പെരിയ ഇരട്ടക്കൊലക്കേസില്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലുള്ള ആദ്യ 11 പ്രതികളെ അതീവ സുരക്ഷാ സെല്ലിലേക്ക് മാറ്റാന്‍ ഡി.ജി.പി ഉത്തരവിട്ടു

കാസര്‍കോട്: പെരിയ ഇരട്ടക്കൊലക്കേസില്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലുള്ള ആദ്യ 11 പ്രതികളെ അതീവ സുരക്ഷാ സെല്ലിലേക്ക് മാറ്റാന്‍ ഡി.ജി.പി ഉത്തരവിട്ടു.എറണാകുളം സി.ബി.ഐ കോടതിയില്‍ കേസിന്റെ വിചാരണ നടപടികള്‍ പുരോഗമിക്കുന്ന ഘട്ടത്തിലാണ് ഡി.ജി.പിയുടെ ഉത്തരവ്.
പെരിയ കേസില്‍ പ്രതികളെ വീഡിയോ കോണ്‍ഫറന്‍സ് മുഖേനയാണ് വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് കോടതി നടപടികളില്‍ ഹാജരാക്കുന്നത്.നേരത്തെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലായിരുന്ന പ്രതികള്‍ക്ക് സുഖചികിത്സയും സുഖവാസവും ലഭിക്കുന്നതായി പരാതി ഉയര്‍ന്നതിനെ തുടര്‍ന്നാണ് സി.ബി.ഐ കോടതിയുടെ നിര്‍ദേശപ്രകാരം വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റിയത്. ഒന്നാം പ്രതി പീതാംബരനടക്കമുള്ള പ്രതികള്‍ നാല് വര്‍ഷത്തിലേറെയായി ജയിലിലാണ്.ഒന്നാം പ്രതിക്ക് സി.പി.എം നിയന്ത്രണത്തിലുള്ള കണ്ണൂരിലെ ആയുര്‍വേദ ആസ്പത്രിയില്‍ ഒരു മാസത്തോളം സുഖചികിത്സ നല്‍കിയെന്ന ആരോപണത്തെ തുടര്‍ന്നാണ് പ്രതികളെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റിയത്.
അതിനിടെ ഇരട്ടക്കൊലക്കേസിലെ സാക്ഷിവിസ്താരം എറണാകുളം സി.ബി.ഐ കോടതിയില്‍ പുരോഗമിക്കുകയാണ്. കൊല്ലപ്പെട്ട ശരത് ലാല്‍, കൃപേഷ് എന്നിവരുടെ മാതാപിതാക്കളെയും സഹോദരിമാരെയും കോടതി ഇതിനകം വിസ്തരിച്ചു കഴിഞ്ഞു. മറ്റു സാക്ഷികളുടെ വിസ്താരം തുടരുകയാണ്. കോടതിയില്‍ ജാമ്യത്തിലിറങ്ങിയ മുന്‍ എം.എല്‍.എ കെ.വി.കുഞ്ഞിരാമന്‍, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.മണികണ്ഠനടക്കം ഏഴ് പ്രതികള്‍ കോടതിയില്‍ വിചാരണക്ക് ഹാജരായി വരുന്നുണ്ട്.