സ്കൂള്‍, കോളേജ് വിനോദയാത്രകള്‍ ഇനി മുതല്‍ മോട്ടോര്‍ വാഹനവകുപ്പ് നല്‍കുന്ന സര്‍ട്ടിഫിക്കറ്റോട് കൂടി വേണമെന്ന് നിര്‍ദേശം.

Share

 

വിനോദ യാത്രകള്‍ക്ക് ഇനി എം.വി.ഡി സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം.സ്കൂള്‍, കോളേജ് വിനോദയാത്രകള്‍ ഇനി മുതല്‍ മോട്ടോര്‍ വാഹനവകുപ്പ് നല്‍കുന്ന സര്‍ട്ടിഫിക്കറ്റോട് കൂടി വേണമെന്ന് നിര്‍ദേശം.
ഇതിനായി യാത്രയ്ക്ക് ഏഴ് ദിവസം മുന്‍പ് സ്കൂള്‍ അധികൃതര്‍ വിവരങ്ങള്‍ ഉദ്യോഗസ്ഥരെ അറിയിക്കുകയും വാഹനം പരിശോധനക്ക് വിധേയമാക്കുകയും ചെയ്യണം. പരിശോധനയ്ക്ക് ശേഷം നല്‍കേണ്ട സര്‍ട്ടിഫിക്കറ്റിന്റെ മാതൃക ഉള്‍പ്പെടെ തയാറാക്കി മോട്ടോര്‍ വാഹനവകുപ്പ് ഉത്തരവിറക്കി. എറണാകുളം മുളന്തുരുത്തിയില്‍ നിന്ന് വിനോദയാത്രക്ക് പോയ ബസ്സായിരുന്നു വടക്കഞ്ചേരിയില്‍ അപകടത്തില്‍പെട്ടതും ഒൻപത് ജീവനുകള്‍ പൊലിഞ്ഞതും. വിനോദയാത്രകള്‍ പലതും സുരക്ഷയും നിയമവും ഉറപ്പാക്കുന്നില്ലെന്ന ആക്ഷേപം ശക്തമാണ്. സ്കൂള്‍ കോളജുകള്‍ വിനോദയാത്രാ കാലത്തിലേക്ക് കടക്കുകയുമാണ്. ഈ സാഹചര്യത്തിലാണ് വിനോദയാത്രക്ക് പോകാന്‍ എന്തെല്ലാം ചെയ്യണമെന്നതില്‍ വ്യക്തത വരുത്തി മോട്ടോര്‍ വാഹനവകുപ്പ് പുതിയ ഉത്തരവ് ഇറക്കിയിരിക്കുന്നത്.

യാത്ര പുറപ്പെടുന്നതിന് ഏഴ് ദിവസം മുന്‍പ് യാത്രയുടെയും വാഹനത്തിന്റെയും വിവരങ്ങള്‍ വിദ്യാഭ്യാസ സ്ഥാപനം മോട്ടോര്‍ വാഹനവകുപ്പിനെ അറിയിക്കണം. ഏതെങ്കിലും ആര്‍.ടി.ഒ അല്ലങ്കില്‍ ജോയിന്റ് ആര്‍.ടി.ഒ ഓഫീസിലാണ് അറിയിക്കേണ്ടത്. അതിന് ശേഷം ഡ്രൈവര്‍ വാഹനം പരിശോധനക്ക് ഹാജരാക്കണം. സംസ്ഥാനത്തെ ഏത് ആര്‍.ടി.ഒ അല്ലങ്കില്‍ ജോയിന്റ് ആര്‍.ടി.ഒ ഓഫീസില്‍ വേണമെങ്കിലും പരിശോധനക്ക് ഹാജരാക്കാം. വാഹനത്തിന്റെ നിറം, അനധികൃത രൂപമാറ്റം, രേഖകള്‍, ഡ്രൈവറുടെ പശ്ചാത്തലമെല്ലാം പരിശോധനക്ക് വിേധയമാക്കും. യാത്രയ്ക്ക് യോഗ്യമാണെങ്കില്‍ അവിടെ നിന്ന് തന്നെ സര്‍ട്ടിഫിക്കറ്റ് നല്‍കും. ഈ സര്‍ട്ടിഫിക്കറ്റ് യാത്രയില്‍ ഡ്രൈവര്‍ കൈവശം വയ്ക്കണം. യാത്രയ്ക്കിടയില്‍ എവിടെ പരിശോധനയുണ്ടായാല്‍ ഈ റിപ്പോര്‍ട്ട് കാണിച്ച്‌ യാത്ര തുടരാനാകും. വിനോദയാത്രകള്‍ സംബന്ധിച്ച്‌ നേരത്തെ ഇറക്കിയ നിര്‍ദേശങ്ങള്‍ പലതും അപ്രായോഗികമെന്ന് പരാതിയും ഉയര്‍ന്ന സാഹചര്യത്തിലാണ് ഇത്തരത്തില്‍ വ്യക്തത വരുത്തിയതെന്നും മോട്ടോര്‍ വാഹനവകുപ്പ് അറിയിച്ചു.

Back to Top