Categories
Kasaragod Latest news Literature main-slider

കണികണ്ടുണരാൻ വീണ്ടുമൊരു വിഷുപുലരി, ഗൃഹാതുരതയോടെ🖊️ പാലക്കുന്നിൽ കുട്ടി 

🖊️പാലക്കുന്നിൽ കുട്ടി 

മീനം രാശിയിൽ നിന്ന് മേടം രാശിയിലേക്കുള്ള സൂര്യന്റെ പരിക്രമണമായി വീണ്ടുമൊരു വിഷുപുലരിയെ വരവേൽക്കാൻ നമ്മൾ ഒരുങ്ങിക്കഴിഞ്ഞു.

പതിവില്ലാത്ത വിധം കൊടും ചൂടിന്റെ പിടിയിലാണ് ഈ വർഷത്തെ ഈദുൽ ഫിത്തറ് പിന്നിട്ടത്. ചുവട് വെച്ച് തൊട്ടു പിറകെ വിഷുവിനേയും വരവേൽക്കുകയാണ്‌ നമ്മൾ.. കേരളത്തിന്റെ നാൾവഴികൾ ബ്ലാക്ക് ആൻഡ് വൈറ്റ് ഫ്ലാഷ്ബാക്കിലൂടെ നോക്കിയാൽ മഴയുടെ കുറവിനോടൊപ്പം ചൂടിന്റെ കാഠിന്യവും ഇത്രത്തോളം നമുക്ക് അനുഭവിക്കേണ്ടി വന്നിട്ടുണ്ടോ എന്നത് മനസ്സിൽ ഒരു ചോദ്യചിന്ഹമായി വെന്തുരുകുന്നുണ്ട്. പ്രകൃതി സമ്മാനിച്ച ചൂടിനോടൊപ്പം തെരഞ്ഞെടുപ്പിന്റെ ചൂട് വേറെയും. വേനലിന്റെ താപനിലയിൽ വെന്തുരുകുന്ന വേളയിലെ നോയ്മ്പും തുടർന്ന് ആഘോഷിച്ച ഈദുൽ ഫിത്തറും ഒപ്പം സമാഗതമായ വിഷുവും നമുക്ക് പുണ്യ നാളുകൾ തന്നെ.

വിഷു വിശേഷങ്ങൾ

പ്രകൃതി നമുക്ക്‌ നൽകിയ അനുഗ്രഹങ്ങൾ ഓർത്തുവെക്കാനും അതൊക്കെ പരിപാലിക്കാനുമുള്ള ഓർമപ്പെടുത്തലുകൾ വിഷുവെന്ന സങ്കൽപത്തിലൂടെ നമുക്ക്‌ നിമിത്തമാകുന്നുണ്ട്. ചക്ക, മാങ്ങ, തേങ്ങ, നെല്ല്, അടക്ക വെറ്റില, കൺമഷി, ചാന്ത്, സിന്ദൂരം, നിലവിളക്ക്, വെള്ളം നിറച്ച ഓട്ടുകിണ്ടി, സ്വർണനിറമാർന്ന വെള്ളരി, സൗവർണ്ണ ശോഭയുള്ള കണിക്കൊന്നയ്ക്കും പുറമെ, ഗ്രന്ഥങ്ങൾ, സ്വർണം, നാണയം, ധാന്യങ്ങൾ, പൂക്കൾ, ഫലങ്ങൾ, കോടി വസ്ത്രം, വാൽകണ്ണാടി തുടങ്ങിയവ കണികാണാനായി ഓട്ടുരുളിയിലോ താലത്തിലോ വെക്കും. പുത്തൻ മൺകലത്തിൽ ഉണ്ണിയപ്പവും . മറ്റ് ഇഷ്ട ദേവത സങ്കൽപ്പങ്ങൾക്കൊപ്പം ശ്രീകൃഷ്ണ പ്രതിമയോ വിഗ്രഹമോ തീർച്ചയായും ഉണ്ടാകും. കണിയൊരുക്കുന്ന രീതി കേരളത്തിൽ പലയിടത്തും പലവിധമാണ്. കാർഷിക സംസ്കാരവുമായി ഏറെ ബന്ധപ്പെട്ടതാണ് വിഷുവിന്റെ വരവ്.കാർഷികവൃത്തികൾക്ക് തുടക്കം കുറിക്കുന്ന ശുഭദിനം. കാർഷികവും പ്രകൃതിപരവുമായ ഒരാഘോഷമാണല്ലോ നമുക്ക്‌ വിഷുവെന്ന പുതുവർഷാരംഭം.

കണികാണൽ

വിഷുപുലരിയിലെ ഐശ്വര്യദായകമായ കാഴ്ചയാണ് മേടം ഒന്നിന്റെ ആരംഭം.ഉണർന്നെഴുന്നേറ്റ് കണ്ണ് തുറന്നാൽ കാണുന്ന മംഗളകരമായ കാഴ്ചയാണ് വിഷുക്കണി. വീട്ടിലെ തലമുതിർന്നവർ തലേന്ന് രാത്രി തന്നെ കണിയൊരുക്കും. പുലർച്ചെ വീട്ടിലെ ഓരോരുത്തരെയും വിളിച്ചുണർത്തി കണ്ണുകൾ പൊത്തി കണിയൊരുക്കിയ ഇടത്തേക്ക് കൊണ്ടുപോകും. എല്ലാം വെട്ടിത്തിളങ്ങുന്ന സുന്ദരമായ ആ കാഴ്ചയാണ്‌ വിഷുക്കണി. തുടർന്ന് പുത്തനുടുപ്പിട്ട് സമീപ ക്ഷേത്രങ്ങളിലും തറവാടുളിലും ബന്ധു ഗൃഹങ്ങളിലും കണികാണാൻ പോകും.

വിഷു കൈനീട്ടം

വിഷുക്കണി കണ്ട ഉടനെ വീട്ടിലെ മുതിർന്ന ആൾ പ്രായം കുറഞ്ഞവർക്കും വിഷുക്കണി കാണാനെത്തുന്നവർക്കും വിഷുക്കൈനീട്ടം നൽകും. കൈനീട്ടം വാങ്ങുന്നവർക്കും അത് നൽകുന്നവർക്കും ഐശ്വര്യ സമ്പൂർണമായ ഒരു വർഷം ഉണ്ടാകാൻ ദൈവത്തിന്റെ അനുഗ്രഹം ഉണ്ടായിരിക്കുമത്രെ. കൈയ്യും മനസും തൊട്ടുരുമ്മി ഹൃദയ ശുദ്ധിയോടെ നൽകുന്നതും അതേ സ്നേഹവായ്‌പ്പോടെ സ്വീകരിക്കുന്നതും രണ്ടുപേർക്കും ആ വർഷം ഐശ്വര്യപൂർണമായിരിക്കുമെന്നാണ് പറയുന്നത് .അങ്ങോട്ട് ചെന്ന് കൈനീട്ടം നൽകരുതെന്നും വിവക്ഷയുണ്ട്. മുൻ കാലങ്ങളിൽ നാണയതുട്ടുകളായിരുന്നു കൈനീട്ടം.

ഇന്നത് പുതുപുത്തൻ നോട്ടുകളായി മാറി. ബാങ്കുകളിൽ നിന്ന് നേരത്തേ പുത്തൻ നോട്ടുകൾ കരുതിവെക്കും. കൈനീട്ടം ഗൂഗിൾ പേ ആയും നൽകുന്ന കാലം അത്ര വിദൂരമല്ല. പ്രവാസികളിൽ ചിലർ ഇഷ്ടപ്പെട്ടവർക്ക് ഇപ്പോൾ ഗൂഗിൾ പേ വഴി ‘കൈനീട്ടം’ നൽകുന്നുണ്ടെന്ന് ഒരു പ്രവാസി സുഹൃത്ത് പറഞ്ഞു. എന്തായാലും കൈനീട്ടം നൽകുന്നവർക്കും വാങ്ങുന്നവർക്കും ഉണ്ടാകുന്ന സന്തോഷത്തിന് അതിരില്ല, ആ തുകയുടെ വലിപ്പം എന്തായാലും.

വിഷു സദ്യ 

ഓണസദ്യയ്ക്ക് സമാനമായ രീതിയിൽ വീടുകളിൽ വിഷു സദ്യയൊരുക്കും. എങ്കിലും വടക്കരുടെ വിശേഷങ്ങളിൽ കോഴിവിഭവത്തിന്റെ മണവും രുചിയുമില്ലെങ്കിൽ അത് സദ്യയാവില്ല. നമുക്ക്‌ നമ്മുടെ രീതി, അവർക്ക് അവരുടെ രീതി. പച്ചക്കറിയിൽ മാത്രം ഓണം, വിഷു സദ്യയൊരുക്കുന്നവരും ഇവിടങ്ങളിൽ ഇല്ലെന്ന് പറയാനാവില്ല. മാറിയ ചുറ്റുപാടിൽ കോഴിബിരിയാണിയും നൈച്ചോറും മീൻ പൊരിച്ചതും ഉണ്ടാക്കി വിഷുസദ്യയുണ്ണുന്ന ന്യുജെൻ സംസ്കാരവും ഇവിടങ്ങളിൽ ക്ലച്ചു പിടിച്ചുതുടങ്ങിയിരിട്ടുണ്ട്.

വിഷു ആഘോഷം അവരവരുടെ ഇഷ്ടാനുസാരം നടക്കട്ടെ, അതിൽ അവർ ആനന്ദം കണ്ടെത്തുന്നുവെങ്കിൽ അതാണ് അവരുടെ വിഷു ആഘോഷം . ആഘോഷം ഏതായാലും ഭക്ഷണം എന്താണ് ഒരുക്കേണ്ടതെന്ന് തീരുമാനിക്കേണ്ടത് അവർ തന്നെയല്ലേ?

വിഷുപടക്കം

വിഷുവിന് തലേന്നാൽ മുതൽ വീടുകളിൽ പടക്കം പെട്ടിക്കൽ തുടങ്ങും.പുലർച്ചെ കണി കണ്ടശേഷവും ഇത് തുടരും. കുട്ടികൾക്ക് വിഷുവുമായി ബന്ധപ്പെട്ട് ഒഴിച്ചുകൂടാനാവാത്തതാണ് പടക്കം പൊട്ടിക്കൽ. അവർക്ക് അതാണ് വിഷു. കുഞ്ഞു നാളിൽ എനിക്കും അതായിരുന്നു ഹരം

കണിക്കൊന്ന

കൊന്ന പൂത്തുതുടങ്ങുന്നത് തന്നെ പുതുവർഷത്തിന്റെ തുടക്കമാണെന്ന വിളംബരമാണ് . ഇപ്പോഴിത് ചിലയിടങ്ങളിൽ നേരത്തേ പൂത്തുകാണാറുണ്ട്. ഇലകൊഴിയുന്ന വൃക്ഷമാണ് കൊന്ന.മഞ്ഞനിറമാർന്ന പൂങ്കുലകൾ കണ്ണിനാനന്ദം നൽകുന്ന കാഴ്ചയാണ്. സ്വർണകിങ്ങിണികൾ പോലെ ചില്ലകൾ തോറും പൂങ്കുലകൾ കാറ്റത്ത് ആടുന്നത് കണ്ടിരിക്കാൻ എന്തൊരു ചേലാണ്, അല്ലേ. വിഷുവിന് കണികണ്ടുണരാൻ പ്രകൃതി നമുക്ക് നൽകിയ വിഷുകൈനീട്ടമാണ് ഈ സ്വർണമഞ്ഞപ്പൂക്കൾ. കർണ്ണികാരം എന്നും ഇതിന് പേരുണ്ട്. ആരഗ്വധ, രാജവൃക്ഷ എന്ന് സംസ്കൃതത്തിൽ പറയും. കാസ്യുഫിസ്റ്റുല എന്നാണ് ശാസ്ത്രീയ നാമം.

വിഷു ഓർമ്മകൾ

വിഷു വിശേഷങ്ങളും വിഷു സങ്കൽപങ്ങളും ഞങ്ങളുടെ ചെറുപ്രായത്തിൽ പടക്കം പൊട്ടിക്കലിന് അമിത പ്രാധാന്യം നൽകുന്നവയായിരുന്നു. പടക്കം വാങ്ങാൻ വീട്ടിൽ നിന്ന് പൈസ കിട്ടാറില്ലാത്ത സാഹചര്യം. കുഞ്ഞു നാളിലെ ആ നൊമ്പരങ്ങൾക്ക് എന്നും ആശ്വാസം വീടിന് തൊട്ടപ്പുറത്തെ പാലക്കുന്ന് ക്ഷേത്ര പറമ്പിലെ പടുകൂറ്റൻ കാഞ്ഞിര മരമായിരുന്നു. (എന്തിനാണ് ആ മരം പിന്നീട് കൊലക്കത്തിക്ക് ഇരയാക്കിയതെന്ന് ഞാൻ ചിന്തിച്ചു പോകാറുണ്ട്. ). ആ മരത്തിൽ നിന്ന് വീഴുന്ന കാഞ്ഞിരക്കുരു ഞാനും എന്റെ അന്നത്തെ കളികൂട്ടുകാരും പെറുക്കി സഞ്ചിയിൽ സൂക്ഷിച്ചു വെക്കും. ഉദുമ ഗവ. എൽ. പി. സ്കൂളിലായിരുന്നു പ്രൈമറി വിദ്യാഭ്യാസം. സ്കൂളിനടുത്ത് അനാദി കച്ചവടക്കാരനായ മമ്മിച്ച ( പേരിൽ ഒരു സംശയമുണ്ട്. ഉദുമ ടൗണിലെ പള്ളിക്കടുത്തായിരുന്നു കട ) കാഞ്ഞിരക്കുരു തൂക്കിവാങ്ങുമായിരുന്നു. അങ്ങിനെ കിട്ടുന്ന തുട്ട് പൈസകൾ സ്വരൂപിച്ചു വെക്കുന്ന ശീലം ചെറുപ്പത്തിലുണ്ടായിരുന്നു. മമ്മിച്ച കാഞ്ഞിരക്കുരു എന്തിനാണ് വാങ്ങുന്നതെന്ന് ചോദിച്ചറിയാനുള്ള അറിവൊന്നും അന്ന് ഉണ്ടായിരുന്നില്ല. (ചർമരോഗ ചികിത്സയ്ക്ക്

ആയുർവേദ മരുന്നുണ്ടാക്കാൻ ഇപ്പോഴും കാഞ്ഞിരക്കുരു ഉപയോഗിക്കാറുണ്ടെന്ന് എന്റെ സഹപാഠിയായ അപ്പകുഞ്ഞി വൈദ്യർ പറയാറുണ്ട് ).

അമ്മയുടെ അച്ഛൻ അപ്പുടു പൂജാരി പാലക്കുന്ന് ക്ഷേത്ര ഭരണ നിർവഹണങ്ങൾ സ്വന്തം നിലയിൽ നടത്തിയിരുന്ന കാലം. തമ്പാച്ചന്റെ കുഞ്ഞു കുഞ്ഞു ആവശ്യങ്ങൾ നിറവേറ്റികൊടുക്കുമ്പോൾ വല്ലപ്പോഴും കിട്ടുന്ന എട്ടണ തുട്ടുകൾ സ്വരൂപിച്ചു വെക്കുന്ന ശീലമുണ്ടായിരുന്നു അന്ന്. മംഗലാപുരത്ത് നിന്ന് ബൻസ് വാങ്ങി കൊണ്ടുവന്ന് ഇവിടെ വില്പന നടത്തിയിരുന്ന ബൻസ് രാമേട്ടനെ മറ്റാരുമറിയാതെ ആ ‘തുട്ടുകൾ’ ഞാൻ ഏൽപ്പിക്കും.ഞങ്ങൾക്ക് പാലക്കുന്നിൽ ഉണ്ടായിരുന്ന ഹോട്ടലിലായിരുന്നു രാമേട്ടന്റെ പതിവ് താവളം. വിഷു എത്താറാകുമ്പോൾ രാമേട്ടൻ ആ പൈസയും അദ്ദേഹത്തിന്റെ കൈനീട്ടവും ചേർത്തു എനിക്ക് തിരിച്ചു തരും. ഈ എട്ടണതുട്ട് ശേഖരവും, കാഞ്ഞിരക്കുരു പൈസയും ചേർക്കുമ്പോൾ ‘തെക്കാൾപ്പിലെ’ വെടി ഞങ്ങൾക്ക് പൂരമാകും.

വിഷുവിന് പടക്കം പൊട്ടിക്കാനുള്ളകുഞ്ഞു മനസ്സിലെ ആവേശം പറഞ്ഞറിയിക്കാനാവില്ല.

പടക്കം വാങ്ങാനുള്ള ഏക ആശ്രയമായിരുന്നു ക്ഷേത്ര പറമ്പിലെ കാഞ്ഞിരമരവും തമ്പാച്ചന്റെ എട്ടണതുട്ടുകളും.

വിഷുവുമായി ബന്ധപെട്ട വൈലോപ്പിള്ളിയുടെ വരികൾ ഒരിക്കൽ കൂടി പാടിക്കൊണ്ട് ഇന്നത്തെ വിഷുചിന്തകൾ നിർത്തുന്നു.

*”ഏതു ധൂസര സങ്കൽപങ്ങളിൽ വളർന്നാലും ഏതു യന്ത്രവൽകൃത ലോകത്തിൽ പുലർന്നാലും

മനസ്സിലുണ്ടാകട്ടെ ഗ്രാമത്തിൻ വിശുദ്ധിയും മണവും മമതയും ഇത്തിരി കൊന്നപ്പൂവും” *

ഏവർക്കും എന്റെയും കുടുംബത്തിന്റെയും വിഷു ആശംസകൾ…

പാലക്കുന്നിൽ കുട്ടി

9447692439

 

 

 

 

 

 

 

 

 

Categories
Kerala Literature main-slider

മലയാള സിനിമയിലും സജീവ സാന്നിധ്യമായിരുന്നു കൊല്ലപ്പെട്ട ടിടിഇ കെ വിനോദ്.അഭിനയിച്ചത് പതിനാലിലധികം സിനിമ

മലയാള സിനിമയിലും സജീവ സാന്നിധ്യമായിരുന്നു കൊല്ലപ്പെട്ട ടിടിഇ കെ വിനോദ്.അഭിനയിച്ചത് പതിനാലിലധികം സിനിമകളിൽ.

ഇന്നലെ വൈകിട്ട് ഏഴരയോടെ എറണാകുളം-പട്‌ന എക്‌സ്പ്രസിലാണ് ടിടിഇ കെ വിനോദ് കൊല്ലപ്പെട്ടത്. തൃശൂരിനും വടക്കാഞ്ചേരി സ്റ്റേഷനുമിടയിലുള്ള വെളപ്പായയില്‍ വച്ച് ടിക്കറ്റ് ചോദിച്ചതിന്റെ പേരില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് ടിടിഇ വിനോദിനെ ഒഡീഷ സ്വദേശിയായ രജനീകാന്ത തള്ളിയിടുകയായിരുന്നു. വീഴ്ചയില്‍ തൊട്ടടുത്ത ട്രാക്കിലേക്ക് വീണ വിനോദിന്റെ ശരീരത്തിലൂടെ മറ്റൊരു ട്രെയിന്‍ കയറിയിറങ്ങി. വെളപ്പായ റെയില്‍വേ ഓവര്‍ ബ്രിഡ്ജിന് താഴെ ട്രാക്കില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. കോച്ചിലെ യാത്രക്കാര്‍ നല്‍കിയ വിവരം അനുസരിച്ച് പാലക്കാട് നിന്നാണ് പ്രതിയെ റെയില്‍വേ പൊലീസ് പിടികൂടിയത്.

വിനോദിന്റെ നിര്യാണത്തിൽ നടൻ മോഹൻലാൽ ആദരാഞ്ജലി അർപ്പിച്ചു. “സുഹൃത്തും അഭിനേതാവുമായിരുന്ന ടി ടി ഇ വിനോദിന് ആദരാഞ്ജലികൾ” എന്നാണ് മോഹന്‍ലാല്‍ കുറിച്ചത്. മോഹന്‍ലാലിന്റെ മിസ്റ്റര്‍ ഫ്രോഡ്, പെരുച്ചാഴി, എന്നും എപ്പോഴും, പുലിമുരുകന്‍, ഒപ്പം എന്നീ ചിത്രങ്ങളിലും വിനോദ് വേഷമിട്ടിട്ടുണ്ട്.

Categories
Entertainment Latest news Literature main-slider

മരുഭൂമിയിലെ ഒരു ആടുവളർത്തൽ കേന്ദ്രത്തിലെ ദാരുണസാഹചര്യങ്ങളിൽ അടിമപ്പണി ചെയ്യേണ്ടി വന്ന നജീബ് എന്ന മലയാളി യുവാവിന്റെ ‘ആട് ജീവിതം’

ബെന്യാമിൻ എഴുതിയ മലയാളം നോവലാണ്‌ ആടുജീവിതം. വലിയ സ്വപ്നങ്ങളുമായി സൗദി അറേബ്യയിൽ ജോലിയ്ക്കായി പോയി വഞ്ചിക്കപ്പെട്ട്, മരുഭൂമിയിലെ ഒരു ആടുവളർത്തൽ കേന്ദ്രത്തിലെ ദാരുണസാഹചര്യങ്ങളിൽ മൂന്നിലേറെ വർഷം അടിമപ്പണി ചെയ്യേണ്ടി വന്ന നജീബ് എന്ന മലയാളി യുവാവിന്റെ കഥയാണ്‌ ഈ കൃതി.

2008 ആഗസ്റ്റ് മാസം ആദ്യപതിപ്പിറങ്ങിയ ആടുജീവിതം, 2009-ൽ കേരള സാഹിത്യ അക്കാദമിയുടെ ഏറ്റവും നല്ല മലയാളം നൊവലിനുള്ള അവാർഡിനു തിരഞ്ഞെടുക്കപ്പെട്ടു.

ഒരു സുഹൃത്തിന്റെ ബന്ധു വഴി കിട്ടിയ തൊഴിൽ വിസയിലാണ്‌ നജീബ്  സൗദി അറേബ്യയിലേക്കു പോയത്. കൂടെ, അതേ വഴിക്കു തന്നെ വിസ കിട്ടിയ ഹക്കീം എന്ന കൂട്ടുകാരനും ഉണ്ടായിരുന്നു. റിയാദിൽ വിമാനം ഇറങ്ങിയ അവർ വിമാനത്താവളത്തിൽ അവരുടെ സ്പോൺസറെ അന്വേഷിച്ചു നടക്കുന്നതായി തോന്നിയ ഒരു അറബിയെ കണ്ടു മുട്ടുകയും സ്പോൺസറാണെന്ന് (ആർബാബ്‌, അഥവാ മുതലാളി) തെറ്റിദ്ധരിച്ച് അയാളുടെ കൂടെ പോകുകയും ചെയ്തു. അവർ എത്തിപ്പെട്ടത് മസ്ര എന്നറിയപ്പെടുന്ന രണ്ട് വ്യത്യസ്തമായിട്ടുള്ള ആടുവളർത്തൽ കേന്ദ്രത്തിൽ ആയിരുന്നു .വൃത്തിഹീനമായ സാഹചര്യത്തിൽ ആടുകളേയും ഒട്ടകങ്ങളേയും പരിപാലിച്ചുകൊണ്ടുള്ള വിശ്രമമില്ലാത്ത ജീവിതമായിരുന്നു മസറയിൽ നജീബിനെ കാത്തിരുന്നത്

പച്ചപ്പാലും, കുബൂസ് എന്ന അറബി റൊട്ടിയും, ചുരുങ്ങിയ അളവിൽ വെള്ളവും മാത്രമായിരുന്നു ആകെ കിട്ടിയിരുന്ന ഭക്ഷണം. നാട്ടിൽ പുഴവെള്ളത്തിൽ നിന്നും കരയ്ക്ക് കയറാതെ അധ്വാനിച്ചിരുന്ന നജീബിനു വെള്ളം കുടിക്കാൻ പോലും കിട്ടാത്തഅവസ്ഥയും മുഴുവൻ മണലാരണ്യം മാത്രം

മറ്റൊരു മസറയിൽ അതേ സാഹചര്യങ്ങളിൽ ഒരു പക്ഷെ അതിനേക്കാൾ മോശം ജോലി ചെയ്തിരുന്ന ഹക്കീമിനെ നജീബ് വല്ലപ്പോഴും കാണുന്നതു അറബാബിനു ഇഷ്ടമായിരുന്നില്ല.അതിനാൽ അവർ കണ്ടു മുട്ടുന്ന വേളയിൽ മർദ്ദqനം സ്ഥിരമായിരുന്നു.

ഇതിനിടെ ഹക്കീം ജോലി ചെയ്തിരുന്ന മസറയിൽ ഇബ്രാഹിം ഖാദരി എന്നൊരു സൊമാലിയക്കാരൻ കൂടി ജോലിക്കാരനായി വന്നു. ഒളിച്ചോടാനുള്ള അവസരം പാർത്തിരുന്ന ഹക്കീമും ഖാദരിയും നജീബും മസറകളിലേയും മുതലാളിമാർ, അവരിൽ ഒരാളുടെ മകളുടെ വിവാഹത്തിൽ സംബന്ധിക്കാൻ പോയ അവസരം ഉപയോഗിച്ച് ഒളിച്ചോടി. മരുഭൂമിയിലൂടെ ദിവസങ്ങൾ നീണ്ടു നിന്ന പലായനത്തിൽ ദിശനഷ്ടപ്പെട്ട അവർ ദാഹവും വിശപ്പും കൊണ്ടു വലഞ്ഞു. യാത്രയ്ക്കിടയിൽ ദാഹം സഹിക്കാതെ ഹക്കീം മരിച്ചു. പിന്നെയും പലായനം തുടർന്ന ഖാദരിയും നജീബും ഒടുവിൽ ഒരു മരുപ്പച്ച കണ്ടെത്തി.

ജീവിച്ചിരിക്കുന്ന ഒരു വ്യക്തിയുടെ അനുഭവങ്ങളെ ആധാരമാക്കിയുള്ളതെങ്കിലും ആടുജീവിതം വെറുമൊരു ജീവിതകഥയല്ലെന്ന് ഗ്രന്ഥകർത്താവ് ഓർമ്മിപ്പിക്കുന്നുണ്ട്

ബെന്യാമിന്റെ അന്തർദേശിയ തലത്തിൽ തന്നെ പ്രശസ്തമായ ആട് ജീവിതം എന്ന നോവലിനെ ആസ്പദമാക്കിയാണ് ആഗോള നിലവാരത്തിൽ മലയാളത്തിൽ ചിത്രം ഒരുങ്ങുന്നത്. വിഷ്വൽ റൊമാൻസിന്റെ ബാനറിൽ പൃഥ്വിരാജിനെ നായകനാക്കി ബ്ലെസി സംവിധാനം ചെയ്യുന്ന ‘ആടുജീവിതം’ എന്ന സിനിമയുടെ ചിത്രീകരണം  ജോർദാൻ, അൽജീരിയ, കേരളം അടക്കമുള്ള ലൊക്കേഷനുകൾ ഉപയോഗിച്ചാണ് ചെയ്തത്.

നജീബ് എന്ന കേന്ദ്രകഥാപാത്രത്തെയാണ് പൃഥ്വിരാജ് സുകുമാരൻ ചിത്രത്തിൽ അവതരിപ്പിക്കുന്നത്.

എ ആർ റഹ്മാന്റെ മ്യൂസിക് ആണ് ചിത്രത്തിലുള്ളത്.റസൂൽ പൂക്കുട്ടിയാണ് ചിത്രത്തിനായി സൗണ്ട് ഡിസൈൻ നിർവഹിക്കുന്നത്. അമല പോൾ ആണ് ചിത്രത്തിലെ നായിക. ശ്രീകർ പ്രസാദ് ചിത്രസംയോജനവും കെ.യു. മോഹനൻ, സുനിൽ കെ. എസ് എന്നിവർ ഛായാഗ്രഹണവും നിർവഹിക്കുന്നു.

 

Categories
Kasaragod Literature main-slider top news

കവിത പൂക്കുന്ന വഴികൾ പ്രകാശനം ചെയ്തു

 

നീലേശ്വരം: പടന്നക്കാട് നെഹ്റു ആർട്സ് ആൻഡ് സയന്സ് കോളേജിലെ അധ്യാപക-അധ്യാപകേതര ജീവനക്കാരുടെ കവിതകളുടെ സമാഹാരമായ കവിത പൂക്കുന്ന വഴികൾ കേരള രജിസ്ട്രേഷൻ – പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പ്രകാശനം ചെയ്തു. കോളേജിലെ നെഹ്റുവിയൻ ഹ്യൂമൻ റിസോഴ്സ് ഡവലപ്പ്മെൻ്റ് സെൻ്ററിൻ്റെ ആഭിമുഖ്യത്തിൽ ഇരുപത് ദിവസങ്ങളിലായി അധ്യാപകരും അനധ്യാപകരുമായ ഇരുപത്തൊന്ന് കവികൾ വിവിധ വിഷയങ്ങളെ അധികരിച്ച് എഴുതിയ നൂറിലധികം കവിതകളാണ് പുസ്തക രൂപത്തിൽ തയ്യാറാക്കി പത്മശ്രീ ബുക്സ് പ്രസിദ്ധീകരിച്ചത്. കേരളത്തിലെ കലാലയങ്ങളിൽ ആദ്യമായിട്ടാണ് പത്തൊമ്പത് അധ്യാപകരും രണ്ട് അനധ്യാപക ജീവനക്കാരും കവിതകളെഴുതി കവിത പൂക്കുന്ന കലാലയമാക്കി നെഹ്റു കോളേജിനെ മാറ്റിയത്. പുസ്തക പ്രകാശന ചടങ്ങിൽ പ്രിൻസിപ്പൽ ഡോ.കെ.വി.മുരളി അധ്യക്ഷത വഹിച്ചു. കോളേജ് മാനേജർ കെ.രാമനാഥൻ മുഖ്യപ്രഭാഷണം നടത്തി. എൻ.എച്ച്.ആർ.ഡി.സി. ഡയറക്ടർ ഡോ.എ.മോഹനൻ സ്വാഗതവും ടി.വി.സുധീരൻ മയ്യിച്ച നന്ദിയും പറഞ്ഞു. ക്യാപ്റ്റൻ ഡോ.നന്ദകുമാർ കോറോത്ത്, ഒ. സായിനി, വി.വിജയകുമാർ, പി.കെ.ബാലഗോപാലൻ, കോളേജ് യൂനിയൻ ചെയർമാൻ കെ.വി.വിനയ് എന്നിവർ സംസാരിച്ചു. പ്രകൃതി, പ്രണയം, സ്വാതന്ത്ര്യം, സമകാലികം, നൃത്തം തുടങ്ങിയ വിഷയങ്ങളിൽ മികച്ച കവിതകളാണ് ജീവനക്കരുടെ തൂലികയിൽ നിന്ന് വിരിഞ്ഞത്. പ്രിൻസിപ്പൽ കെ.വി.മുരളി, ഡോ.നന്ദകുമാർ കോറോത്ത്, ഡോ.എ.മോഹനൻ, ഡോ. എൻ.ടി. സുപ്രിയ, ഡോ.എം.കെ. റുഖയ്യ, എൻ.സി.ബിജു, ഡോ.കെ.പി.ഷീജ, എം.കെ. സുധീഷ്, ഡോ. ധന്യ കീപ്പേരി, ഡോ.കെ. ലിജി, ഡോ.എ.എം.അജേഷ്, ഡോ എ.ഉദയ, പി. അപർണ, ഡോ. തേജസ്വി ഡി നായർ, കെ.വി.അനിത, ടി. ഗ്രീഷ്മ, വി.കെ. ഷിബിൽ, പി.വി.ഷൈമ, അഞ്ജാലി വി കുമാർ, ഓഫീസ് സൂപ്രണ്ട് പി.കെ.ബാലഗോപാലൻ, സുധീരൻ മയ്യിച്ച എന്നിവരുടെ കവിതകളാണ് കവിത പൂക്കുന്ന വഴികളിൽ പ്രസിദ്ധീകരിച്ചിട്ടുള്ളത്. ഡോ.എ.മോഹനൻ എഡിറ്റ് ചെയ്ത കവിത സമാഹാരത്തിൻ്റെ പ്രസാധക കുറിപ്പ് തയ്യാറാക്കിയത് പ്രശസ്ത കവി നാലപ്പാടം പത്മനാഭനാണ്.

Categories
Latest news Literature main-slider

യുവ എഴുത്തുകാരർ വെളളിക്കോത്ത് സ്വദേശി ബാലഗോപാലൻ കാഞ്ഞങ്ങാടിൻ്റെ പടക്കത്തി മാണിക്യത്തിന് സാവിത്രി കെ.വി, മഡിയൻ കാഞ്ഞങ്ങാട് നൽകുന്ന ആസ്വാദന ലേഖനം

‘പെണ്ണുടൽ സൂക്ഷിക്കാൻ’

പെണ്ണ് ഉടലിനെ പിച്ചിച്ചീന്താൻ മാത്രം ആണൊരുമ്പെടുമ്പോൾ അവൾ എത്ര കഴിവുള്ളവളായിട്ടും എന്തു കാര്യം.

പടക്കത്തി മാണിക്കം ഉശിരുള്ള പെണ്ണാണവൾ എന്നിട്ടും അവളുടെ ഗതി ഇതാണെങ്കിൽ….

തന്റെ നേരെ വരുന്ന കാമകണ്ണുകളെ തടയാൻ മൂർച്ചയുള്ള വാൾ മുന പോലെ ശൗര്യമുള്ളവൾ… നേരിനോപ്പം നിൽക്കുന്ന…

നെറികേടിനെതിരെ ശബ്ദമുയർത്തുന്ന..

കഠിനാദ്ധ്വാനിയായ പെണ്ണ്…..

ഉയർന്ന മല തുരന്നു ജലതുരങ്കം ഉണ്ടാക്കാൻ കഴിവുള്ളവൾ..

മനുഷ്യനെ കടിച്ചുമുറിച്ചു തിന്നാൻ വന്ന നരിയെ പടക്കത്തി വീശി അരിയാൻ ധൈര്യമുള്ളവൾ…

തന്നെ പിച്ചിച്ചീന്താൻ വന്നവന്റെ കൈവെട്ടാൻ കെല്പുള്ളവൾ…. എന്നിട്ടും….

എന്നിട്ടും അവളെ മനസിലാക്കാൻ അവളുടെ അമ്മ പോലും കൂടെ നിന്നില്ല. അവൾ പിഴച്ചവളായി ആണിനെ മയക്കിയെടുക്കുന്നവൾ ആയി കാണുന്നു…

പിന്നെ എന്തായിരിക്കണം പെണ്ണ്….

എങ്ങനെ ഇരിക്കണം പെണ്ണ്…

അവളുടെ പെണ്ണുടൽ സൂക്ഷിക്കാൻ എന്തു ചെയ്യണം…

കൂട്ടം ചേർന്ന് ആക്രമിച്ചാൽ ഏതൊരാണിന്റെ പോലും അടിപതറും…..

അത് തന്നെയാണ്..

അതേ അവൾക്കും സംഭവിച്ചിട്ടുള്ളൂ….

പക്ഷേ അത് അവളുടെ മനസിന്റെ താളം തെറ്റിക്കാൻ മാത്രം കെല്പുള്ളതായിരുന്നു….

പക്ഷേ മാണിക്കം ഒന്നു മറന്നു

വെറിപൂണ്ട വേട്ടപ്പട്ടികൾ പുരട്ടിയ ചെളി നന്നായി കഴുകി കളയാൻ പറ്റുന്നതാണെന്നു തിരിച്ചറിഞ്ഞില്ല… അവർക്കു നഷ്ടപെടാത്തതൊന്നും തനിക്കും നഷ്ടപെടാനില്ലെന്നു മനസിലാക്കിയില്ല…

ഇതെങ്ങോട്ടാണ് നമ്മൾ പോകുന്നത് പെണ്ണിനെ പെണ്ണായി അംഗീകരിക്കാൻ കഴിയാതെ അവളുടെ കഴിവുകളെ അംഗീകരിക്കാതെ അവളുടെ മനസ്സറിയാതെ അവളുടെ ഉടൽ കാമം തീർക്കാനുള്ള ഉപകരണം മാത്രമായി കാണുന്ന വെറും ചെന്നായ്ക്കളായി മാറുകയാണോ ചിലരെങ്കിലും….

സ്ത്രീ ശാക്തീകരണമെന്നും സ്ത്രീ സമത്വം എന്നും മുറവിളി കൂട്ടുന്ന മാന്യതയുടെ മുഖംമൂടി അണിഞ്ഞ ചില മാന്യന്മാർക്കുള്ള തിരിച്ചടിയാകാം ഒരു പക്ഷേ ഈ പടക്കത്തി മാണിക്കം….

 

Categories
Kasaragod Literature main-slider

അഭിമാനമായി അഭിരാമി: കാർട്ടൂൺ രചനയിൽ തുടർച്ചയായി രണ്ടാം വർഷവും എ ഗ്രേഡ്

🖊️പാലക്കുന്നിൽ കുട്ടി

ജില്ലാ കലോത്സവത്തിൽ കാർട്ടൂൺ രചനയിൽ എ ഗ്രേഡിന്റെ തിളക്കത്തിൽ ഒന്നാം സ്ഥാനം കിട്ടിയ ആത്മവിശ്വാസത്തോടെയാണ്‌ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുക്കാൻ അഭിരാമി കൊല്ലത്തേക്ക് വണ്ടികയറിയത്. തച്ചംങ്ങാട് ഗവ. ഹൈസ്കൂളിൽ പത്താംതരത്തിൽ പഠിക്കുന്ന കെ. വി. അഭിരാമി ഹൈസ്കൂൾ വിഭാഗത്തിൽ പ്രതീക്ഷിച്ചതു പോലെ എ ഗ്രേഡ് വാങ്ങിയാണ്‌ വീട്ടിലേക്ക് മടങ്ങിയത്. തുടർച്ചയായി രണ്ടു വർഷവും ജില്ലയിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടിയ

അഭിരാമി സംസ്ഥാന തലത്തിലും അതേ മികവിൽ എ ഗ്രേഡ് നിലനിർത്തിയത് നാടിനും വീടിനും സ്കൂളിനും അഭിമാനമായി. കൊല്ലത്ത് നടന്ന മത്സരത്തിൽ “നവവർഷം പുതുകേരളം” എന്ന വിഷയത്തിലായിരുന്നു കാർട്ടൂൺ രചന. രണ്ടര മണിക്കൂറിൽ അവൾ വരച്ചത് എല്ലാവരുടെയും കൈയ്യടി നേടി. സമകാലിക സംഭവങ്ങൾ പരിപൂർണമായും മനസിലേക്ക് ആവാഹിച്ച്, അതിന് നർമത്തിന്റെ എരിവും പുളിയും മധുരവും ചേർത്ത് വരയ്ക്കാൻ ഏറെ മിടുക്കിയാണവൾ. അവൾ വരച്ച ഒട്ടേറെ കാർട്ടൂണുകൾ കണ്ടപ്പോൾ ഈ കൊച്ചുമിടുമിടുക്കി ഭാവിയിലെ അറിയപ്പെടുന്ന ‘വനിതാ കാർട്ടൂണിസ്റ്റാ’യി ഉയരുമെന്ന് സംശയലേശമന്യേ പറയാൻ സാധിക്കും. കോവിഡ് കാലതp 2023ൽ കോഴിക്കോട് നടന്ന കലോത്സവത്തിലും ഇപ്പോൾ കൊല്ലത്തും മകൾ എ ഗ്രേഡ് വാങ്ങി വന്ന ആഹ്ലാദത്തിലാണ് കുതിരക്കോട് അമ്പാടി നിലയത്തിൽ അച്ഛൻ അമ്പുജാക്ഷനും (ന്യൂ ഇന്ത്യ ഗ്ലാസ് ഏജൻസി, കാഞ്ഞങ്ങാട് ) അമ്മ ഭാരതിയും. സഹോദരൻ അഭിഷേക് ബംഗ്ലൂരിൽ സി. എ. യ്ക്ക് പഠിക്കുന്നു.

Categories
Latest news Literature main-slider

എം.എ.മുംതാസിന്റെ “മിഴി ” കവിതാ സമാഹാരത്തിന് പാറ്റ് ടാടോർ പുരസ്ക്കാരം

എറണാകുളം:പ്ലാസ്റ്റിക് കൺട്രോൾ മിഷനും പ്ലാന്റ് എ ട്രീ ഫൗണ്ടേഷനും ഏർപ്പെടുത്തിയ പാറ്റ് കവിത പുരസ്ക്കാരം പാറ്റ് ടാഗോർ പുരസ്ക്കാരം 2023 എം.എ. മുംതാസ് ടീച്ചറുടെ “മിഴി” കവിതാ സമാഹാരത്തിന് ലഭിച്ചു. 2022 ൽ കൈരളി പുസ്തകത്തിലൂടെ ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ പ്രകാശിതമായ കവിതാ സമാഹാരമാണ് മിഴി. പുസ്തകത്തിന് പ്രത്യേക ജൂറി പരാമർശവും നേടിയിട്ടുണ്ട്. എറണാകുളം ഇലഞ്ഞി സെന്റ് അൽഫോൻസാ കോളേജിൽ നടന്ന അവാർഡ് വിതരണ ചടങ്ങിൽ മഹാത്മാ ഗാന്ധി മുൻ വൈസ് ചാൻസലറും പോളിമർ ടെക്നോളജിയിലെ പ്രശസ്ത ശാസ്ത്രജ്ഞനുമായ ഡോ. സാബു തോമസ് എം.എ.മുംതാസ് ടീച്ചർക്ക് പുരസ്കാരം സമർപ്പിച്ചു.കവി ചങ്ങമ്പുഴയുടെ ചെറുമകൻ ഹരികുമാർ ചങ്ങമ്പുഴ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കോട്ടയം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ എൻ.രാജേഷ് അവാർഡ് വിതരണ ചടങ്ങ് ഉദ്ഘാടനം ചെയ്തു. കവിയും പരിസ്ഥിതി പ്രവർത്തകനുമായ സുനു വിജയൻ,ഡോ:മ്യൂസ് മേരി എന്നിവർ പ്രസംഗിച്ചു. കാസർഗോഡ് തൻബീഹുൽ ഇസ്ലാം ഹയർ സെക്കൻഡറി സ്കൂളിലെ ചരിത്ര വിഭാഗം അധ്യാപികയും എഴുത്തുകാരിയും കവിയത്രിയുമാണ് എം.എ. മുംതാസ്. ജനാധിപത്യ കലാ സാഹിത്യ വേദിയുടെ അധ്യാപക പ്രതിഭാ പുരസ്ക്കാരവും,ഭാരത് സേവക് സമാജിന്റെ സാഹിത്യത്തിനുള്ള ദേശീയപുരസ്ക്കാരവും ഇതിനകം ലഭിച്ചിട്ടുണ്ട്.

ടുലിപ്പ് പൂക്കൾ വിരിയും കാശ്മീർ താഴ് വരയിലൂടെ, എന്ന യാത്രാവിവരണ പുസ്തകം, ഓർമ്മയുടെ തീരങ്ങളിൽ എന്ന കവിതാ സമാഹാരത്തിന്റെ രചയിതാവും കൂടിയാണ് എം.എ. മുംതാസ്

സാംസ്ക്കാരിക സാമൂഹ്യ മേഖലകളിൽ സജീവമായ എം.എ. മുംതാസിന്റെ സ്വദേശം കണ്ണൂർ ജില്ലയിലെ പെരിങ്ങോത്താണ്.

ആർക്കിടെക്റ്റായ ഫൈസലും, വിദ്യാർത്ഥിയായ അഫ്സാനയും മക്കളാണ്.

 

Categories
Kasaragod Literature main-slider

സംസ്കാരങ്ങളെയും ചരിത്രത്തെയും വീണ്ടെടുക്കാനുള്ള ശ്രമമാണ് ‘ബേക്കൽ ആർട്ട് ഫോറത്തിന്റെ’ പ്രഖ്യാപിത ലക്ഷ്യമെന്നത് അഭിമാനാർഹമായ കാര്യമെന്ന് – ഡോ.എ.എം.ശ്രീധരൻ

പളളിക്കര: നമ്മളിൽ നിന്ന് അന്യം നിന്നു കൊണ്ടിരിക്കുന്ന സംസ്കാരങ്ങളെ, നമ്മുടെ ചരിത്രത്തെ വീണ്ടെടുക്കാനുള്ള ശ്രമമാണ് ‘ബേക്കൽ ആർട്ട് ഫോറത്തിന്റെ പ്രഖ്യാപിത ലക്ഷമെന്നത് അഭിമാനാർഹമായ കാര്യമാണെന്ന് കണ്ണൂർ സർവകലാശാല ബഹുഭാഷ പഠന കേന്ദ്രം ഡയറക്ടർ ഡോ.എ.എം.ശ്രീധരൻ പറഞ്ഞു.

ആ പ്രഖ്യാപത്തിന്റെ സാധൂകരണം കൂടിയാണ് റഹ്മാൻ തായലങ്ങാടി രചിച്ച ‘വാക്കിന്റെ വടക്കൻ വഴികൾ’ എന്ന പുസ്തകം ചർച്ചയ്ക്കായി തിരഞ്ഞെടുത്തതെന്നും അദ്ദേഹം വിലയിരുത്തി.

കലാ-സാംസ്കാരിക രംഗത്ത് പ്രവർത്തിക്കുന്നവരും, പ്രോത്സാഹിപ്പിക്കുന്നവരുമായ സുമനസ്സുകൾ ചേർന്ന് രൂപം നൽകിയ ബേക്കൽ ആർട്ട് ഫോറം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു. അദേഹം. ബേക്കൽ ആർട്ട് ഫോറം പ്രഥമ പ്രസിഡണ്ട് അബു ത്വാഈ അധ്യക്ഷനായി.

പ്രമുഖ മാധ്യമ പ്രവർത്തകൻ റഹ്മാൻ തായലങ്ങാടി മുഖാതിഥിയായി. ബേക്കൽ ആർട്ട് ഫോറം രക്ഷാധികാരി കെ.ഇ.എ.ബക്കർ, സെക്രട്ടറി സുകുമാരൻ പൂച്ചക്കാട്, എഴുത്തുകാരൻ ഡോ.എ.എ.സത്താർ, വൈസ് പ്രസിഡണ്ട് രാജേന്ദ്രപ്രസാദ് എന്നിവർ സംസാരിച്ചു.

റഹ്മാൻ തായലങ്ങാടിയുടെ ‘വാക്കിന്റെ വടക്കൻ വഴികൾ’ എന്ന പുസ്തക ചർച്ചയുമുണ്ടായി. ചർച്ചയിൽ കവിത എം.ചെർക്കള, സുമയ്യ തായത്ത് എന്നിവർ പങ്കെടുത്തു. തുടർന്ന് പ്രമുഖ ഗായികാ- ഗായകന്മാരുടെ സംഗീത സന്ധ്യയും നടന്നു.

ഭാരവാഹികൾ : കെ.ഇ.എ.ബക്കർ (മുഖ്യ രക്ഷാധികാരി), അബു ത്വാ ഈ (പ്രസിഡണ്ട്), കെ.എൻ.രാജേന്ദ്രപ്രസാദ് (വൈസ് പ്രസിഡണ്ട്), സുകുമാരൻ പൂച്ചക്കാട് (സെക്രട്ടറി), സി.എ.സുൽഫിക്കർ അലി (ജോ. സെക്രട്ടറി), ബി.എ.മുഹമ്മദ് കുഞ്ഞി (ട്രഷറർ)

Categories
Kasaragod Literature main-slider top news

ഭാരതീയ ധർമ്മ സംരക്ഷണ സമാജം ( ബി ഡി എസ് എസ് ) കാഞ്ഞങ്ങാട് യൂണിറ്റ് ഉദ്ഘാടനം

കാഞ്ഞങ്ങാട് – ഭാരതീയ ധർമ്മ സംരക്ഷണ സമാജം ( ബി ഡി എസ് എസ് ) കാഞ്ഞങ്ങാട് യൂണിറ്റ് ഉദ്ഘാടനം മഹാകവി പി സ്മാരക മന്ദിരത്തിൽ സ്വാമി വിശ്വാനന്ദ സരസ്വതി ( ചിൻമയ വിഷൻ, കാഞ്ഞങ്ങാട് ) നിർവ്വഹിച്ചു. ബി ഡി എസ് എസ് സംസ്ഥാന സെക്രട്ടറി രാധാകൃഷ്ണൻ വെമ്പായം അദ്ധ്യക്ഷത വഹിച്ചു . ചട്ടഞ്ചാൽ ഹയർ സെക്കൻ ണ്ടറി സ്ക്കൂൾ അദ്ധ്യാപകൻ മുരളിധരൻ പാലമംഗലം മുഖ്യ പ്രഭാഷണം നടത്തി.ഉദയകുമാർ ഏറ്റുമാനൂർ വിഷയാവതരണം നടത്തി..ചന്ദ്രമോഹൻ ഗുരുജി കൊടുങ്ങല്ലൂർ അനുഗ്രഹ പ്രഭാഷണം നടത്തി. ബി ഡി എസ് എസ് ട്രഷറർ അഡ്വ: രജ്ഞിനി രാജീവ്, ആശംസകൾ നേർന്നു. ആർട്ട് ഓഫ് ലിവിംഗ് ഭജൻ സംഘത്തിൻ്റെ ഭജൻ ചടങ്ങിന് മാറ്റ് കൂട്ടി. സംസ്ഥാന വൈസ് പ്രസിഡണ്ട് ഹരികൃഷ്ണൻ കെ സ്വാഗതവും, ബി ഡി എസ് മാതൃസമിതി അംഗം മായാ ഉല്ലാസ് നന്ദിയും പറഞ്ഞു .

Categories
Kerala Latest news Literature main-slider

എം.എ.മുംതാസിന്റെ “ടുലിപ്പ് പൂക്കൾ വിരിയും കാശ്മീർ താഴ്‌വരയിലൂടെ” എന്ന പുസ്തകം ഷാർജയിൽ പ്രകാശിതമായി, പ്രശസ്ത സാഹിത്യകാരൻ ഡോ:സി.രാവുണ്ണി പുസ്തക പ്രകാശനം നിർവ്വഹിച്ചു.

ഷാർജ:കവയത്രിയും എഴുത്തുകാരിയും, അദ്ധ്യാപികയുമായ എം.എ. മുംതാസിന്റെ യാത്രാ വിവരണ പുസ്തക പുസ്തകമായ ” ടുലിപ്പ് പൂക്കൾ വിരിയും കാശ്മീർ താഴ്‌വരയിലൂടെ” എന്ന പുസ്തകത്തിന്റെ പ്രകാശനം ഷാർജാ അന്താരാഷ്ട്ര പുസ്തകത്തിലെ മേളയിലെ റൈറ്റേഴ്സ് ഫോറത്തിൽ നടന്നു

നഗര ജീവിതത്തിൽ നിന്നും മാറി, കാശ്മീരിന്റെ ഗ്രാമജീവിതത്തെയും, സംസ്ക്കാരത്തെയും അടിസ്ഥാനപ്പെടുത്തിയുള്ള പുസ്തകമാണിത്. താഴ് വാരങ്ങളിലെ ഗ്രാമീണ ജീവിതങ്ങളുടെ വ്യത്യസ്ത ഭാവതലങ്ങൾ ഉൾക്കൊള്ളുന്നതാണ് ഇതിന്റെ പ്രമേയം

പ്രശസ്ത സാഹിത്യകാരൻ ഡോ.സി. രാവുണ്ണി പുസ്തക പ്രകാശനം നടത്തുകയും പി.വി. മോഹൻ കുമാർ ( ഷാർജാ ബുക്ക് ഫെയർ എക്സ്റ്റേണൽ അഫയേഴ്സ് വിഭാഗം മേധാവി) ഏറ്റുവാങ്ങുകയും ചെയ്തു.

സാമൂഹ്യ പ്രവർത്തകനും എഴുത്തുകാരനുമായ ബഷീർ തിക്കോടി അധ്യക്ഷത വഹിച്ചു. സാമൂഹ്യ പ്രവർതകൻ റാഫി പള്ളിപ്പുറം,കെ എം സി സി വനിതാ വിങ്ങ് ഓർഗനൈസിങ്ങ് സെക്രട്ടറി അഡ്വ നാസിയ ഷബീറലി, അറബി കവി കാസിം ഉടുമ്പുന്തല എഴുത്തുകാരൻ ഉണ്ണികൃഷ്ണൻ അണിഞ്ഞ, ഹരിതം ബുക്സ് പ്രസാധകൻ പ്രതാപൻ തായാട്ട്, ഷെബീർ എന്നിവർ സംസാരിച്ചു.

കാസർകോട് ജില്ലയിലെ തൻ ബീഹുൽ ഇസ്ലാം ഹയർ സെക്കന്ററി സ്കൂളിലെ അധ്യാപികയായ എം.എ. മുംതാസിന് ഭാരത് സേവക് സമാജിന്റെ ദേശീയ പുരസ്ക്കാരം, ജനാധിപത്യ കലാ സാഹിത്യ വേദിയുടെ അധ്യാപക പ്രതിഭാ പുരസ്ക്കാരം എന്നിവ ലഭിച്ചിട്ടുണ്ട്. കണ്ണൂർ ജില്ലയിലെ പെരിങ്ങോം സ്വദേശിയാണ്. ആർക്കിടെക്റ്റായ ഫൈസൽ ബിരുദ വിദ്യാർത്ഥിയായ അഫ്സന എന്നിവർ മക്കളാണ്.

പടം:എം.എ.മുംതാസിന്റെ “ടുലിപ്പ് പൂക്കൾ വിരിയും കാശ്മീർ താഴ്‌വരയിലൂടെ” എന്ന പുസ്തകത്തിന്റെ പ്രകാശന കർമ്മം ഷാർജ അന്താരാഷ്ട്ര പുസ്തകത്തിലെ റൈറ്റേഴ്സ് ഫോറത്തിൽ നടന്ന ചടങ്ങിൽ പ്രശസ്ത സാഹിത്യകാരൻ ഡോ:സി.രാവുണ്ണി പി.വി.മോഹൻ കുമാറിന് ( ഷാർജ ബ്ക്ക് ഫെയർ എക്സ്റ്റേണൽ അഫയേഴ്സ് വിഭാഗം മേധാവി ) നൽകി നിർവ്വഹിക്കുന്നു.

Back to Top