ഉച്ചയ്ക്ക് മുങ്ങിയാല്‍ നടപടി; ജോലി സമയം പാലിക്കാത്ത ഡോക്ടര്‍മാരെ കണ്ടെത്താന്‍ ഓഡിറ്റിംങുമായി സംസ്ഥാന ആരോഗ്യ വകുപ്പ്

Share

ഡ്യൂട്ടി സമയത്ത് മുങ്ങുന്ന ഡോക്ടര്‍മാരെ പിടിക്കാന്‍ നടപടിയുമായി ആരോഗ്യവകുപ്പ്. ജോലിസമയം പാലിക്കാത്തവരെ കണ്ടെത്താന്‍ ആരോഗ്യ വകുപ്പ് ആഭ്യന്തര ഓഡിറ്റ് തുടങ്ങി. ആദ്യഘട്ടത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജിലാണ് ഓഡിറ്റ് ആരംഭിച്ചത്. ഈ മാസം ഒന്ന് മുതല്‍ 15 വരെയുള്ള തിയതികളിലെ ഡോക്ടര്‍മാരുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തും. ഓരോ ദിവസത്തേയും വര്‍ക്ക് റിപ്പോര്‍ട്ട് വകുപ്പ് മേധാവികള്‍ക്ക് കൈമാറണം. (Auditing to detect doctors who do not adhere to working hours)
മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലാണ് ഇതുമായി ബന്ധപ്പെട്ട് വകുപ്പ് മേധാവികള്‍ക്ക് പ്രത്യേക സര്‍ക്കുലറിലൂടെ നിര്‍ദേശം നല്‍കിയത്. രാവിലെ എട്ട് മുതല്‍ വൈകിട്ട് 3 മണി വരെയാണ് മെഡിക്കല്‍ കോളജ് ഡോക്ടര്‍മാരുടെ ഡ്യൂട്ടിസമയം. രാവിലെ 10 മണിക്ക് എത്തി ഉച്ചയ്ക്ക് ഒന്നിന് പല ഡോക്ടര്‍മാരും മടങ്ങുന്നുവെന്ന് ആക്ഷേപം ഉയര്‍ന്ന പശ്ചാത്തലത്തിലായിരുന്നു ഇത് പരിശോധിക്കാന്‍ കോളജ് പ്രിന്‍സിപ്പല്‍ നിര്‍ദേശം നല്‍കിയത്.
ഡോക്ടര്‍മാര്‍ക്ക് പഞ്ചിംഗ് ഏര്‍പ്പെടുത്തി സ്പാര്‍ക്കുമായി ബന്ധിപ്പിക്കുന്നത് ഉള്‍പ്പെടെ ആരോഗ്യവകുപ്പിന്റെ പരിഗണനയിലാണ്. ഡോക്ടര്‍മാരുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ എഴുതി നല്‍കാന്‍ ഒരു പ്രത്യേക ഫോര്‍മാറ്റും ഡോക്ടര്‍മാര്‍ക്ക് വകുപ്പ് മേധാവികള്‍ കൈമാറിയിട്ടുണ്ട്.

Back to Top