സമം സാംസ്‌കാരികോത്സവം 24, 25, 26 തീയതികളില്‍   മുന്നാട് ഇ.എം.എസ് അക്ഷര ഗ്രാമത്തില്‍ ദൃശ്യവിസ്മയമൊരുങ്ങും

Share

സ്ത്രീ സമത്വത്തിനായി സാംസ്‌കാരിക മുന്നേറ്റം എന്ന സന്ദേശവുമായി സാംസ്‌കാരിക വകുപ്പും, കേരള ഭാഷ ഇന്‍സ്റ്റിറ്റ്യൂട്ടും, കാസര്‍കോട് ജില്ലാ പഞ്ചായത്തും സംയുക്തമായി സംഘടിപ്പിക്കുന്ന സമം സാംസ്‌കാരികോത്സവം ഫെബ്രുവരി 24, 25, 26 തീയതികളില്‍ ബേഡഡുക്ക ഗ്രാമ പഞ്ചായത്തിലെ മുന്നാട് പീപ്പിള്‍സ് കോളേജ് അങ്കണത്തില്‍ ഇ.എം.എസ് അക്ഷര ഗ്രാമത്തില്‍ നടക്കും. രണ്ട് വേദികളിലായി മൂന്നുദിനങ്ങളില്‍ ദൃശ്യവിസ്മയമൊരുക്കും. ഗസല്‍, നാടകം, ചിത്രകാര സംഗമം, ഏകപാത്ര നാടകം, പാട്ടും ചൂട്ടും നാടന്‍ കലാ സംഗമം, ഗാനമേള, മെഗാഷോ എന്നിവ അരങ്ങേറും. കേരളത്തിലെ പ്രമുഖ സാംസ്‌കാരിക പ്രതിഭകള്‍ അരങ്ങിലെത്തുന്ന പരിപാടികള്‍, വിവിധ മേഖലകളിലെ വനിതകളെ സമം പുരസ്‌കാരം നല്‍കി ആദരിക്കല്‍, കവിതാലാപന മത്സരം, വിദ്യാഭ്യാസസെമിനാര്‍ തുടങ്ങിയവ നടക്കും.

 

സമം സാംസ്‌കാരികോത്സവത്തിന്റെ വിളംബരമായി ഫെബ്രുവരി 23ന് രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ചുവരെ ജില്ലയിലെ പ്രമുഖ ചിത്രകാരന്മാര്‍ അണിനിരക്കുന്ന ചിത്രകാര സംഗമവും നടത്തും. 24ന് വൈകിട്ട് മൂന്നിന് ശിങ്കാരിമേളത്തോടെ സാംസ്‌കാരിക ഘോഷയാത്ര നടക്കും. വൈകിട്ട് പ്രശസ്ത ഗസല്‍ ഗായകന്‍ അലോഷിയും പിന്നണിഗായിക ആവണി മല്‍ഹാറും ചേര്‍ന്നൊരുക്കുന്ന അലോഷിയും ആവണിയും പാടുന്നു സംഗീതസന്ധ്യയും തുടര്‍ന്ന് കോഴിക്കോട് നാടകപ്രവര്‍ത്തക സംഘം അവതരിപ്പിക്കുന്ന ഫിദ നാടകവും അരങ്ങിലെത്തും. സതീഷ് കെ സതീഷ് ആണ് രചനയും സംവിധാനവും. വിഭജനത്തിന്റെയും വിദ്വേഷത്തിന്റെയും സമീപകാല ഇന്ത്യന്‍ അവസ്ഥകളിലൂടെയുള്ള ദൃശ്യാന്വേഷണമാണ് ഈ നാടകം.

 

25ന് രാവിലെ 10.30ന് മുന്നാട് പീപ്പിള്‍സ് കോളേജില്‍ എം.ബി.എ ഹാളില്‍ അക്കദമിക് സെമിനാര്‍ നടക്കും. ഡോ.സുജ സൂസന്‍ ജോര്‍ജ് പങ്കെടുക്കും. 25ന് രാവിലെ ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി, കോളേജ്, പൊതുവിഭാഗങ്ങളിലായി കവിതാലാപനമത്സരം സംഘടിപ്പിക്കും. വൈകിട്ട് ആറു മുതല്‍ നാടന്‍ കലാ സംഗമം പാട്ടും ചൂട്ടും, മംഗലംകളി, ആലാമിക്കളി, കോല്‍ക്കളി, കൈക്കൊട്ടി കളി തുടങ്ങിയ നാടന്‍ കലകള്‍ അവതരിപ്പിക്കും. തുടര്‍ന്ന് രാത്രി എട്ടിന്

പ്രശസ്ത ചലച്ചിത്ര നടന്‍ സന്തോഷ് കീഴാറ്റൂരിന്റെ ഏകപാത്രനാടകം പെണ്‍നടന്‍ അരങ്ങിലെത്തും. ആദ്യകാല നാടകനടന്‍ ഓച്ചിറ വേലിക്കുട്ടിയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ളതാണ് ഈ നാടകം. തുടര്‍ന്ന് ഗാനമേള ആസ്വാദകരിലേക്കെത്തും.

 

26ന് വൈകിട്ട് 5.30ന് സമാപന സമ്മേളനവും പുരസ്‌കാര സമര്‍പ്പണവും നടക്കും. വൈകിട്ട് 6.30 മുതല്‍ ചന്ദ്രന്‍ കരുവാക്കോടിന്റെ ഏകപാത്രനാടകം ഭാവുള്‍, മധു ബേഡകം ഒരുക്കുന്ന ഏകപാത്രനാടകം മരണമൊഴി . തുടര്‍ന്ന് കേരള സാഹിത്യ അക്കാദമി വൈസ് ചെയര്‍മാന്‍ പ്രശസ്ത ഗായിക പുഷ്പാവതിയുടെ നേതൃത്വത്തില്‍ മെഗാ ഷോ മ്യൂസിക് നൈറ്റ് . ഭാഷ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പുസ്തകോത്സവം 22 മുതല്‍ 26 വരെ മുന്നാട് നടക്കും.

Back to Top