കാസർഗോഡ് ജില്ല ഇൻഫർമേഷൻ ഓഫീസിന്റെ നേതൃത്വത്തിൽ പരപ്പ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടത്തിയ പട്ടിക വർഗ്ഗ സംഗമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം ലക്ഷ്മി യും ഫോക് ലോർ അക്കാദമി അവാർഡ് ജേതാവ് ഉമ്പിച്ചി അമ്മയും ചേർന്ന് ഉദ്ഘാടനം ചെയ്തു

Share

നമ്മന എല്ലഗെ,
ജീവിത പാഠങ്ങൾ അടയാളപ്പെടുത്തി പട്ടിക വർഗ സംഗമം
ഇന്നത്തെ സമൂഹവും ഭാവിതലമുറയും അറിഞ്ഞിരിക്കേണ്ട ജീവിതപാഠങ്ങൾ അടയാളപ്പെടുത്തുന്നതായി ജില്ലാ ഇൻഫർമേഷൻ ഓഫീസ് പരപ്പ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നമ്മന എല്ലഗെ പേരിൽ സംഘടിപ്പിച്ച പട്ടിക വർഗ സംഗമം . സ്ത്രീ സുരക്ഷ മുൻ നിർത്തിയുള്ള നിയമങ്ങൾ, സ്വയം പ്രതിരോധത്തിനുള്ള പ്രായോഗിക പാഠങ്ങൾ , ഭാവി വിദ്യാഭ്യാസ സാധ്യതകൾ, ജോലി സാധ്യതകൾ, ലഹരി വിരുദ്ധ സന്ദേശം എന്നിവ പരിപാടിയിൽ വിഷയങ്ങളായി. സമൂഹത്തിന്റെ ഭാവി ജീവിതത്തിൽ അത്യാവശ്യമായി വരുന്ന നമ്മുടെ നാളേക്ക് എന്ന പേര് അന്വർത്ഥമാക്കുന്ന പാഠങ്ങളാണ് പരിപാടിയിൽ പ്രതിഫലിച്ചത്.
പരപ്പ ബ്ലോക്ക് ട്രൈബൽ ഡെവലപ്മെന്റ് ഓഫിസുമായി സഹകരിച്ചാണ് പരിപാടി നടത്തിയത്.
പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ലക്ഷ്മിയും മംഗലംകളി കലാകാരിയും സംസ്ഥാന ഫോക് ലോർ അക്കാദമി അവാർഡ് ജേതാവുമായ ഉമ്പിച്ചിയമ്മയും ചേർന്ന് പരിപാടി ഉദ്ഘാടനം ചെയ്തു. പരപ്പ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. ഭൂപേഷ് അധ്യക്ഷനായി. പരപ്പ പട്ടിക വർഗ വികസന ഓഫീസർ ഹെറാൾഡ് ജോൺ ആമുഖ പ്രഭാഷണം നടത്തി.
ജില്ലാ സാമൂഹിക നീതി ഓഫീസർ സി. കെ .ഷീബാ മുംതാസ് സ്ത്രീ സുരക്ഷ സെമിനാർ നയിച്ചു. സ്ത്രീ സുരക്ഷ മുൻനിർത്തിയുള്ള നിയമങ്ങളും അവ നേടേണ്ട മാർഗങ്ങളും പങ്കുവച്ചു. വനിതാ പോലീസിന്റെ സ്വയം പ്രതിരോധ സേനാംഗങ്ങൾ സ്വയം പ്രതി രോധത്തിന്റെ പ്രായോഗിക പാഠങ്ങൾ പകർന്നു നൽകി. വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷനിലെ സീനിയർ സി പി ഒ ടി.വി. സജിത , നീലേശ്വരം പോലീസ് സ്റ്റേഷനിലെ സി പി ഒ സൈദ എന്നിവരാണ് പ്രതിരോധ പാഠങ്ങൾ അവതരിപ്പിച്ചത്.
പ്രതിരോധ പാഠങ്ങളിൽ സദസും പങ്കുചേർന്നു.
ഉന്നത വിദ്യാഭ്യാസത്തിന്റെ പ്രാധാന്യവും തൊഴിൽ മേഖലകളും പരിചയപ്പെടുത്തിയ കരിയർ ഗൈഡൻസ് ക്ലാസ് ഏറെ ഉപകാരപ്രദമായി മാറി. ഹയർ സെക്കൻഡറി അധ്യാപകനും കരിയർ ഗൈഡൻസ് ട്രെയിനറുമായ ഡോ.ജി. കെ.ഗോപേഷാണ് കരിയർ ഗൈഡൻസ് ക്ലാസ് നയിച്ചത് . സമൂഹത്തെ ബാധിച്ചു കൊണ്ടിരിക്കുന്ന ലഹരി വിപത്തിന്റെ ദോഷവശങ്ങളും അത് സമൂഹത്തിനുണ്ടാക്കുന്ന പ്രത്യാഘാതങ്ങളും എക്‌സൈസ് പ്രിവൻറ്റീവ് ഓഫിസർ എൻ.ജി. രഘുനാഥൻ ലഹരി വിരുദ്ധ സെമിനാറിൽ വിവരിച്ചു. ഊരുമൂപ്പൻമാരായ രാഘവൻ, ഭാസ്കരൻ, സുരേഷ് കുമാർ, പ്രതിനിധികളായ സനോജ്, സജിത തുടങ്ങിയവർ സംസാരിച്ചു. മംഗലംകളി കലാകാരിയും ഫോക് ലോർ അക്കാദമി അവാർഡ് ജേതാവുമായ ഉമ്പിച്ചിയമ്മ അവതരിപ്പിച്ച മംഗലംകളി പാട്ട് ഏറെ വ്യത്യസ്തമായി. പരിപാടിയിൽ പങ്കെടുത്തവരുടെ പ്രതികരണങ്ങളും കലാപരിപാടികളും നടന്നു. ജില്ലാ ഇൻഫർമേഷൻ ഓഫീസർ എം. മധുസൂദനൻ സ്വാഗതവും ഇൻഫർമേഷൻ അസിസ്റ്റന്റ് അരുൺ സെബാസ്റ്റ്യൻ നന്ദിയും പറഞ്ഞു.

Back to Top