പോക്‌സോ കേസുകള്‍ മറച്ചുവെക്കുന്നത് ഗുരുതര കുറ്റമെന്ന് സുപ്രീംകോടതി

പോക്‌സോ കേസുകള്‍ അറിഞ്ഞിട്ടും അധികൃതരെ അറിയിക്കാതിരിക്കുന്നത് ഗുരുതരമായ കുറ്റകൃത്യമെന്ന് സുപ്രീംകോടതി. പോക്‌സോ നിയമം 19/1 പ്രകാരം കുട്ടികള്‍ക്ക് എതിരായ ലൈംഗികാതിക്രമങ്ങള്‍ ശ്രദ്ധയില്‍പ്പെടുന്നവര്‍ ഉടനടി അത് പോലീസിനെയൊ മറ്റ് അധികൃതരെയൊ അറിയിക്കണമെന്ന് സുപ്രീംകോടതി ചൂണ്ടിക്കാണിച്ചു. കുറ്റകൃത്യങ്ങള്‍ കൃത്യസമയത്ത് അധികൃതരുടെ ശ്രദ്ധയില്‍ എത്തിയില്ലെങ്കില്‍ പോക്‌സോ നിയമത്തിന്റെ ഉദ്ദേശലക്ഷ്യങ്ങളെ തന്നെ അത് പ്രതികൂലമായി ബാധിക്കും. മിക്കവാറും സാഹചര്യങ്ങളില്‍ ഇത്തരം ഒളിച്ചുവെക്കല്‍ കുറ്റവാളികളെ രക്ഷിക്കാനായിരിക്കുമെന്നും സുപ്രീംകോടതി നീരീക്ഷിച്ചു. 28 പേജുള്ള വിധി ന്യായത്തില്‍ പോക്സോ കേസുകള്‍ മറച്ചുവയ്ക്കുന്നതിലെ ദൂഷ്യത്തേക്കുറിച്ച് സുപ്രീം കോടതി വിശദമാക്കുന്നുണ്ട്. കേസ് നിര്‍ഭാഗ്യകരമാണെന്നും കോടതി വ്യക്തമാക്കി. ഇത്തരം കുറ്റവാളികള്‍ രക്ഷപ്പെടുന്നില്ലെന്ന് ഉറപ്പ് വരുത്താനാണ് പോക്സോ നിയമമെന്നും കോടതി വ്യക്തമാക്കി. എഫ്.ഐ.ആര്‍ റദ്ദാക്കിയ നടപടിയ്ക്കെതിരെയും സുപ്രീം കോടതി വിമര്‍ശനമുണ്ട്. അപ്പീല്‍ അനുമതി നല്‍കിയാണ് കോടതി വിധി.