മഹാരാഷ്ട്രയിലെ ഔറംഗബാദിന്റെയും ഒസ്മനാബാദിന്റെയും പേര് മാറ്റാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തിന് കേന്ദ്രസര്‍ക്കാരിന്റെ അംഗീകാരം

മുംബൈ: മഹാരാഷ്ട്രയിലെ ഔറംഗബാദിന്റെയും ഒസ്മനാബാദിന്റെയും പേര് മാറ്റാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തിന് കേന്ദ്രസര്‍ക്കാരിന്റെ അംഗീകാരം. ഔറംഗാബാദ് ഇനി ഛത്രപതി സാംബാജി നഗര്‍ എന്നും ഒസ്മനാബാദ് ഇനി ധാരാശിവ് എന്നുമായിരിക്കും അറിയപ്പെടുക. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചതോടെയാണ് ഷിന്‍ഡെ സര്‍ക്കാര്‍ ഇരു നഗരങ്ങളുടെയും പുതിയ പേരുകള്‍ പ്രഖ്യാപിച്ചത്.മൂന്ന് പതിറ്റാണ്ടായി ശിവസേന ഉയര്‍ത്തിവരുന്ന ആവശ്യമാണ് ഔറംഗബാദിന്റെയും ഒസ്മനാബാദിന്റെയും പേരുമാറ്റം. ഇരുനഗരങ്ങളുടെയും പേര് മാറ്റണമെന്നത് മഹാരാഷ്ട്രയിലെ മഹാവികാസ് അഘാഡി സര്‍ക്കാരിന്റെ അവസാന മന്ത്രിസഭാ തീരുമാനമായിരുന്നു. രാജിവയ്ക്കുന്നതിന് മൂന്ന് മണിക്കൂര്‍ മുന്‍പ് ഉദ്ധവ് താക്കറെയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭായോഗത്തിലായിരുന്നു തീരുമാനത്തിന് അംഗീകാരം ലഭിച്ചത്. പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തര മന്ത്രിയും പേര് മാറ്റാന്‍ അനുമതി നല്‍കിയിട്ടുണ്ടെന്നും ഇരുവര്‍ക്കും നന്ദി പറയുന്നുവെന്നും വ്യക്തമാക്കി മഹാരാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ആണ് ട്വിറ്ററിലൂടെ ഇക്കാര്യം പങ്കുവെച്ചത്.
മറാത്ത രാജാവായിരുന്ന ഛത്രപതി ശിവജിയുടെ മൂത്ത മകനായിരുന്നു സംഭാജി. സംഭാജിയുടെ കാലത്താണ് മുഗള്‍ രാജവംശവുമായുള്ള മറാത്തകളുടെ പോരാട്ടം ശക്തമായത്. 1687ലെ പോരാട്ടത്തില്‍ മുഗളന്മാര്‍ മറാത്ത രാജവംശത്തിനു മേല്‍ വ്യക്തമായ ആധിപത്യം സ്ഥാപിച്ചു. 1689ല്‍ ഒറ്റു കൊടുക്കപ്പെട്ട സംഭാജി മുഗളന്മാരുടെ പിടിയിലായി. മുഗള്‍ രാജാവായിരുന്ന ഔറംഗസീബിന്റെ ഉത്തരവനുസരിച്ച് അദ്ദേഹത്തെ അതിക്രൂരമായി കൊലപ്പെടുത്തുകയായിരുന്നുവെന്നും ചരിത്രകാരന്മാര്‍ പറയുന്നുണ്ട്. സംഭാജിയെ വധിക്കാന്‍ ഉത്തരവ് നല്‍കിയ ഔറംഗസീബാണ് പതിനേഴാം നൂറ്റാണ്ടില്‍ ഔറംഗബാദിന് ആ പേര് നല്‍കിയത്. എട്ടാം നൂറ്റാണ്ടില്‍ ഒസ്മനാബാദിനടുത്ത് സ്ഥിതി ചെയ്തിരുന്ന ഗുഹയുടെ പേരാണ് ധാരാശിവ്