കല്ലട്ര മാഹിൻ ഹാജി മുസ്ലിം ലീഗ് കാസർകോട് ജില്ലാ പ്രസിഡന്റ്; മുനീർ ഹാജി ട്രഷറർ,എ അബ്ദുർ റഹ്മാൻ ജെനറൽ സെക്രടറിയായി തുടരും;

Share

കാസറഗോഡ് : കല്ലട്ര മാഹിൻ ഹാജിയെ മുസ്ലിം ലീഗ് കാസർകോട് ജില്ലാ പ്രസിഡന്റായി തെരഞ്ഞെടുത്തു. ജനറൽ സെക്രട്ടറിയായി എ അബ്ദുർ റഹ്മാൻ തുടരും. പി മുനീർ ഹാജിയാണ് ട്രഷറർ.

പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കുന്നതിനായുള്ള കൗൺസിൽ യോഗം കാസർകോട് ടൗൺ ഹോളിൽ ബുധനാഴ്ച 12.50 മണിയോടെയാണ് തുടങ്ങി നിമിഷങ്ങൾക്കകം തന്നെ നേരത്തെ സമവായത്തിലെത്തിയ ഭാരവാഹി ലിസ്റ്റ് പ്രഖ്യാപിക്കുകയായിരുന്നു. ഗസ്റ്റ് ഹൗസിൽ നടന്ന ചർചയിലാണ് ഈ രീതിയിലുള്ള ധാരണ ഉടലെടുത്തത്.

ഒരു ഘട്ടത്തിൽ പ്രസിഡന്റ് സ്ഥാനത്തേക്ക് നിലവിലെ ജനറൽ സെക്രട്ടറി എ അബ്ദുർ റഹ്മാനും ട്രഷറർ കല്ലട്ര മാഹിൻ ഹാജിയും തമ്മിൽ മത്സരമുണ്ടാകുമെന്ന് സൂചനയുണ്ടായിരുന്നുവെങ്കിലും സംസ്ഥാന നേതൃത്വത്തിന്റെ സമവായ നീക്കത്തിനൊടുവിൽ മത്സരം ഒഴിവാക്കാൻ ധാരണയിൽ എത്തുകയായിരുന്നു. 487 അംഗ കൗൺസിലർമാരാണ് ജില്ലാ ഭാരവാഹികളെ തെരഞ്ഞെടുത്തത്. ഭാരവാഹികളുടെ വിശദമായ പട്ടിക പിന്നീട് പുറത്തുവരും.

ഓരോ മണ്ഡലത്തിൽ നിന്നും ആരൊക്കെ ജില്ലാ കമ്മിറ്റിയിലേക്ക് എത്തണമെന്നതിനെ കുറിച്ച് ഏകദേശ ധാരണയും ഈ സമവായത്തിലാണ് ഉണ്ടായത്. എന്നാൽ ചില പേരുകളോട് വിയോജിപ്പ് ഉണ്ടായിരുന്നു. ഉദുമയിൽ നിന്ന് കെഇഎ ബക്കറും, കാസർകോട് നിന്ന് എഎം കടവത്തും, കാഞ്ഞങ്ങാട് നിന്ന് എൻഎ ഖാലിദും, തൃക്കരിപ്പൂരിൽ നിന്ന് വികെപി ഹമീദലിയും മഞ്ചേശ്വരത്ത് നിന്ന് ടിഎ മൂസയും ഭാരവാഹി സ്ഥാനത്ത് എത്തിയതായാണ് ഒടുവിലത്തെ വിവരം.

നിലവിൽ അഞ്ച് വൈസ്  പ്രസിഡന്റും അഞ്ച് ജോയിന്റ് സെക്രട്ടറിയുമാണ് ഉള്ളതെങ്കിൽ അത് ഏഴ് വീതമായി ഉയർന്നേക്കും. നാല് പേരെ അധികമായി ഉൾപെടുത്തുന്നതിന് അംഗത്വ കണക്കിൽ 6000 അംഗങ്ങളുടെ കുറവ് ഉള്ളതിനാൽ സംസ്ഥാന കമ്മിറ്റിയുടെ പ്രത്യേക അനുമതി ആവശ്യമാണ്. ഇക്കാര്യത്തിലും ധാരണയായതായും അധികമായി വരുന്ന ഭാരവാഹികളെ പിന്നീട് പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്

Back to Top