കഞ്ചാവ് വലിച്ചതിന് കാസർകോട് ജില്ലയിൽ ഒറ്റദിവസം അറസ്റ്റിലായത് 23 പേർ

Share

കാസർകോട് ∙ ജില്ലയിലെ 5 പൊലീസ് സ്റ്റേഷനുകളിലായി കഞ്ചാവ് വലിച്ചതിന് ഒരു ദിവസം മാത്രം അകത്തായത് 23 പേർ. മഞ്ചേശ്വരം, കുമ്പള, കാസർകോട്, വിദ്യാനഗർ, ബദിയടുക്ക സ്റ്റേഷനുകളിലാണ് കഴിഞ്ഞ ഞായറാഴ്ച ഇത്രയും പേ‍ർക്കെതിരെ കേസെടുത്തത്. ഇതിനു പുറമേ ബേക്കൽ സ്റ്റേഷനിൽ ശനിയാഴ്ച പത്തിലേറെ കേസുകളാണ് റജിസ്റ്റർ ചെയ്തത്. മഞ്ചേശ്വരം 8, കുമ്പള 4, ബദിയടുക്ക 3, വിദ്യാനഗർ 4, കാസർകോട് 4 എന്നിങ്ങനെയാണ് അറസ്റ്റ്.

വേഷം മാറി പൊലീസെത്തുംകടവരാന്തകൾ, ബസ് സ്റ്റാൻഡിലെ ശുചിമുറികൾ തുടങ്ങിയ ഇടങ്ങളിൽ വച്ചാണ് സംഘങ്ങൾ ലഹരി ഉപയോഗിക്കുന്നത്. പൊതുസ്ഥലത്ത് പുകവലിക്കുന്നത് കുറ്റമായതിനാൽ ആൾക്കൂട്ടം ഇല്ലാത്തയിടങ്ങളിൽ വച്ചാണ് ഉപയോഗം. ഇത്തരക്കാരെ പിടികൂടാനായി വേഷം മാറി വനിത–പുരുഷ പൊലീസുകാർ പരിശോധനയ്ക്കായി എത്തുന്നുണ്ട്. കഞ്ചാവ് ബീഡി വലിക്കുന്നതിനായി ഉപയോഗിക്കുന്ന പ്രധാന സ്ഥലങ്ങൾ ഇനി മുതൽ പൊലീസിന്റെ നിരീക്ഷണത്തിലാണ്. പെട്ടെന്ന് കാണുമ്പോൾ സാധാരണ ബീഡി ആണെന്നു കരുതുമെങ്കിലും ഗന്ധം മനസ്സിലാക്കി കഞ്ചാവ് തിരിച്ചറിയാനാവും.

Back to Top