ്പർ 12 റൗണ്ടിൽ കിവീസിന്റെ സമ്പാദ്യം. ഒരു മത്സരത്തിൽ പോയിന്റ് പങ്കുവയ്ക്കേണ്ടിവന്നു.

മത്സരത്തിൽ ടോസ് നേടിയ അയർലൻഡ് ന്യൂസീലൻഡിനെ ബാറ്റിങ്ങിനു വിടുകയായിരുന്നു. ആറു വിക്കറ്റ് നഷ്ടത്തിൽ ന്യൂസീലൻഡ് നേടിയത് 185 റൺസ്. 35 പന്തിൽ 61 റണ്‍സെടുത്ത ക്യപ്റ്റൻ കെയ്ൻ വില്യംസണാണ് കിവീസിന്റെ ടോപ് സ്കോറർ. 52 റണ്‍സിന്റെ ഒന്നാം വിക്കറ്റ് കൂട്ടുകെട്ടാണ് ഓപ്പണര്‍മാർ ന്യൂസീലൻഡിനു നൽകിയത്. ഫിൻ അലൻ 18 പന്തിൽ 32 റൺസും ഡെവോൺ കോൺവെ 33 പന്തിൽ 28 റൺസുമെടുത്തു പുറത്തായി.

21 പന്തില്‍ 31 റൺസെടുത്ത ഡാരിൽ മിച്ചലും തിളങ്ങി. ഐറിഷ് പേസർ ജോഷ്വ ലിറ്റിൽ ട്വന്റി20 ലോകകപ്പിലെ രണ്ടാം ഹാട്രിക് സ്വന്തമാക്കി. ന്യൂസീലൻഡ്‌ ക്യാപ്റ്റൻ കെയ്ൻ വില്യംസന്‍, ജിമ്മി നീഷം, മിച്ചൽ സാന്റ്നർ എന്നിവരുടെ വിക്കറ്റുകളാണു ലിറ്റിൽ വീഴ്ത്തിയത്. നാലോവർ എറിഞ്ഞ താരം 22 റൺസ് വിട്ടുകൊടുത്തു. യുഎഇ സ്പിന്നർ കാർത്തിക്ക് മെയ്യപ്പനാണ് ഈ ലോകകപ്പിലെ ആദ്യ ഹാട്രിക് സ്വന്തമാക്കിയത്. ശ്രീലങ്കയ്ക്കെതിരെയായിരുന്നു മെയ്യപ്പന്റെ പ്രകടനം. അയര്‍ലൻഡിനായി ഗരെത് ഡെലാനി രണ്ടു വിക്കറ്റും മാർക് അഡെയ്ർ ഒരു വിക്കറ്റും സ്വന്തമാക്കി.
പോൾ സ്റ്റിര്‍ലിങ്ങും ക്യാപ്റ്റൻ ആൻഡ്രു ബാൽബേണിയും മറുപടി ബാറ്റിങ്ങിൽ അയർലന്‍ഡിനു മികച്ച തുടക്കം നൽകിയെങ്കിലും പിന്നീടു വന്ന ബാറ്റർമാരെല്ലാം പരാജയപ്പെട്ടതാണ് അവർക്കു തിരിച്ചടിയായത്. സ്റ്റിർലിങ് 27 പന്തിൽ 37 റൺസെടുത്തു. അയർലൻഡ് ക്യാപ്റ്റൻ 25 പന്തിൽ 30 റൺസെടുത്തു. ജോർജ് ഡോക്റലാണ് (15 പന്തിൽ 23) മെച്ചപ്പെട്ട ബാറ്റിങ് കാഴ്ചവച്ച മറ്റൊരു താരം. കിവീസിനായി ലോക്കി ഫെർഗൂസന്‍ മൂന്നു വിക്കറ്റും ടിം സൗത്തി, മിച്ചൽ സാന്റ്നര്‍, ഇഷ് സോധി എന്നിവർ രണ്ടു വിക്കറ്റു വീതവും വീഴ്ത്തി

Back to Top