എയര്‍ഹോസ്റ്റസിെന്‍റ മരണം: കാസര്‍കോട് സ്വദേശിക്കെതിരെ കേസ്

മംഗളൂരു: എയര്‍ ഹോസ്റ്റസായി ജോലി ചെയ്യുന്ന യുവതി ബംഗളൂരുവില്‍ അപാര്‍ട്മെന്റിെന്‍റ നാലാം നിലയില്‍ നിന്ന് വീണുമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കാസര്‍കോട് സ്വദേശിയായ കാമുകന്‍ ആദേശി (26) നെതിരെ കോറമംഗല പൊലീസ് കൊലപാതകത്തിന് കേസെടുത്തു.
യുവതിയുടെ മാതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ഹിമാചല്‍ പ്രദേശ് സ്വദേശിയായ അര്‍ച്ചന ധിമാന്‍ (28) ആണ് മരിച്ചത്. സംഭവത്തിന് പിന്നാലെ ആദേശിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
ശനിയാഴ്ച പുലര്‍ച്ചെയാണ് ആദേശ് താമസിക്കുന്ന കോറമംഗലയിലെ രേണുക റെസിഡന്‍സി അപാര്‍ട്മെന്റിന്റെ നാലാം നിലയില്‍ നിന്ന് അര്‍ച്ചനയെ വീണ നിലയില്‍ കണ്ടെത്തിയത്. ആദേശ് തന്നെയാണ് പൊലീസ് കണ്‍ട്രോള്‍ റൂമില്‍ വിളിച്ച് യുവതി താഴെ വീണതായി അറിയിച്ചത്. അര്‍ച്ചനയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. ബംഗളൂരിനും ദുബൈക്കുമിടയില്‍ സര്‍വീസ് നടത്തുന്ന അന്താരാഷ്ട്ര വിമാനക്കമ്ബനിയില്‍ ജോലി ചെയ്തിരുന്ന അര്‍ച്ചന നാല് ദിവസം മുമ്ബാണ് ആദേശിനെ കാണാന്‍ ബംഗളൂറില്‍ എത്തിയതെന്ന് പൊലീസ് പറഞ്ഞു.
കാസര്‍കോട് ജില്ലയില്‍ നിന്നുള്ള ആദേശ് ഡേറ്റിംഗ് ആപിലൂടെയാണ് അര്‍ച്ചനയെ പരിചയപ്പെട്ടത്. ആറ് മാസമായി ഇരുവരും പ്രണയത്തിലായിരുന്നു. വെള്ളിയാഴ്ച രാത്രി ഇരുവരും ഫോറം മോളില്‍ പോയി സിനിമ കണ്ട ശേഷം താമസ സ്ഥലത്തേക്ക് മടങ്ങിയിരുന്നു. ഇരുവര്‍ക്കുമിടയില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായിരുന്നതായി പോലീസ് പറഞ്ഞു. രാത്രി ഏറെ വൈകിയും ഇവര്‍ തമ്മില്‍ തര്‍ക്കമുണ്ടായി. യുവതി മരിച്ചതാണോ അതോ കൊല്ലപ്പെട്ടതാണോ എന്ന് അന്വേഷിക്കുകയാണ്. സംഭവസമയത്ത് ഇവര്‍ മദ്യലഹരിയിലായിരുന്നുവെന്നും പൊലീസ് അറിയിച്ചു.
അതേസമയം അര്‍ച്ചനയെ ആദേശ് കൊലപ്പെടുത്തുകയായിരുന്നുവെന്ന് യുവതിയുടെ അമ്മ ആരോപിച്ചു. കൊല്ലുക എന്ന ഉദ്ദേശത്തോടെ ആദേശ് നാലാം നിലയില്‍ നിന്ന് തള്ളിയിടുകയായിരുന്നുവെന്ന് അവര്‍ പറഞ്ഞു. എന്നാല്‍, അര്‍ച്ചന സിറ്റ് ഔടില്‍ നടക്കുന്നതിനിടെ അബദ്ധത്തില്‍ കാല്‍ വഴുതി വീഴുകയായിരുന്നുവെന്നാണ് ആദേശ് പൊലീസിനോട് പറഞ്ഞിട്ടുള്ളത്.
അര്‍ച്ചനയുടെ മാതാവ് ഞായറാഴ്ചയാണ് ബംഗളൂറില്‍ എത്തി പൊലീസില്‍ പരാതി നല്‍കിയത്. ആദേശുമായുള്ള ബന്ധത്തെക്കുറിച്ചും തമ്മില്‍ വഴക്കുകള്‍ പതിവായിരുന്നുവെന്നും അര്‍ച്ചനയുടെ മാതാപിതാക്കള്‍ക്ക് അറിയാമായിരുന്നുവെന്ന് തെളിവുകള്‍ സൂചിപ്പിക്കുന്നതായി പൊലീസ് വ്യക്തമാക്കി. കൂടുതല്‍ നടപടികള്‍ക്കായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന് കാത്തിരിക്കുകയാണ് അന്വേഷണ ഉദ്യോഗസ്ഥര്‍.