കാറഡുക്ക ആനപ്രതിരോധ പദ്ധതി 9 കിലോമീറ്റർ വേലി നിർമാണം മാർച്ച് 31 ന് പൂർത്തീകരിക്കും

Share

കാറഡുക്ക ആനപ്രതിരോധ പദ്ധതിയുടെ ഭാഗമായി രണ്ടാം ഘട്ടത്തിൽ നിർമിക്കുന്ന 9 കിലോമീറ്റർ തൂക്ക് വേലി നിർമാണം മാർച്ച് 31 ന് പൂർത്തീകരിക്കാൻ തീരുമാനം. ആദ്യഘട്ടത്തിൽ ബെള്ളക്കാന മുതൽ ചിക്കണ്ടമൂല-പാലാർ വരെ 8 കിമീ വേലി കഴിഞ്ഞ വർഷം നവംബറിൽ പൂർത്തിയായിരുന്നു. ഇനി തലപ്പച്ചേരി കർണാടക അതിർത്തി മുതൽ ബെള്ളക്കാന വരെ അഞ്ച് കിലോമീറ്ററും ചിക്കണ്ടമൂല മുതൽ അൻചിനടുക്ക വരെ നാല് കിലോമീറ്റർ ദൂരവുമാണ് വേലി നിർമിക്കുക. ആദ്യഘട്ടത്തിലെ എട്ടും രണ്ടാം ഘട്ടത്തിലെ ഒമ്പതും നിർമാണം പൂർത്തിയായാൽ 17 കിലോമീറ്റർ തുടർച്ചയായ വേലിയാകും. ഇതോടെ ദേലംപാടിയിലെ പാണ്ടി വനമേഖലയോട് ചേർന്ന് നിൽക്കുന്ന ജനവാസകേന്ദ്രങ്ങൾ, കാറഡുക്ക, മുളിയാർ, ബേഡഡുക്ക, കുറ്റിക്കോൽ പഞ്ചായത്തുകൾ എന്നിവിടങ്ങളിലേക്കുള്ള രൂക്ഷമായ കാട്ടാനശല്യത്തിന് പരിഹാരമാവും ജനപ്രതിധികളും വനംവകുപ്പും നിർമാണപ്രവർത്തനങ്ങൾ വേഗത്തിലാക്കാനുള്ള എല്ലാ സഹായവും കരാറുകാർക്ക് വാഗ്ദാനം ചെയ്തു. കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ചേർന്ന ജനപ്രതിനിധികളുടെയും വനംവകുപ്പ് ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് തീരുമാനം. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിജിമാത്യു അധ്യക്ഷനായി. സെക്രട്ടറി കെ മൃദുല, മുളിയാർ, ദേലംപാടി, കാറഡുക്ക പഞ്ചായത്ത് പ്രസിഡന്റുമാരായ പി വി മിനി, എ പി ഉഷ, കെ ഗോപാലകൃഷ്ണ, കാസർകോട് റേഞ്ച് വനംമേധാവി ടി ജി സോളമൻ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷനായ ബി കെ നാരായണൻ, പി സവിത, ബ്ലോക്ക് അംഗങ്ങളായ സാവിത്രി ബാലൻ, വാസന്തിഗോപാലൻ, ചാണിയ നായ്ക്, ബേഡഡുക്ക പഞ്ചായത്തംഗം ഇ രജനി, സെക്ഷൻ ഫോറസ്ററ് ഉദ്യോഗസ്ഥരായ എം പി രാജു, പി പ്രവീൺകുമാർ, കേരളാ പോലീസ് ഹൗസിങ് കോർപറേഷൻ പ്രതിനിധികളായ പി എം ഹംസാർ, എം എ നാസർ എന്നിവർ സംസാരിച്ചു.

ആനകളെയും തുരത്തും

വേലി നിർമാണം പൂർത്തിയാകുന്നതോടെ പാണ്ടി, മുളിയാർ വനമേഖലയിലെ കാട്ടാനകളെ പൂർണമായും തുരത്തുമെന്ന് വനംവകുപ്പ് അധികൃതർ അറിയിച്ചു. കനത്ത ചൂടിൽ വനമേഖലയിൽ നിന്ന് ആനകളെ തുരത്താൻ കഴിയാത്ത അവസ്ഥയുണ്ട്. ചെറിയ കുട്ടികൾ ഉള്ള കൂട്ടാതെയും തുരത്താൻ പ്രയാസമാണ്. ജനവാസമേഖലയിൽ ഇറങ്ങാതിരിക്കാൻ പരമാവധി ശ്രദ്ധിക്കാറുണ്ട്. മുളിയാർ ഒരാനയും മറ്റുള്ള ആനകൾ പാണ്ടിയിലുമാണുള്ളത്. കൃഷിയിടത്തിൽ ഇറങ്ങി നശിപ്പിക്കാതിരിക്കാൻ പരമാവധി ശ്രമിക്കുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

Back to Top