ബദിയഡുക്കയിൽ അടച്ചിട്ട വീട്ടിൽ കവർച്ച.

Share

കാസർകോട്: ബദിയഡുക്കയിൽ അടച്ചിട്ട വീട്ടിൽ കവർച്ച. പള്ളത്തടുക്ക നിഷ മൻസിലിൽ അബ്ദുൾ റസാഖിന്റെ വീട്ടിൽ ഞായറാഴ്ച രാത്രിയാണ് മോഷണം നടന്നത്. 37 പവൻ സ്വർണാഭരണങ്ങളും 6,500 രൂപയും നഷ്ടമായി.മുൻവശത്തെ വാതിൽ തകർത്താണ് മോഷ്ടാക്കൾ വീടിനുള്ളിൽ കയറിയതെന്ന് പൊലീസ് വ്യക്തമാക്കി. കുടുംബത്തിന്റെ പരാതി ലഭിച്ച സാഹചര്യത്തിൽ കാസർകോട് ഡി വൈ എസ് പി പികെ സുധാകരന്റെ നേതൃത്വത്തിൽ പൊലീസും വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പ്രാഥമിക പരിശോധന നടത്തി. സമീപ പ്രദേശങ്ങളിലെ സി സിടിവി ദൃശ്യങ്ങളും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.മോഷ്ടാവ് കൈയുറ ധരിച്ചാണ് കവർച്ച നടത്തിയതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. അബ്ദുൾ റസാഖും കുടുംബവും ബന്ധുവീട്ടിൽ പോയപ്പോഴായിരുന്നു മോഷണം. മുറിയിലെ അലമാരയ്ക്കുള്ളിലായിരുന്നു സ്വർണം സൂക്ഷിച്ചിരുന്നത്.കഴിഞ്ഞ ദിവസം ആളില്ലാത്ത വീടുകളുടെ പൂട്ട് പൊളിച്ച് കവർച്ച നടത്തുന്ന മോഷ്ടാവിനെ പൊലീസ് പിടികൂടിയിരുന്നു. കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷന് സമീപം ഗാർഡർ വളപ്പിൽ താമസിക്കുന്ന ആസിഫാണ് പിടിയിലായത്. ചീമേനി എസ് ഐ കെ അജിതയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ആയിരുന്നു ഇയാളെ അറസ്റ്റ്  ചെയ്തത്.ആളില്ലാത്ത വീടുകളിൽ പകൽ സമയം എത്തി പൂട്ട് പൊളിച്ച് ഉള്ളിൽ കടന്നാണ് ഇയാൾ കവർച്ച നടത്തിയത്. കയ്യൂർ, ഞണ്ടാടി, ആലന്തട്ട എന്നീ പ്രദേശങ്ങളിലെ വീടുകളിൽ നിന്നും ഇയാൾ സ്വർണവും പണവും മോഷ്ടിച്ചിരുന്നു. ഈ സംഭവം പ്രദേശത്തെ ജനങ്ങൾക്കിടയിൽ വലിയ ആശങ്ക സൃഷ്ടിച്ചിരുന്നു.

ഈ സാഹചര്യത്തിൽ ആസിഫിനെ പിടികൂടാൻ പ്രത്യേക സ്ക്വാഡിനെയും പൊലീസ് തയ്യാറാക്കിയിട്ടുണ്ട്. ജില്ല പൊലീസ് മേധാവി വൈഭവ് സക്സേന, കാഞ്ഞങ്ങാട് ഡി വൈ എസ്പി പി ബാലകൃഷ്ണൻ നായർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണ സംഘത്തെ നിയോഗിച്ചത്. പൊലീസ് നടത്തിയ പഴുതടച്ച അന്വേഷണത്തിനൊടുവിലാണ് ആസിഫ് പിടിയിലായത്.

Back to Top