ആദ്യ സ്വര്‍ണക്കടത്ത്, ഭര്‍ത്താവിന്റെ നിര്‍ബന്ധപ്രകാരമെന്ന് പിടിയിലായ കാസർകോട് സ്വദേശിനിയുടെ മൊഴി

Share

മലപ്പുറം: ദുബായിൽനിന്ന് കരിപ്പൂർ വിമാനത്താവളം വഴി ഒന്നരക്കിലോയിലേറെ സ്വർണം കടത്തിയത് ഭർത്താവിന്റെ നിർബന്ധപ്രകാരമെന്ന് യുവതിയുടെ മൊഴി. ഞായറാഴ്ച രാത്രി കരിപ്പൂർ വിമാനത്താവളത്തിന് പുറത്ത് സ്വർണവുമായി പിടിയിലായ കാസർകോട് സ്വദേശി ഷഹല(19)യാണ് പോലീസിനോട് ഇക്കാര്യം വെളിപ്പെടുത്തിയത്.

ഞായറാഴ്ച രാത്രി ദുബായിൽനിന്നുള്ള എയർഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് ഷഹല കരിപ്പൂരിലെത്തിയത്. യുവതി സ്വർണം കടത്തുന്നതായി മലപ്പുറം ജില്ലാ പോലീസ് മേധാവിക്ക് നേരത്തെ രഹസ്യവിവരം ലഭിച്ചിരുന്നു. ഇതനുസരിച്ച് കസ്റ്റംസ് പരിശോധന കഴിഞ്ഞ് രാത്രി 11 മണിയോടെ വിമാനത്താവളത്തിന് പുറത്തിറങ്ങിയ യുവതിയെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

മണിക്കൂറുകളോളം ചോദ്യംചെയ്തിട്ടും തന്റെ കൈയിൽ സ്വർണമില്ലെന്നായിരുന്നു ഷഹല ആദ്യം പറഞ്ഞിരുന്നത്. ഓരോ ചോദ്യങ്ങൾക്കും ആത്മധൈര്യം കൈവിടാതെയാണ് യുവതി മറുപടി നൽകിയതെന്നും പോലീസ് പറയുന്നു. താൻ സ്വർണക്കടത്തിന്റെ കാരിയറാണെന്നോ തന്റെ കൈയിൽ സ്വർണമുണ്ടെന്നോ ഒരുഘട്ടത്തിൽ പോലും ഇവർ സമ്മതിച്ചിരുന്നില്ല. ഇതോടെയാണ് പോലീസ് വിശദമായ പരിശോധന നടത്തിയത്.യുവതിയുടെ ലഗേജുകളായിരുന്നു ആദ്യം പരിശോധിച്ചത്. എന്നാൽ ലഗേജുകളിൽനിന്ന് സ്വർണം കണ്ടെത്താനായില്ല. തുടർന്ന് ദേഹപരിശോധന നടത്തിയതോടെയാണ് ഉൾവസ്ത്രത്തിനുള്ളിൽ അതിവിദഗ്ധമായി തുന്നിച്ചേർത്തനിലയിൽ 1.8 കിലോ സ്വർണം മിശ്രിത രൂപത്തിലാക്കി ഒളിപ്പിച്ചത് കണ്ടെത്തിയത്.

മൂന്ന് പാക്കറ്റുകളിലായാണ് ഷഹല ഉൾവസ്ത്രത്തിനുള്ളിൽ സ്വർണമിശ്രിതം ഒളിപ്പിച്ചിരുന്നത്. പിടികൂടിയ സ്വർണത്തിന് വിപണിയിൽ ഒരു കോടിയോളം രൂപ വിലവരും.

അതേസമയം, ഷഹല ആദ്യമായാണ് സ്വർണം കടത്തുന്നതെന്നാണ് പ്രാഥമിക അന്വേഷണത്തിൽ പോലീസിന് ലഭിച്ചവിവരം. കാസർകോട് സ്വദേശിയായ ഭർത്താവിന്റെ നിർബന്ധപ്രകാരമാണ് സ്വർണം കടത്തിയതെന്നും യുവതി മൊഴി നൽകിയിട്ടുണ്ട്. ഇതുസംബന്ധിച്ച് പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്. പിടിച്ചെടുത്ത സ്വർണം കോടതിയിൽ സമർപ്പിക്കും. തുടരന്വേഷണത്തിനായി വിശദമായ റിപ്പോർട്ട് കസ്റ്റംസിനും നൽകും.

 

Back to Top