ഒരാഴ്ച മുൻപ് ഇസ്രയേലിൽ കാണാതായ കണ്ണൂർ ഇരിട്ടി സ്വദേശി ബിജു കുര്യൻ കേരളത്തിൽ തിരിച്ചെത്തി.

Share

φകരിപ്പൂർ• ഒരാഴ്ച മുൻപ് ഇസ്രയേലിൽ കാണാതായ കർഷകൻ കണ്ണൂർ ഇരിട്ടി സ്വദേശി ബിജു കുര്യൻ കേരളത്തിൽ തിരിച്ചെത്തി. ഇന്നു പുലർച്ചെ ഗൾഫ് എയർ വിമാനത്തിൽ കരിപ്പൂർ വിമാനത്താവളത്തിലാണ് എത്തിയത്. ഇസ്രയേലിൽനിന്ന് സ്വമേധയാ മടങ്ങുകയായിരുന്നുവെന്ന് ബിജു മാധ്യമങ്ങളോട് പറഞ്ഞു.
‘‘ബത്‌ലഹേം അടക്കം പുണ്യസ്ഥലങ്ങൾ സന്ദർശിക്കാനാണ് സംഘത്തിൽനിന്ന് പോയത്. സംഘത്തോട് പറഞ്ഞാൽ അനുവാദം കിട്ടില്ലെന്ന് കരുതി. സംസ്ഥാന സർക്കാരിനോടും കൃഷിവകുപ്പിനോടും സംഘാംഗങ്ങളോടും മാപ്പു ചോദിക്കുന്നു. മടങ്ങാനുള്ള ടിക്കറ്റ് സഹോദരൻ എടുത്ത് അയച്ചുതരികയായിരുന്നു. ഒരു ഏജൻസിയും തന്നെ അന്വേഷിച്ച് വന്നില്ല’’– ബിജു പറഞ്ഞു.

ഇന്നലെ വൈകിട്ട് 4നു ഇസ്രയേലിലെ ടെൽ അവീവ് വിമാനത്താവളത്തിൽനിന്നു പുറപ്പെടുന്നതിനു മുൻപു ബിജു തന്നോടു ഫോണിൽ സംസാരിച്ചിരുന്നുവെന്നു സഹോദരൻ ബെന്നി പറഞ്ഞിരുന്നു. ഇക്കാര്യം കൃഷിമന്ത്രി പി.പ്രസാദിനെ ബെന്നി അറിയിച്ചു. ബെത്‍ലഹേം ഉൾപ്പെടെയുള്ള പുണ്യസ്ഥലങ്ങൾ സന്ദർശിച്ചെന്നും തന്നെ കാണാതായെന്ന വാർത്തകൾ കണ്ടതിനാൽ ഭയം മൂലമാണു നാട്ടുകാരെ വിളിക്കാതിരുന്നതെന്നും ബിജു പറഞ്ഞതായി ബെന്നി പറഞ്ഞിരുന്നു. എമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കിയ ശേഷമാണു ബിജു വിളിച്ചതെന്നും ബെന്നി പറഞ്ഞു. ബിജുവിനെ കണ്ടെത്തിയ വിവരം ഇന്ത്യൻ എംബസിയെ ആണ് ഇസ്രയേൽ അധികൃതർ അറിയിച്ചത്. ഇന്ത്യയിലേക്കു തിരിച്ച‍യച്ചെന്ന് ഇന്ത്യൻ അംബാസ‍ഡർ കൃഷി പ്രിൻസിപ്പൽ സെക്രട്ടറി ബി.അശോ‍കിനെയും അറിയിച്ചിരുന്നു.

ആധുനിക കൃഷിരീതികൾ പഠിക്കാൻ കേരളത്തിൽ നിന്നു പുറപ്പെട്ട കർഷകസംഘത്തിലെ അംഗമായ ഇരിട്ടി കെപി‍ മുക്കിലെ കോച്ചേരിൽ ബിജുവിനെ 17നു രാത്രിയാണു കാണാതായത്. ബി.അശോക് ഉൾപ്പെടെ 28 പേരടങ്ങുന്ന സംഘമാണ് 12ന് ഇസ്രയേലിലേക്കു പുറപ്പെട്ടത്. സംഘാംഗങ്ങൾ കഴിഞ്ഞ തിങ്കളാഴ്ച തിരിച്ചെത്തി. താൻ സുരക്ഷിതനാ‍ണെന്നും അന്വേഷിക്കേണ്ടതില്ലെന്നും ബിജു വീട്ടുകാരെ അറിയിച്ചിരുന്നു. സംഘത്തിൽനിന്നു വിട്ട് ജറുസ‍മിലെത്തിയെന്നും പിന്നീടു ബെത്‍ലഹേമിൽ ഒരു ദിവസം ചെലവഴിച്ചു സംഘത്തോടൊപ്പം ചേർന്നു മടങ്ങാനായിരുന്നു പദ്ധതിയെന്നുമാണു ബിജു വീട്ടുകാരെ അറിയിച്ചിരിക്കുന്നത്. വീസ റദ്ദാക്കൽ ഉൾപ്പെടെ നടപടിയിലേക്ക് സർക്കാർ കടന്നതോടെയാണു ബിജു തിരിച്ചു വരുന്നതായി അറിയിച്ചത്.

Back to Top