ധര്‍മസ്ഥലവും ധര്‍മ്മസ്ഥലയിലെ ധര്‍മ്മദേവനും

Share

 

അണ്ണപ്പയെന്ന ഒരു മഹത്തായ ദൈവികശക്തിയുള്ള പ്രാദേശിക വ്യക്തിയാണ് മംഗലാപുരത്തെ കദ്രിയില്‍ നിന്നും ശിവലിംഗത്തെ ധര്‍മ്മസ്ഥാലയിലേക്ക് കൊണ്ടുവന്നതെന്നാണ് പ്രാദേശിക ഐതീഹ്യം. ഹെഗ്‌ഡെ കുടുംബത്തിനായി അദ്ദേഹം ജോലി ചെയ്തിരുന്നു എന്നാണ് അറിയപ്പെടുന്നത്. ഒരിക്കല്‍ ശിവനെ ആരാധിക്കാന്‍ ഹെഗ്‌ഡെ ആഗ്രഹിച്ചപ്പോള്‍ ആഗ്രഹത്തിനനുസരിച്ചു ഒരു ശിവലിംഗം ലഭിക്കുമെന്ന് അണ്ണപ്പ ഉറപ്പുനല്‍കി കാഴ്ച്ചയില്‍ നിന്നും അപ്രക്ത്യക്ഷനായി. പിറ്റേന്ന് രാവിലെ ഹെഗ്ഡെയുടെ വീട്ടില്‍നിന്നും ഏതാനും മീറ്റര്‍ അകലെയുള്ള ധര്‍മ്മസ്ഥാലയില്‍ അദ്ദേഹം ശിവലിംഗം സ്ഥാപിച്ചിരുന്നു. മംഗലാപുരത്തെ കദ്രി ക്ഷേത്രത്തില്‍ നിന്നുള്ള മഞ്ജുനാഥ ശിവന്റെ ലിംഗമാണ് ധര്‍മ്മസ്ഥാലയില്‍ എത്തിച്ചത്. മഹാ ദിവ്യശക്തിയുള്ള വ്യക്തിയാണ് അണ്ണപ്പയെന്നു തിരിച്ചറിഞ്ഞപ്പോഴേക്കും അദ്ദേഹം അവിടെനിന്നും അപ്രത്യക്ഷനായിരുന്നു. ഹെഗ്‌ഡെയ്ക്ക് പിടിപെട്ട മഹാവ്യാധി മരുന്ന് ചികിത്സയില്‍ മാറാതിരുന്നിട്ടും അണ്ണപ്പയെന്ന ദിവ്യന്റെ സഹായത്താല്‍ മാറി എന്നും ചരിത്രമുണ്ട്. ഹെഗ്ഡെയുടെ ആഗ്രഹപ്രകാരം ശിവലിംഗം ധര്‍മ്മസ്ഥലയില്‍ എത്തിയപ്പോള്‍ അണ്ണപ്പയിലെ ദിവ്യശക്തി മനസിലാക്കിയ ഹെഗ്ഡെ അദ്ദേഹത്തെ ധര്‍മ്മസ്ഥലയിലെ രക്ഷാധികാരിയായും പൂജനീയ വ്യക്തിയായും കണ്ടു.
ധര്‍മ്മവും ദാനവും തുടരണമെന്നും ഹെഗ്ഡേയോട് പറഞ്ഞതിന് ശേഷം അണ്ണപ്പസ്വാമി വടക്കുനിന്നും തെക്കോട്ടേക്ക് യാത്രതിരിച്ചു. യാത്രാവേളയില്‍ തന്റെ ദിവ്യശക്തിയില്‍ സംപ്രീതരായ ജനങ്ങള്‍ തുളുമേഖലയിലെ പല സ്ഥലങ്ങളിലും അദ്ദേഹത്തെ ആരാധിച്ചിവരുന്നു. ഇപ്പോഴും ധര്‍മ്മസ്ഥാലയിലെ ആളുകള്‍ അണ്ണപ്പയെ പ്രാദേശിക ദേവനായും നായകനുമായി അണ്ണപ്പ പഞ്ചുരുളിയായി ആരാധിക്കുന്നു.
പ്രശസ്തമായ മഞ്ജുനാഥേശ്വര ക്ഷേത്രമാണ് ധര്‍മ്മസ്ഥ ക്ഷേത്രമായി അറിയപ്പെടുന്നത്. രത്‌നഗിരിമലയുടെ മറുഭാഗത്താണ് ധര്‍മ്മസ്ഥല ക്ഷേത്രം സ്ഥിതിചെയ്യുന്നത് ബ്രിമ്മന പെര്‍ഗഡേയും തന്നെയാണ് ഈ ക്ഷേത്രവും പണികഴിപ്പിച്ചത്. ശിവനാണ് ഇവിടത്തെ പ്രതിഷ്ഠ. സ്വര്‍ണ്ണനിറത്തിലുള്ള ശിവലിംഗമാണ് ഇവിടുത്തെ പ്രത്യേകത. ശിവലിംഗ പ്രതിഷ്ഠയ്ക്കടുത്തായി നരസിംഹത്തിന്റെയും ഗണപതിയുടെയും പാര്‍വ്വതി ദേവിയുടെയും പ്രതിഷ്ഠകള്‍ ഉണ്ട്. ഇതുകൂടാതെ ധര്‍മ്മദേവതകളായ കന്യകുമാരി, കലര്‍കായ്, കാലരാഹു, കുമാരസ്വാമി എന്നീ ദേവകളുടെ കോവിലുകളും ഇവിടെയുണ്ട്. ക്ഷേത്രത്തിലെ ഭരണകാര്യങ്ങള്‍ നോക്കുന്നത് ജൈന വിഭാഗത്തില്‍പ്പെട്ട ഒരു സമിതിയാണ്. പൂജകളും മറ്റും നടത്തുന്നത് ഹിന്ദുവൈദികരാണ്.
800 വര്‍ഷങ്ങള്‍ക്കുമുന്‍പ് ദക്ഷിണ കാനറയിലെ മല്ലാര്‍മാഡി എന്ന ഗ്രാമമാണ് ഇന്നത്തെ ധര്‍മ്മസ്ഥല എന്നറിയപ്പെടുന്നത്. ‘ജെയിന്‍’ തലവന്‍ ബിര്‍മ്മന പെര്‍ഗഡേയും ഭാര്യ അമ്മു ബെല്ലയാത്തിയും നെല്ലിയാടിബീഡു എന്ന വീട്ടില്‍ താമസിച്ചു. ലളിതവും ഭക്ത വാത്സല്യവുമുള്ളവരുമായ പെര്‍ഗഡേ കുടുംബം എല്ലാവരോടുമുള്ള ആദിത്യ മര്യാദയ്ക്ക് പേര് കേട്ടവരാണ്. ഐതിഹ്യം അനുസരിച്ച് ധര്‍മ്മത്തിന്റെ രക്ഷാധികാരി മാലാഖമാര്‍ മനുഷ്യരൂപം സ്വീകരിച്ചു ധര്‍മ്മപരിശീലനം നടത്തുന്ന ഒരു സ്ഥലം തേടി പെര്‍ഗെഡിന്റെ വാസസ്ഥലത്തു എത്തി. പെര്‍ഗഡ് ദമ്പതികള്‍ ഈ വിശിഷ്ട സന്ദര്‍ശകരെ, അവരുടെ എല്ലാ ബഹുമാനത്തോടും ആദരവോട് കൂടിയും സ്വീകരിച്ചു. ആ രാത്രിയില്‍ ബിര്‍മ്മന പെര്‍ഗഡേയുടെ സ്വപ്നത്തില്‍ ധര്‍മ്മദേവന്‍ പ്രത്യക്ഷപ്പെട്ടു. അവര്‍ അദ്ദേഹത്തെ സന്ദര്‍ശിച്ചതിന്റെ ഉദ്ദേശം വിശദീകരിച്ചു. ദേവന്മാരുടെ ആരാധനക്കായി വീട് ഉപേക്ഷിക്കാനും, ധര്‍മ്മപ്രചാരണത്തിനായി ജീവിതം സമര്‍പ്പിക്കണമെന്നും ഉപദേശിച്ചു. പെര്‍ഗഡേ സ്വന്തമായി ഒരു വീട് പണിയുകയും, നെല്ലിയാഡിബിഡുവിലെത്തിയ ദേവന്മാരെ ആരാധിക്കുകയും ചെയ്തു. ആരാധന തുടരുന്നതിനിടയില്‍ ധര്‍മ്മദേവന്‍ വീണ്ടും പ്രത്യക്ഷപ്പെട്ട് നാല് ധര്‍മ്മദേവന്മാര്‍ക്കു വേണ്ടി പ്രത്യേക ആരാധനാലയങ്ങള്‍ നിര്‍മ്മിക്കുന്നു. ആചാരാനുഷ്ഠാനങ്ങള്‍ നടത്താന്‍ ബ്രാഹ്‌മണ പുരോഹിതരെ ക്ഷണിക്കുകയും ചെയ്തു. ഈ പുരോഹിതന്മാര്‍ പെര്‍ഗഡേയോട് ശിവലിംഗം സ്ഥാപിക്കാന്‍ അഭ്യര്‍ത്ഥിച്ചു. മംഗലാപുരത്തിനടുത്തുള്ള കദ്രിയില്‍ നിന്നും മഞ്ജുനാഥേശ്വരന്റെ വിഗ്രഹം വാങ്ങാന്‍ ദേവന്മാര്‍ അണ്ണപ്പ പഞ്ചുരുളിയെ അയച്ചു.
ഇന്ത്യയിലെ പ്രമുഖ ശിവക്ഷേത്രത്തില്‍ ഒന്നാണ് ധര്‍മ്മസ്ഥല. ഒട്ടേറെ ആളുകള്‍ ദേവ ദര്‍ശനത്തിനായി നിത്യേന ഇവിടെ എത്തുന്നു. മഞ്ജുനാഥസ്വാമിക്ക് മുന്നില്‍ സത്യം ചെയ്യുന്നത് പണ്ട് കാലം മുതലേ ഉള്ള ഒരു രീതിയാണ്. കള്ളസത്യം ചെയ്താല്‍ വലിയ പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്നാണ് വിശ്വാസം. ധര്‍മ്മസ്ഥലയിലെ ക്ഷേത്രങ്ങളും ബസ്തികളും സാമുദായിക സഹവര്‍ത്തിത്വത്തിന്റെ കാര്യത്തില്‍ ഈ ഒരു നാടിന് മാതൃകയാക്കാവുന്നതാണ്. ജൈനമതത്തില്‍ പെട്ടവരാണ് ഈ ക്ഷേത്രം നടത്തികൊണ്ടുപോകുകയും, ബ്രാഹ്‌മണ പൂജാരികള്‍ പൂജാകര്‍മ്മങ്ങള്‍ നടത്തുകയും ചെയ്യുന്നു. സ്വര്‍ണ്ണ നിറത്തിലുള്ള ശിവപ്രതിഷ്ഠ മാത്രമല്ല, എട്ടു ജൈനബസ്തികള്‍, ബഹുബലിയുടെ പതിനൊന്നു മീറ്റര്‍ നീളമുള്ള ഒറ്റക്കല്ലില്‍ തീര്‍ത്ത പ്രതിമ തുടങ്ങി പല ആകര്‍ഷക ഘടകങ്ങളും ഉണ്ട് ധര്‍മ്മസ്ഥലയില്‍. പുരാതന കാലം മുതലുള്ള ഒട്ടേറെ ലിഖിതങ്ങള്‍ ഇവിടെ നിന്നു കണ്ടെത്തിയിട്ടുണ്ട്. തുളുമേഖലയിലെ പഞ്ചുരുളി ദേവസ്ഥാനങ്ങളുടെ ഉത്സവവുമായി ബന്ധപ്പെട്ടു സമ്മതം ചോദിക്കുവാനും കുറി ലഭിക്കാനും ധര്‍മ്മസ്ഥലയില്‍ പോകണം എന്ന് നിര്‍ബന്ധമുണ്ട്.

Back to Top