ശബരിമല തീര്‍ഥാടകരുടെ സഹായത്തിന് മൊബൈല്‍ ആപ്പ് നിര്‍മിക്കും: മന്ത്രി എ കെ ശശീന്ദ്രന്‍

Share

ശബരിമല തീര്‍ഥാടന പാതകളില്‍ സഹായം നല്‍കുന്നതിനും തീര്‍ഥാടകര്‍ക്ക് സുരക്ഷ ഒരുക്കാനും മൊബൈല്‍ ആപ്പ് നിര്‍മിക്കുമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രന്‍. ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് വനം വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ പമ്പയിലെ ശ്രീരാമസാകേതം ഹാളില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. തീര്‍ഥാടകര്‍ക്ക് വൈദ്യസഹായം, കുടിവെള്ളം, കാനനപാതയിലെ സൂക്ഷിക്കേണ്ട സ്ഥലങ്ങള്‍, വന്യമൃഗങ്ങള്‍ കാണപ്പെടുന്ന സ്ഥലങ്ങള്‍, മറ്റ് സഹായക കേന്ദ്രങ്ങള്‍ തുടങ്ങിയ വിവരങ്ങള്‍ അടങ്ങിയതാവും ആപ്പ്. തീര്‍ഥാടകര്‍ക്ക് ആപ്പിലൂടെ ഉദ്യോഗസ്ഥരുമായി ബന്ധപ്പെടാനും സൗകര്യമൊരുക്കും.അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് പുതിയ ആപ്പ് നിര്‍മിക്കാന്‍ തീരുമാനമായത്.
വനം വകുപ്പിന്റെ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ തൃപ്തികരമാണ്. തീര്‍ഥാടനവുമായി ബന്ധപ്പെട്ട് ശബരിമലയില്‍ കൂടുതല്‍ ഉദ്യോഗസ്ഥരെ നിയമിക്കും. തീര്‍ഥാടകരുടെ സുരക്ഷിതത്വം ഉറപ്പു വരുത്തും. മനുഷ്യ സാധ്യമായ എല്ലാ സുരക്ഷാ സംവിധാനവും ശബരിമലയില്‍ ഒരുക്കും. ളാഹ മുതല്‍ പമ്പ വരെ ഇരുപത്തിനാല് മണിക്കൂറും പ്രവര്‍ത്തിക്കുന്ന റാപ്പിഡ് റസ്പോണ്‍സ് ടീമിനെ നിയോഗിക്കും. എമര്‍ജന്‍സി മെഡിക്കല്‍ സെന്ററുകള്‍, എക്കോ ഷോപ്പുകള്‍ എന്നിവയും പ്രവര്‍ത്തിക്കും. കാനന പാതകളില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കാമറകള്‍ സ്ഥാപിക്കും.
പമ്പ, സന്നിധാനം എന്നിവിടങ്ങളില്‍ കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തിക്കും.
ഇക്കോ ഗാര്‍ഡ്, എലിഫന്റ് സ്‌ക്വാഡ്, സ്നേക് സ്‌ക്വാഡ് എന്നിവരെയും നിയമിക്കും. ഉദ്യോഗസ്ഥര്‍ മാസ്‌ക് ധരിച്ചിരിക്കണം. ദേവസ്വം പ്രതിനിധി, ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചേര്‍ന്ന് സംയുക്ത പരിശോധന നടത്തി ഇനിയും അപകടകരമായ നിലയില്‍ നിലനില്‍ക്കുന്ന മരങ്ങള്‍ മുറിച്ചുനീക്കുന്നതിനുള്ള നടപടി സ്വീകരിക്കണം. തീര്‍ഥാടകരുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്ന പ്രവര്‍ത്തനമാവണം വനം വകുപ്പിന്റേത്. മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ ഉദ്യോഗസ്ഥര്‍ നടത്തി തീര്‍ഥാടകരുടെ സുരക്ഷിതത്വം ഉറപ്പാക്കണമെന്നും മന്ത്രി പറഞ്ഞു.

Back to Top