സുധാകരന്റെ മനസ് ബിജെപിക്ക് ഒപ്പം’; ഓഫറിടാന്‍ കഴിഞ്ഞെങ്കില്‍ നേരത്തേ പോന്നേനേയെന്ന് സുരേന്ദ്രന്‍

Share

 

സുധാകരന്റെ മനസ് ബിജെപിക്ക് ഒപ്പം’; ഓഫറിടാന്‍ കഴിഞ്ഞെങ്കില്‍ നേരത്തേ പോന്നേനേയെന്ന് സുരേന്ദ്രന്‍

കോഴിക്കോട്: കോണ്‍ഗ്രസ് നേതാക്കളുടെ മനസിലുള്ള അരക്ഷിതബോധമാണ് കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരന്റെ പ്രസ്താവനയിലൂടെ പുറത്ത് വന്നിരിക്കുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍. സുധാകരന്റെ മനസ് ബിജെപിക്ക് ഒപ്പമാണ്. സുധാകരന്റെ മാനസികാവസ്ഥയാണ് മറ്റ് കോണ്‍ഗ്രസ് നേതാക്കള്‍ക്കും. സുധാകരന്‍ പരസ്യമായി പറയുന്നു എന്ന് മാത്രം. നല്ലൊരു സാധ്യത വന്നാല്‍ കോണ്‍ഗ്രസിലെ ഒട്ടുമിക്ക നേതാക്കളും ബിജെപിയില്‍ ചേരുമെന്ന കാര്യത്തില്‍ സംശയമില്ലെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.
കോണ്‍ഗ്രസിന് മുന്നിലുള്ള ശരിയായ ഓപ്ഷന്‍ ബിജെപി മാത്രമാണ്. ഇന്ത്യയിലാകെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് അരക്ഷിത ബോധമുണ്ട്. കോണ്‍ഗ്രസ് നേതാക്കളുടെ മാനസികാവസ്ഥ ഇപ്പോള്‍ ഇങ്ങനെയാണ്. സോണിയാ ഗാന്ധിയോടും കോണ്‍ഗ്രസിനുമൊപ്പം നിന്ന് ഇനി എത്രനാള്‍ രാഷ്ട്രീയപ്രവര്‍ത്തനം നടത്താന്‍ സാധിക്കുമെന്ന ആശങ്ക നേതാക്കള്‍ക്കുണ്ട്. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പോടെ മഹാത്മാഗാന്ധി സ്വപ്‌നം കണ്ട രീതിയില്‍ കോണ്‍ഗ്രസിന്റെ കഥ കഴിയും. അത് തിരിച്ചറിഞ്ഞാണ് ഓരോരുത്തരുടെയും പ്രതികരണങ്ങള്‍. കേരളത്തില്‍ ഓഫറുകള്‍ നല്‍കാന്‍ ഒന്നും ഇല്ലാത്തതുകൊണ്ടാണ് സുധാകരന്‍ അടക്കമുള്ള നേതാക്കള്‍ ബിജെപിയിലേക്ക് വരാത്തത്. പദവികള്‍ നല്‍കാന്‍ കഴിയുമായിരുന്നെങ്കില്‍ സ്ഥിതി മറിച്ചാകുമായിരുന്നു’, ബിജെപി അദ്ധ്യക്ഷന്‍ അവകാശപ്പെട്ടു.

സുധാകരന്റെ പേര് പറഞ്ഞ് ഇടതുമുന്നണിയിലേക്ക് പോകാനുള്ള ശ്രമമാണ് മുസ്‌ലിം ലീഗ് നടത്തുന്നതെന്നും സുരേന്ദ്രന്‍ ആരോപിച്ചു. ‘കോണ്‍ഗ്രസിന് ഇനി എത്രനാള്‍ പിടിച്ചുനില്‍ക്കാനാകും. സുധാകരന്റെ പ്രസ്താവനയ്‌ക്കെതിരെ ലീഗ് നേതാക്കളാണ് രംഗത്ത് വന്നത്. കോണ്‍ഗ്രസ് നേതാക്കള്‍ എന്ത് പറയണം എന്ന് തീരുമാനിക്കുന്നത് ലീഗുകാരാണ്. ലീഗ് പറയുന്നതിന് അനുസരിച്ചേ പോകാന്‍ പറ്റൂ എന്ന് പറയുന്നത് കോണ്‍ഗ്രസിനെ സംബന്ധിച്ച് ആത്മഹത്യാപരമാണ്. ലീഗിന്റെ അപ്രമാദിത്വമാണ് യുഡിഎഫില്‍. സുധാകരന്റെ പേര് പറഞ്ഞ് ഇടതുമുന്നണിയിലേക്ക് ചാടാനാണ് മുസ്‌ലിം ലീഗും കുഞ്ഞാലിക്കുട്ടിയും നോക്കുന്നത്. സുധാകരന്‍ ആര്‍എസ്എസ് അനുഭാവം പ്രകടിപ്പിക്കുന്നു എന്ന് പറഞ്ഞ് എളുപ്പത്തില്‍ എല്‍ഡിഎഫിലേക്ക് ചാടാനാണ് ശ്രമം’, സുരേന്ദ്രന്‍ ആരോപിച്ചു.

Back to Top