വൈഭവം തെളിയിച്ച ഭിന്നശേഷി വിളംബര ഘോഷയാത്ര വേറിട്ട കാഴ്ച്ചയായി.

Share

 

കാഞ്ഞങ്ങാട്:മുഖ്യധാരയിൽ പൊതുസമൂഹത്തോടൊപ്പം ഞങ്ങളുമുണ്ടെന്ന് ഉദ്ഘോഷിച്ച് ബൗദ്ധീകവെല്ലുവിളികൾ നേരിടുന്ന കുട്ടികൾ വെള്ളിയാഴ്ച്ച സായാഹ്നത്തിൽ കാഞ്ഞങ്ങാട്ട് നടത്തിയ ഘോഷയാത്ര നഗരത്തിന് വേറിട്ട കാഴ്ച്ചയായി. ഇന്ന് ആചരിക്കുന്ന ലോകഭിന്നശേഷി ദിനാചരണം വിളംബരം ചെയ്തു കൊണ്ടാണ് ഗ്രാമ പഞ്ചായത്ത് സഹകരണത്തോടെ ആനന്ദാശ്രമം റോട്ടറി സ്പെഷ്യൽ സ്കൂളിന്റെ നേതൃത്വത്തിൽ നഗരത്തിൽ വിളംബര ഘോഷയാത്ര നടത്തിയത്.
ഞങ്ങളും നിങ്ങളും ഒന്നാണെന്ന സന്ദേശം നൽകി ഭിന്നശേഷി വിദ്യാർത്ഥികൾ ഉച്ചത്തിൽ മുഴക്കിയ മുദ്രാവാക്യത്തിന് മികച്ച പ്രതികരണമാണ് ഘോഷയാത്രയെ അഭിവാദ്യം ചെയ്തവർ നൽകിയത്.

നോർത്ത് കോട്ടച്ചേരിയിൽ പുല്ലൂർ-പെരിയ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി.കെ.അരവിന്ദനും മുൻ അജാനൂർ പഞ്ചായത്ത് പ്രസിഡണ്ട് കെ.അബ്ദുൾ ഖാദറും ചേർന്ന് ചക്ര കസേരയിൽ ഇരുന്ന വിദ്യാർത്ഥി സി.കെ.സുബൈറിന് പതാക കൈമാറിയാണ് ഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്തത്. റോട്ടറി എം ബി എം ചാരിറ്റബ്ൾ ട്രസ്റ്റ് ചെയർമാൻ ഡോ: എം.ആർ.നമ്പ്യാർ,റോട്ടറി സ്കൂൾ ഡയറക്ട്ടർ ഗജാനന കമ്മത്ത്, പ്രിൻസിപ്പാൾ ബീന സുകു, പെയ്ഡ് ജില്ല പ്രസിഡണ്ട് ടി. മുഹമ്മദ് അസ്ലം,സെക്രട്ടറി സുബൈർ നീലേശ്വരം, സ്കൂൾ ട്രഷറർ എം.സി.ജേക്കബ്, റോട്ടറി ക്ലബ്ബ് പ്രസിഡണ്ട് കെ.കെ.സിവിച്ചൻ,സെക്രട്ടറി പ്രവീൺ ഷേണായി,സ്കൂൾ ഡപ്യൂട്ടി ഡയറക്ട്ടർ എൻ.സുരേഷ്,പി ടി എ പ്രസിഡണ്ട് കെ.ചിണ്ടൻ, സ്വാശ്രയ സൊസൈറ്റി പ്രസിഡണ്ട് ഡോ: രാജി സുരേഷ്, എൽ എൽ സി കൺവീനർ രഞ്ജിത്ത് ചക്രപാണി,ഹരീഷ്, അരുൺ തുടങ്ങിയവർ നേതൃത്വം നൽകി.മുത്തുകുട,വാദ്യമേളങ്ങളങ്ങൾ,നിശ്ചല ദൃശ്യങ്ങൾ,രാമനഗരം ഗവ: ഹയർ സെക്കണ്ടറി സ്കൂൾ സ്റ്റുഡന്റ്സ് പോലീസ് കേഡറ്റ്സ്,കുടുംബശ്രി പ്രവർത്തകർ, ദഫ്,കോൾക്കളി സംഘങ്ങൾ,തുടങ്ങിയവയും പടന്നക്കാട് നെഹ്റു കോളേജ് എൻ എസ് എസ് വളണ്ടിയേർസിന്റെ ആകർഷകമായ ഫ്ലാഷ് മോബും ഘോഷയാത്രയെ വർണ്ണാഭമാക്കി.

പടം:ഭിന്നശേഷി ദിനം വിളംബരം ചെയ്ത് കാഞ്ഞങ്ങാട്ട് നടത്തിയ ഘോഷയാത്രയ്ക്ക് തുടക്കം കുറിച്ച് പുല്ലൂർ പെരിയ പഞ്ചായത്ത് പ്രസിഡണ്ട് സി.കെ.അരവിന്ദനും മുൻ അജാനൂർ പഞ്ചായത്ത് പ്രസിഡണ്ട് കെ.അബ്ദുൾ ഖാദറും വിദ്യാർത്ഥി സി.കെ.സുബൈറിന് പതാക കൈമാറുന്നു.

Back to Top