ഒമ്പത് ചിത്രങ്ങൾ ഒന്നിച്ചു റിലീസിന്

Share

വൈഡ് റിലീസിംഗ് രീതിയിലേക്ക് മാറിയതിനു ശേഷം ഒരേ ദിവസം തിയറ്ററുകളിലെത്തുന്ന ചിത്രങ്ങളുടെ എണ്ണം കുറഞ്ഞിരുന്നു.

എന്നാല്‍ ഓണം, വിഷു, ക്രിസ്മസ് പോലെയുള്ള ഫെസ്റ്റിവല്‍ സീസണുകളില്‍ അഞ്ചും ആറും ചിത്രങ്ങള്‍ വരെ, അപൂര്‍വ്വമാണെങ്കിലും ഇപ്പോഴും എത്താറുമുണ്ട്. എന്നാല്‍ ആ കണക്കുകളെയൊക്കെ നിഷ്പ്രഭമാക്കുന്ന റിലീസ് ആണ് ഇന്ന് മലയാള സിനിമയില്‍ സംഭവിക്കുന്നത്. ഒന്നും രണ്ടുമല്ല, മലയാളത്തില്‍ നിന്ന് ഇന്ന് ഒന്‍പത് സിനിമകളാണ് തിയറ്ററുകളില്‍ എത്തുന്നത്.

ആറ് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഭാവന മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ന്‍റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്, അനിഖ സുരേന്ദ്രനെ നായികയാക്കി ആല്‍ഫ്രഡ് ഡി സാമുവല്‍ സംവിധാനം ചെയ്യുന്ന ഓ മൈ ഡാര്‍ലിംഗ്, അര്‍ജുന്‍ അശോകന്‍, മമിത ബൈജു, അനശ്വര രാജന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നിഖില്‍ മുരളി സംവിധാനം ചെയ്യുന്ന പ്രണയ വിലാസം, ബൈജു സന്തോഷ്‌, സംയുക്ത മേനോന്‍, ചെമ്ബന്‍ വിനോദ്, ഷൈന്‍ ടോം ചാക്കോ, ഡെയിന്‍ ഡേവിസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മനു സുധാകരന്‍ സംവിധാനം ചെയ്ത ബൂമറാംഗ്, നിത്യ ദാസ്, ശ്വേത മേനോന്‍, കൈലാഷ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അനില്‍ കുമ്ബഴ സംവിധാനം ചെയ്ത പള്ളിമണി എന്നിവയാണ് ഇന്നത്തെ റിലീസുകളില്‍ പ്രീ റിലീസ് പബ്ലിസിറ്റിയില്‍ മുന്നില്‍ നില്‍ക്കുന്ന ചിത്രങ്ങള്‍.


അനു സിത്താര, കലാഭവന്‍ ഷാജോണ്‍, അമിത് ചക്കാലയ്ക്കല്‍ തുടങ്ങിയവരെ പ്രധാന കഥാപാത്രങ്ങളാക്കി അജിത്ത് വി തോമസ് സംവിധാനം ചെയ്ത സന്തോഷം, ചന്ദുനാഥ്, സന്തോഷ് കീഴാറ്റൂര്‍, മണിക്കുട്ടന്‍ തുടങ്ങിയവരെ പ്രധാന കഥാപാത്രങ്ങളാക്കി മിനി ഐ ജി സംവിധാനം ചെയ്ത ഡിവോഴ്സ്, മണികണ്ഠനെ നായകനാക്കി നെറ്റോ ക്രിസ്റ്റഫര്‍ സംവിധാനം ചെയ്ത ഏകന്‍, രതീഷ് വെഞ്ഞാറമൂട് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച്‌ ബി ശ്രീവല്ലഭവന്‍ സംവിധാനം ചെയ്ത ധരണി എന്നിവയാണ് ഇന്ന് തിയറ്ററുകളിലെത്തുന്ന മറ്റ് മലയാള ചിത്രങ്ങള്‍.

Back to Top