ഭൂമിക്കായുള്ള ആദിവാസി സമരത്തിന് സാധ്യതയുണ്ടെന്ന വിവരത്തെ തുടര്‍ന്ന് കളക്ടറേറ്റില്‍ നിയന്ത്രണം കര്‍ശനമാക്കി.

Share

കാസര്‍കോട്: ഭൂമിക്കായുള്ള ആദിവാസി സമരത്തിന് സാധ്യതയുണ്ടെന്ന വിവരത്തെ തുടര്‍ന്ന് കളക്ടറേറ്റില്‍ നിയന്ത്രണം കര്‍ശനമാക്കി.

കളക്ടറുടെ ഓഫീസ് പ്രവര്‍ത്തിക്കുന്ന പ്രധാന കവാടം ഒഴികെ മറ്റ് ആറ് പ്രവേശന കവാടങ്ങളുടെയും ഗ്രില്‍സുകള്‍ അടച്ചുപൂട്ടി.

രണ്ട് ദിവസമായി തുടരുന്ന നിയന്ത്രണം നീക്കി തിങ്കളാഴ്ച കവാടങ്ങള്‍ തുറക്കുമോ എന്ന കാര്യത്തില്‍ ഉറപ്പില്ല. കഴിഞ്ഞദിവസം ആദിവാസി വിഭാഗത്തില്‍ പെട്ടവര്‍ കളക്ടറേറ്റിന്റെ കാര്‍ പോര്‍ച്ചിലും കളക്ടറുടെ ചേബറിനടുത്തും ഉപരോധം സൃഷ്ടിച്ചതോടെയാണ് അധികൃതര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയത്. കവാടങ്ങള്‍ അടച്ചതോടെ അംഗപരിമിതരും വൃദ്ധജനങ്ങളും അടക്കമുള്ള പൊതുജനങ്ങള്‍ ഏറെ പ്രയാസം അനുഭവിക്കുകയാണ്. അംഗപരിമിതിയുള്ള നിരവധി പേര്‍ കളക്ടറേറ്റിലും അനുബന്ധഓഫീസിലും ജോലി ചെയ്യുന്നുണ്ട്. ഇവര്‍ക്കും നിയന്ത്രണങ്ങള്‍ തടസമായിട്ടുണ്ട്. മറ്റ് ജീവനക്കാര്‍ക്കും നിയന്ത്രണങ്ങള്‍ പ്രയാസം സൃഷ്ടിക്കുന്നുണ്ടെങ്കിലും ജീവനക്കാരുടെ സംഘടനകളാരും തന്നെ നിലപാട് വ്യക്തമാക്കിയിട്ടില്ല. സുരക്ഷാ ഭീഷണി ഉണ്ടെങ്കില്‍ ആവശ്യമായ പൊലീസ് സുരക്ഷാ ഏര്‍പ്പെടുത്തുകയാണ് വേണ്ടതെന്ന് ജീവനക്കാരില്‍ ചിലര്‍ ചൂണ്ടിക്കാട്ടുന്നു. ജീവനക്കാരെയും പൊതുജനങ്ങളെയും കൂട്ടിലിട്ട് നിയന്ത്രിക്കുന്ന അവസ്ഥ ഉണ്ടാവരുതെന്നും ഇത് ജനാധിപത്യ കേരളത്തിന് അപമാനമാണെന്നും വിവിധ ആവശ്യങ്ങള്‍ക്ക് കളക്‌ട്രേറ്റിലെത്തിയ ചിലര്‍ പറഞ്ഞു.

അതേസമയം, അംഗപരിമിതര്‍ക്കും മറ്റ് അവശത അനുഭവിക്കുന്നവര്‍ക്കും താഴത്തെ നിലയില്‍ തന്നെ സംവിധാനം ഒരുക്കിയിട്ടുണ്ടെന്നും നിയന്ത്രണത്തില്‍ എന്തെങ്കിലും പരാതി ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്നുമാണ് എ.ഡി.എം എ.കെ രമേന്ദ്രന്‍ പറയുന്നു. അതിനിടെ ആദിവാസി വിഭാഗക്കാരെ ഭൂമി പ്രശ്‌നത്തിന്റെ പേരില്‍ ചര്‍ചയ്ക്ക് വിളിച്ച്‌ പറ്റിച്ചുവെന്ന ആക്ഷേപവും നിലനില്‍ക്കുന്നുണ്ട്. കളക്ടര്‍ ഇവരുമായി സംസാരിക്കാന്‍ കൂട്ടാക്കിയിരുന്നില്ല. ഇവര്‍ ഉന്നയിച്ച ആവശ്യത്തില്‍ നടപടി സ്വീകരിക്കുമെന്ന് മാത്രമായിരുന്നു എ.ഡി.എം വ്യക്തമാക്കിയത്.‰

Back to Top