നാട്ടു നാട്ടു ഇന്ത്യക്ക് ആവേശവും അഭിമാനവും’; അഭിനന്ദനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡൽഹി: ഓസ്കർ പുരസ്കാരം നേടിയ ‘നാട്ടു നാട്ടു’ വിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സംഗീത സംവിധായകൻ എം എം കീരവാണി, രചയിതാവ് ചന്ദ്രബോസ്, ആർ ആർ ആറിന്റെ മുഴുവൻ പ്രവർത്തകർ എന്നിവരെ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദിച്ചു.ഓസ്കർ നേടിയ പൂർണമായും ഇന്ത്യയുടെതായ ഉത്പന്നമാണ് നാട്ടു നാട്ടു. അതിനാൽ തന്നെ ഈ ഓസ്കറിന് പ്രത്യേകതയുണ്ട്. നാട്ടു നാട്ടു ലോക പ്രശസ്തമായിരിക്കുകയാണ്. ഇത് വർഷങ്ങളോളം ഓർമിപ്പിക്കപ്പെടുന്ന ഗാനമായിരിക്കും. ഇത് ഇന്ത്യക്ക് ആവേശവും അഭിമാനവും നൽകുന്നുവെന്നും മോദി വ്യക്തമാക്കി.സംഗീത സംവിധാനം നിർവഹിച്ച കീരവാണിയും വരികളെഴുതിയ ചന്ദ്രബോസും ചേർന്നാണ് ഓസ്കർ പുരസ്കാരം ഏറ്റുവാങ്ങിയത്. നേട്ടം ഇന്ത്യക്ക് സമർപ്പിക്കുന്നതായി കീരവാണി പറഞ്ഞു. മൂന്ന് മിനിറ്റും 36 സെക്കൻഡും ദൈർഘ്യമുള്ള ഗാനം രാഹുൽ സിപ്ലിഗഞ്ച്, കാല ഭൈരവ എന്നിവർ ചേർന്നാണ് ആലപിച്ചത്.