ഇന്ന് സൂര്യഗ്രഹണം ; കേരളത്തിലും ദൃശ്യമാകും

Share

 

 

ഈ വര്‍ഷം ഇന്ത്യയില്‍ നിന്നും ദൃശ്യമാകുന്ന ആദ്യത്തെയും അവസാനത്തെയും സൂര്യഗ്രഹണമാണ് ഇന്ന് വൈകിട്ട് സംഭവിക്കാന്‍ പോകുന്നത്. ഇന്ത്യക്ക് പുറമെ റഷ്യയിലും, കസാഖിസ്ഥാനിലും യൂറോപ്പിന്റെ ചില ഭാഗങ്ങളിലും കൂടിയ തോതില്‍ സംഭവിക്കുന്നതാണ് സൂര്യന്റെ 80 ശതമാനത്തിലേറെ വരെ മറയ്ക്കപ്പെടുന്ന ഈ ഭാഗിക സൂര്യഗ്രഹണം. ഇന്ത്യയില്‍ നിന്ന് നിരീക്ഷിക്കുന്നവരെ സംബന്ധിച്ചിടത്തോളം ജമ്മു കശ്മീര്‍, ഹിമാചല്‍ പ്രദേശ്, പഞ്ചാബ്, ഡല്‍ഹി, ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ഗുജറാത്ത് തുടങ്ങിയ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിൽ ഉള്ളവര്‍ക്കായിരിക്കും കൂടുതല്‍ മെച്ചപ്പെട്ട രീതിയില്‍ ഈ ഗ്രഹണം കാണാന്‍ കഴിയുക. വൈകീട്ട് 5.52നാണ് കേരളത്തില്‍ സൂര്യഗ്രഹണം ദൃശ്യമാകുക, അതും വളരെ നേരിയ തോതിൽ. കോഴിക്കോട് നിന്നും നോക്കുന്നവര്‍ക്ക് സൂര്യന്റെ 7.6 ശതമാനം മറയുന്നതായി കാണാനാകും. കണ്ണൂരിലിത് 8.8 ശതമാനവും കാസര്‍ഗോട്ടുകാര്‍ക്ക് കുറച്ചുകൂടി മെച്ചപ്പെട്ട കാഴ്ചയായ 10.6 ശതമാനം ഗ്രഹണവും ദൃശ്യമാകും.

എന്താണ് സൂര്യഗ്രഹണം..?

ചന്ദ്രന്‍ സൂര്യനും ഭൂമിക്കും ഇടയില്‍ വരുമ്പോള്‍ സൂര്യന്‍ ഭാഗികമായോ, പൂര്‍ണ്ണമായോ മറയപ്പെടുന്ന പ്രതിഭാസമാണ് സൂര്യഗ്രഹണം. ഭൂമിയില്‍ നിന്ന് നോക്കുമ്പോള്‍ സൂര്യനും ചന്ദ്രനും നേര്‍രേഖയില്‍ വരുന്ന കറുത്തവാവ് ദിവസമാണ് സൂര്യഗ്രഹണം നടക്കുക. പൂര്‍ണ സൂര്യഗ്രഹണത്തില്‍ സൂര്യന്‍ മുഴുവനായും ചന്ദ്രന്റെ നിഴലില്‍ മറഞ്ഞുപോകും. എന്നാല്‍ ഭാഗിക ഗ്രഹണത്തിലോ വലയ ഗ്രഹണത്തിലോ ഇങ്ങനെ സംഭവിക്കുന്നില്ല.

Back to Top