ബേക്കൽ ടൂറിസം പദ്ധതിയുടെ ആസ്ഥാനം വേണ്ടത് പള്ളിക്കരയിലോ..

Share

ബേക്കൽ:കാസര്‍ഗോഡ് ജില്ലയിലെ വിനോദസഞ്ചാര മേഖല എന്ന് പറഞ്ഞാല്‍ അതിന്റെ കേന്ദ്രബിന്ദു ബേക്കല്‍ കോട്ടയും അവിടുത്തെ ടൂറിസം വികസന പദ്ധതികളുമാണ്. കേരളത്തിലെ ഏക പ്രത്യേക ടൂറിസം മേഖലയായ ബേക്കലിന്റെ വികസനത്തിനായി സര്‍ക്കാര്‍ രൂപീകരിച്ച കമ്പനിയുടെ ആസ്ഥാന മന്ദിരം നിര്‍മ്മിക്കാന്‍ പോകുന്നത് പള്ളിക്കരയില്‍ ആണ് എന്നതാണ് ഏറെ വിചിത്രം. മറ്റു ജില്ലകളില്‍ പ്രധാന ടൂറിസ്റ്റ് ഡെസ്റ്റിനേഷനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും വിനോദ സഞ്ചാരികള്‍ക്ക് വിവരങ്ങള്‍ കൈമാറുന്നതിന് ഇന്‍ഫര്‍മേഷന്‍ സെന്ററുകള്‍ ഉണ്ട്. കാസർഗോഡ് ജില്ലയില്‍ എവിടെയും ഇങ്ങനെയൊരു വിവര കൈമാറ്റ കേന്ദ്രമില്ല. ബേക്കല്‍ കോട്ടയുടെ പരിസരത്ത് ടൂറിസ്റ്റുകള്‍ എത്തിയാല്‍ അവിടെ തന്നെ വന്നിട്ടുള്ള മറ്റുള്ളവരോട് പരസ്പരം വിവരങ്ങള്‍ ചോദിച്ച്‌ അറിയേണ്ട ഗതികേടാണുള്ളത്.

കൃത്യമായ വിവരങ്ങള്‍ കിട്ടാതെ, തെറ്റായ വിവരങ്ങള്‍ നേടിയാണ് ഇവരില്‍ പലരും തിരിച്ചു പോകുന്നതും ചുറ്റിക്കറങ്ങുന്നതും. കോട്ടയുടെ ചരിത്രം രേഖപ്പെടുത്തിയ ലഘുലേഖകള്‍, ജില്ലയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ ഏവ എന്നത് സംബന്ധിച്ച ബ്രോഷറുകള്‍ ലഭ്യമാക്കാന്‍ ബി.ആര്‍.ഡി.സിയോ ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലോ ടൂറിസം വകുപ്പോ ആര്‍ക്കിയോളജി വകുപ്പോ തയ്യാറല്ല. അതിനിടയിലാണ് ബി.ആര്‍.ഡി.സിയുടെ ഓഫീസ് കോട്ടയില്‍ നിന്നും മൂന്ന് കിലോമീറ്റര്‍ അകലെയുള്ള പള്ളിക്കരയില്‍ നിര്‍മ്മിക്കാന്‍ പോകുന്നത്. കാസർഗോഡ് ജില്ലയിലെ ടൂറിസം വികസന പദ്ധതികളെ കുറിച്ച്‌ ചര്‍ച്ച ചെയ്യാനും മറ്റു പരിപാടികളില്‍ സംബന്ധിക്കാനും ഇന്ന് കാസര്‍ഗോഡ് ജില്ലയില്‍ എത്തുന്ന മന്ത്രി മുഹമ്മദ് റിയാസ് ഇത്തരം വിഷയങ്ങള്‍ ഗൗരവത്തില്‍ എടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ബേക്കല്‍ കോട്ടയില്‍ പോലീസുമില്ല

കോട്ടയില്‍ ടൂറിസം പോലീസ് വേണമെന്ന ആവശ്യത്തിനും വര്‍ഷങ്ങളുടെ പഴക്കമുണ്ട്. കോട്ടയില്‍ നിന്നും ഉദ്ഖനനം ചെയ്തു ലഭിച്ച പഴയ കാല നാണയങ്ങള്‍ ഉള്‍പ്പടെയുള്ള ശേഷിപ്പുകള്‍ കോട്ടയ്ക്കകത്തെ ടൂറിസ്റ്റ് ബംഗ്ലാവില്‍ പ്രദര്‍ശിപ്പിക്കും വിധം മ്യൂസിയമാക്കണം എന്ന ആവശ്യം ചരിത്രകാരന്മാര്‍ ഉന്നയിച്ചതും വെറുതെയായി. ബി.ആര്‍.ഡി.സി പാട്ടത്തിന് നല്‍കിയ ആറു പ്രധാന സൈറ്റുകളില്‍ രണ്ട് എണ്ണത്തില്‍ മാത്രം റിസോര്‍ട്ടുകള്‍ പ്രവര്‍ത്തിക്കുന്നു. ബാക്കി നാല് റിസോര്‍ട്ടുകള്‍ എന്ന് പ്രവര്‍ത്തനം തുടങ്ങും എന്ന് ചോദിച്ചാല്‍ അതിനൊന്നും ആര്‍ക്കും മറുപടി ഉണ്ടാകുന്നില്ല.

Back to Top