പാമത്തട്ട് ക്വാറിക്കെതിരെ ജന ജാഗ്രതാ യാത്ര.

Share

കൊന്നക്കാട് : കോട്ടഞ്ചേരി പാമത്തട്ടിൽ ക്വാറിക്കു് പഞ്ചായത്ത് അനുമതിക്കായുള്ള നീക്കങ്ങൾ ശക്തിയാർജ്ജിച്ചിരിക്കുന്ന പശ്ചാത്തലത്തിൽ സമരസമിതി ജന ജാഗ്രത യാത്ര സംഘടിപ്പിച്ച് ജനങ്ങളെ സമര സജ്ജരാക്കുന്നു. ചരിത്രപ്രസിദ്ധമായ ദണ്ഡി മാർച്ച് ദിനമായ ഇന്ന് (ഞായർ) രാവിലെ 9 മണിക്ക് കൊന്നക്കാട് ടൗണിൽ പഞ്ചായത്ത് ഭരണസമിതിയംഗമായ മോൻസി ജോയി യാത്ര ഉൽഘാടനം ചെയ്യും. ക്വാറി പ്രവർത്തനമാരംഭിച്ചാൽ അതിൻ്റെ പ്രത്യാഘാതങ്ങൾ അനുഭവിക്കേണ്ടി വരുന്ന ബളാൽ പഞ്ചായത്ത് ഒൻപത് പത്ത് വാർഡുകളിലൂടെയാണ് യാത്ര പര്യടനം നടത്തുന്നത്.ദുരന്ത നിവാരണ അതോറിട്ടി ദുരന്ത സാധ്യതയുള്ള പ്രദേശമായി പ്രഖ്യാപിച്ചിട്ടുള്ള പാമത്തട്ടിൽ ക്വാറിക്കായി എക്സ്പ്ളോസീവു് ലൈസൻസിനുള്ള എൻ.ഒ.സി. മൂന്നു തവണ കളക്ടർ നിഷേധിച്ചിട്ടുളളതാണ്. ഇതു സംബന്ധിച്ച കേസ്സും, ഈ ക്വാറിക്കായി നൽകിയ പാരിസ്ഥിതികാനുമതി റദ്ദുചെയ്യുന്നതിനുള്ള മറ്റൊരു കേസും ഹൈക്കോടതിയിൽ നിലനിൽക്കെ ഇവർക്ക് എക്സ്പ്ളോസീവു് ലൈസൻസു് മറ്റേതോ വഴിക്ക് കിട്ടിയെന്നവകാശപ്പെട്ട് തിടുക്കത്തിൽ പഞ്ചായത്തിൻ്റെ അനുമതി ലഭ്യമാക്കാനുള്ള നീക്കം സംശയകരമാണ്. ഇക്കാര്യങ്ങൾ മതിയായ രേഖകളുടെ പിൻബലത്തോടെ ജനങ്ങളെ ബോധ്യപ്പെടുത്താനാണ് യാത്ര സംഘടിപ്പിച്ചിട്ടുള്ളത്. അടുത്ത ദിവസം കൊന്നക്കാട്ട് വിപുലമായ സമര ഐക്യദാർഡ്യ സമിതി രൂപീകരണ യോഗം ചേരും. വിഷയം പഞ്ചായത്ത് ഭരണസമിതി ചർച്ച ചെയ്യുന്ന ദിവസം ബളാൽ പഞ്ചായത്ത് പടിക്കൽ ജനകീയ പ്രതിഷേധം സംഘടിപ്പിക്കുന്നതിൻ്റെ തയ്യാറെടുപ്പും നടന്നു വരുന്നുണ്ടു്. ജനകീയ പ്രതിരോധ യാത്രയുടെ ഉൽഘാടന അവസരത്തിലും വിവിധ സ്ഥലങ്ങളിലെ വിശദീകരണ യോഗങ്ങളിലും മുഹമ്മദ്‌ റാഷിദ് സഖാഫി, കെ.വി.കൃഷ്ണൻ, ശ്രീജിത്ത് കൊന്നക്കാടു്, സുരേഷ് മാലോം തുടങ്ങിയവർ പ്രസംഗിക്കും. എം.ജെ.റിജോഷ് (കൺവീനർ, കോട്ടഞ്ചേരി പാമത്തട്ട് സംരക്ഷണ സമിതി)

Back to Top