Categories
Kasaragod Latest news Literature main-slider

കണികണ്ടുണരാൻ വീണ്ടുമൊരു വിഷുപുലരി, ഗൃഹാതുരതയോടെ🖊️ പാലക്കുന്നിൽ കുട്ടി 

🖊️പാലക്കുന്നിൽ കുട്ടി 

മീനം രാശിയിൽ നിന്ന് മേടം രാശിയിലേക്കുള്ള സൂര്യന്റെ പരിക്രമണമായി വീണ്ടുമൊരു വിഷുപുലരിയെ വരവേൽക്കാൻ നമ്മൾ ഒരുങ്ങിക്കഴിഞ്ഞു.

പതിവില്ലാത്ത വിധം കൊടും ചൂടിന്റെ പിടിയിലാണ് ഈ വർഷത്തെ ഈദുൽ ഫിത്തറ് പിന്നിട്ടത്. ചുവട് വെച്ച് തൊട്ടു പിറകെ വിഷുവിനേയും വരവേൽക്കുകയാണ്‌ നമ്മൾ.. കേരളത്തിന്റെ നാൾവഴികൾ ബ്ലാക്ക് ആൻഡ് വൈറ്റ് ഫ്ലാഷ്ബാക്കിലൂടെ നോക്കിയാൽ മഴയുടെ കുറവിനോടൊപ്പം ചൂടിന്റെ കാഠിന്യവും ഇത്രത്തോളം നമുക്ക് അനുഭവിക്കേണ്ടി വന്നിട്ടുണ്ടോ എന്നത് മനസ്സിൽ ഒരു ചോദ്യചിന്ഹമായി വെന്തുരുകുന്നുണ്ട്. പ്രകൃതി സമ്മാനിച്ച ചൂടിനോടൊപ്പം തെരഞ്ഞെടുപ്പിന്റെ ചൂട് വേറെയും. വേനലിന്റെ താപനിലയിൽ വെന്തുരുകുന്ന വേളയിലെ നോയ്മ്പും തുടർന്ന് ആഘോഷിച്ച ഈദുൽ ഫിത്തറും ഒപ്പം സമാഗതമായ വിഷുവും നമുക്ക് പുണ്യ നാളുകൾ തന്നെ.

വിഷു വിശേഷങ്ങൾ

പ്രകൃതി നമുക്ക്‌ നൽകിയ അനുഗ്രഹങ്ങൾ ഓർത്തുവെക്കാനും അതൊക്കെ പരിപാലിക്കാനുമുള്ള ഓർമപ്പെടുത്തലുകൾ വിഷുവെന്ന സങ്കൽപത്തിലൂടെ നമുക്ക്‌ നിമിത്തമാകുന്നുണ്ട്. ചക്ക, മാങ്ങ, തേങ്ങ, നെല്ല്, അടക്ക വെറ്റില, കൺമഷി, ചാന്ത്, സിന്ദൂരം, നിലവിളക്ക്, വെള്ളം നിറച്ച ഓട്ടുകിണ്ടി, സ്വർണനിറമാർന്ന വെള്ളരി, സൗവർണ്ണ ശോഭയുള്ള കണിക്കൊന്നയ്ക്കും പുറമെ, ഗ്രന്ഥങ്ങൾ, സ്വർണം, നാണയം, ധാന്യങ്ങൾ, പൂക്കൾ, ഫലങ്ങൾ, കോടി വസ്ത്രം, വാൽകണ്ണാടി തുടങ്ങിയവ കണികാണാനായി ഓട്ടുരുളിയിലോ താലത്തിലോ വെക്കും. പുത്തൻ മൺകലത്തിൽ ഉണ്ണിയപ്പവും . മറ്റ് ഇഷ്ട ദേവത സങ്കൽപ്പങ്ങൾക്കൊപ്പം ശ്രീകൃഷ്ണ പ്രതിമയോ വിഗ്രഹമോ തീർച്ചയായും ഉണ്ടാകും. കണിയൊരുക്കുന്ന രീതി കേരളത്തിൽ പലയിടത്തും പലവിധമാണ്. കാർഷിക സംസ്കാരവുമായി ഏറെ ബന്ധപ്പെട്ടതാണ് വിഷുവിന്റെ വരവ്.കാർഷികവൃത്തികൾക്ക് തുടക്കം കുറിക്കുന്ന ശുഭദിനം. കാർഷികവും പ്രകൃതിപരവുമായ ഒരാഘോഷമാണല്ലോ നമുക്ക്‌ വിഷുവെന്ന പുതുവർഷാരംഭം.

കണികാണൽ

വിഷുപുലരിയിലെ ഐശ്വര്യദായകമായ കാഴ്ചയാണ് മേടം ഒന്നിന്റെ ആരംഭം.ഉണർന്നെഴുന്നേറ്റ് കണ്ണ് തുറന്നാൽ കാണുന്ന മംഗളകരമായ കാഴ്ചയാണ് വിഷുക്കണി. വീട്ടിലെ തലമുതിർന്നവർ തലേന്ന് രാത്രി തന്നെ കണിയൊരുക്കും. പുലർച്ചെ വീട്ടിലെ ഓരോരുത്തരെയും വിളിച്ചുണർത്തി കണ്ണുകൾ പൊത്തി കണിയൊരുക്കിയ ഇടത്തേക്ക് കൊണ്ടുപോകും. എല്ലാം വെട്ടിത്തിളങ്ങുന്ന സുന്ദരമായ ആ കാഴ്ചയാണ്‌ വിഷുക്കണി. തുടർന്ന് പുത്തനുടുപ്പിട്ട് സമീപ ക്ഷേത്രങ്ങളിലും തറവാടുളിലും ബന്ധു ഗൃഹങ്ങളിലും കണികാണാൻ പോകും.

വിഷു കൈനീട്ടം

വിഷുക്കണി കണ്ട ഉടനെ വീട്ടിലെ മുതിർന്ന ആൾ പ്രായം കുറഞ്ഞവർക്കും വിഷുക്കണി കാണാനെത്തുന്നവർക്കും വിഷുക്കൈനീട്ടം നൽകും. കൈനീട്ടം വാങ്ങുന്നവർക്കും അത് നൽകുന്നവർക്കും ഐശ്വര്യ സമ്പൂർണമായ ഒരു വർഷം ഉണ്ടാകാൻ ദൈവത്തിന്റെ അനുഗ്രഹം ഉണ്ടായിരിക്കുമത്രെ. കൈയ്യും മനസും തൊട്ടുരുമ്മി ഹൃദയ ശുദ്ധിയോടെ നൽകുന്നതും അതേ സ്നേഹവായ്‌പ്പോടെ സ്വീകരിക്കുന്നതും രണ്ടുപേർക്കും ആ വർഷം ഐശ്വര്യപൂർണമായിരിക്കുമെന്നാണ് പറയുന്നത് .അങ്ങോട്ട് ചെന്ന് കൈനീട്ടം നൽകരുതെന്നും വിവക്ഷയുണ്ട്. മുൻ കാലങ്ങളിൽ നാണയതുട്ടുകളായിരുന്നു കൈനീട്ടം.

ഇന്നത് പുതുപുത്തൻ നോട്ടുകളായി മാറി. ബാങ്കുകളിൽ നിന്ന് നേരത്തേ പുത്തൻ നോട്ടുകൾ കരുതിവെക്കും. കൈനീട്ടം ഗൂഗിൾ പേ ആയും നൽകുന്ന കാലം അത്ര വിദൂരമല്ല. പ്രവാസികളിൽ ചിലർ ഇഷ്ടപ്പെട്ടവർക്ക് ഇപ്പോൾ ഗൂഗിൾ പേ വഴി ‘കൈനീട്ടം’ നൽകുന്നുണ്ടെന്ന് ഒരു പ്രവാസി സുഹൃത്ത് പറഞ്ഞു. എന്തായാലും കൈനീട്ടം നൽകുന്നവർക്കും വാങ്ങുന്നവർക്കും ഉണ്ടാകുന്ന സന്തോഷത്തിന് അതിരില്ല, ആ തുകയുടെ വലിപ്പം എന്തായാലും.

വിഷു സദ്യ 

ഓണസദ്യയ്ക്ക് സമാനമായ രീതിയിൽ വീടുകളിൽ വിഷു സദ്യയൊരുക്കും. എങ്കിലും വടക്കരുടെ വിശേഷങ്ങളിൽ കോഴിവിഭവത്തിന്റെ മണവും രുചിയുമില്ലെങ്കിൽ അത് സദ്യയാവില്ല. നമുക്ക്‌ നമ്മുടെ രീതി, അവർക്ക് അവരുടെ രീതി. പച്ചക്കറിയിൽ മാത്രം ഓണം, വിഷു സദ്യയൊരുക്കുന്നവരും ഇവിടങ്ങളിൽ ഇല്ലെന്ന് പറയാനാവില്ല. മാറിയ ചുറ്റുപാടിൽ കോഴിബിരിയാണിയും നൈച്ചോറും മീൻ പൊരിച്ചതും ഉണ്ടാക്കി വിഷുസദ്യയുണ്ണുന്ന ന്യുജെൻ സംസ്കാരവും ഇവിടങ്ങളിൽ ക്ലച്ചു പിടിച്ചുതുടങ്ങിയിരിട്ടുണ്ട്.

വിഷു ആഘോഷം അവരവരുടെ ഇഷ്ടാനുസാരം നടക്കട്ടെ, അതിൽ അവർ ആനന്ദം കണ്ടെത്തുന്നുവെങ്കിൽ അതാണ് അവരുടെ വിഷു ആഘോഷം . ആഘോഷം ഏതായാലും ഭക്ഷണം എന്താണ് ഒരുക്കേണ്ടതെന്ന് തീരുമാനിക്കേണ്ടത് അവർ തന്നെയല്ലേ?

വിഷുപടക്കം

വിഷുവിന് തലേന്നാൽ മുതൽ വീടുകളിൽ പടക്കം പെട്ടിക്കൽ തുടങ്ങും.പുലർച്ചെ കണി കണ്ടശേഷവും ഇത് തുടരും. കുട്ടികൾക്ക് വിഷുവുമായി ബന്ധപ്പെട്ട് ഒഴിച്ചുകൂടാനാവാത്തതാണ് പടക്കം പൊട്ടിക്കൽ. അവർക്ക് അതാണ് വിഷു. കുഞ്ഞു നാളിൽ എനിക്കും അതായിരുന്നു ഹരം

കണിക്കൊന്ന

കൊന്ന പൂത്തുതുടങ്ങുന്നത് തന്നെ പുതുവർഷത്തിന്റെ തുടക്കമാണെന്ന വിളംബരമാണ് . ഇപ്പോഴിത് ചിലയിടങ്ങളിൽ നേരത്തേ പൂത്തുകാണാറുണ്ട്. ഇലകൊഴിയുന്ന വൃക്ഷമാണ് കൊന്ന.മഞ്ഞനിറമാർന്ന പൂങ്കുലകൾ കണ്ണിനാനന്ദം നൽകുന്ന കാഴ്ചയാണ്. സ്വർണകിങ്ങിണികൾ പോലെ ചില്ലകൾ തോറും പൂങ്കുലകൾ കാറ്റത്ത് ആടുന്നത് കണ്ടിരിക്കാൻ എന്തൊരു ചേലാണ്, അല്ലേ. വിഷുവിന് കണികണ്ടുണരാൻ പ്രകൃതി നമുക്ക് നൽകിയ വിഷുകൈനീട്ടമാണ് ഈ സ്വർണമഞ്ഞപ്പൂക്കൾ. കർണ്ണികാരം എന്നും ഇതിന് പേരുണ്ട്. ആരഗ്വധ, രാജവൃക്ഷ എന്ന് സംസ്കൃതത്തിൽ പറയും. കാസ്യുഫിസ്റ്റുല എന്നാണ് ശാസ്ത്രീയ നാമം.

വിഷു ഓർമ്മകൾ

വിഷു വിശേഷങ്ങളും വിഷു സങ്കൽപങ്ങളും ഞങ്ങളുടെ ചെറുപ്രായത്തിൽ പടക്കം പൊട്ടിക്കലിന് അമിത പ്രാധാന്യം നൽകുന്നവയായിരുന്നു. പടക്കം വാങ്ങാൻ വീട്ടിൽ നിന്ന് പൈസ കിട്ടാറില്ലാത്ത സാഹചര്യം. കുഞ്ഞു നാളിലെ ആ നൊമ്പരങ്ങൾക്ക് എന്നും ആശ്വാസം വീടിന് തൊട്ടപ്പുറത്തെ പാലക്കുന്ന് ക്ഷേത്ര പറമ്പിലെ പടുകൂറ്റൻ കാഞ്ഞിര മരമായിരുന്നു. (എന്തിനാണ് ആ മരം പിന്നീട് കൊലക്കത്തിക്ക് ഇരയാക്കിയതെന്ന് ഞാൻ ചിന്തിച്ചു പോകാറുണ്ട്. ). ആ മരത്തിൽ നിന്ന് വീഴുന്ന കാഞ്ഞിരക്കുരു ഞാനും എന്റെ അന്നത്തെ കളികൂട്ടുകാരും പെറുക്കി സഞ്ചിയിൽ സൂക്ഷിച്ചു വെക്കും. ഉദുമ ഗവ. എൽ. പി. സ്കൂളിലായിരുന്നു പ്രൈമറി വിദ്യാഭ്യാസം. സ്കൂളിനടുത്ത് അനാദി കച്ചവടക്കാരനായ മമ്മിച്ച ( പേരിൽ ഒരു സംശയമുണ്ട്. ഉദുമ ടൗണിലെ പള്ളിക്കടുത്തായിരുന്നു കട ) കാഞ്ഞിരക്കുരു തൂക്കിവാങ്ങുമായിരുന്നു. അങ്ങിനെ കിട്ടുന്ന തുട്ട് പൈസകൾ സ്വരൂപിച്ചു വെക്കുന്ന ശീലം ചെറുപ്പത്തിലുണ്ടായിരുന്നു. മമ്മിച്ച കാഞ്ഞിരക്കുരു എന്തിനാണ് വാങ്ങുന്നതെന്ന് ചോദിച്ചറിയാനുള്ള അറിവൊന്നും അന്ന് ഉണ്ടായിരുന്നില്ല. (ചർമരോഗ ചികിത്സയ്ക്ക്

ആയുർവേദ മരുന്നുണ്ടാക്കാൻ ഇപ്പോഴും കാഞ്ഞിരക്കുരു ഉപയോഗിക്കാറുണ്ടെന്ന് എന്റെ സഹപാഠിയായ അപ്പകുഞ്ഞി വൈദ്യർ പറയാറുണ്ട് ).

അമ്മയുടെ അച്ഛൻ അപ്പുടു പൂജാരി പാലക്കുന്ന് ക്ഷേത്ര ഭരണ നിർവഹണങ്ങൾ സ്വന്തം നിലയിൽ നടത്തിയിരുന്ന കാലം. തമ്പാച്ചന്റെ കുഞ്ഞു കുഞ്ഞു ആവശ്യങ്ങൾ നിറവേറ്റികൊടുക്കുമ്പോൾ വല്ലപ്പോഴും കിട്ടുന്ന എട്ടണ തുട്ടുകൾ സ്വരൂപിച്ചു വെക്കുന്ന ശീലമുണ്ടായിരുന്നു അന്ന്. മംഗലാപുരത്ത് നിന്ന് ബൻസ് വാങ്ങി കൊണ്ടുവന്ന് ഇവിടെ വില്പന നടത്തിയിരുന്ന ബൻസ് രാമേട്ടനെ മറ്റാരുമറിയാതെ ആ ‘തുട്ടുകൾ’ ഞാൻ ഏൽപ്പിക്കും.ഞങ്ങൾക്ക് പാലക്കുന്നിൽ ഉണ്ടായിരുന്ന ഹോട്ടലിലായിരുന്നു രാമേട്ടന്റെ പതിവ് താവളം. വിഷു എത്താറാകുമ്പോൾ രാമേട്ടൻ ആ പൈസയും അദ്ദേഹത്തിന്റെ കൈനീട്ടവും ചേർത്തു എനിക്ക് തിരിച്ചു തരും. ഈ എട്ടണതുട്ട് ശേഖരവും, കാഞ്ഞിരക്കുരു പൈസയും ചേർക്കുമ്പോൾ ‘തെക്കാൾപ്പിലെ’ വെടി ഞങ്ങൾക്ക് പൂരമാകും.

വിഷുവിന് പടക്കം പൊട്ടിക്കാനുള്ളകുഞ്ഞു മനസ്സിലെ ആവേശം പറഞ്ഞറിയിക്കാനാവില്ല.

പടക്കം വാങ്ങാനുള്ള ഏക ആശ്രയമായിരുന്നു ക്ഷേത്ര പറമ്പിലെ കാഞ്ഞിരമരവും തമ്പാച്ചന്റെ എട്ടണതുട്ടുകളും.

വിഷുവുമായി ബന്ധപെട്ട വൈലോപ്പിള്ളിയുടെ വരികൾ ഒരിക്കൽ കൂടി പാടിക്കൊണ്ട് ഇന്നത്തെ വിഷുചിന്തകൾ നിർത്തുന്നു.

*”ഏതു ധൂസര സങ്കൽപങ്ങളിൽ വളർന്നാലും ഏതു യന്ത്രവൽകൃത ലോകത്തിൽ പുലർന്നാലും

മനസ്സിലുണ്ടാകട്ടെ ഗ്രാമത്തിൻ വിശുദ്ധിയും മണവും മമതയും ഇത്തിരി കൊന്നപ്പൂവും” *

ഏവർക്കും എന്റെയും കുടുംബത്തിന്റെയും വിഷു ആശംസകൾ…

പാലക്കുന്നിൽ കുട്ടി

9447692439

 

 

 

 

 

 

 

 

 

Categories
Uncategorised

പുത്തിഗെ പള്ളത്ത് പൊലീസ് പിന്തുടരുന്നതിനിടെ കാർ മറിഞ്ഞ് പ്ലസ് ടു വിദ്യാർഥി മരിച്ച സംഭവത്തിൽ ഹൈകോടതി സർക്കാരിനോട് വിശദീകരണം തേടി

കുമ്പള: പൊലീസ് പിന്തുടരുന്നതിനിടെ കാർ മറിഞ്ഞ് പ്ലസ് ടു വിദ്യാർഥി മരിച്ച സംഭവത്തിൽ ഹൈകോടതി സർക്കാരിനോട് വിശദീകരണം തേടി. കേസിൽ പ്രതികളായ പോലീസുകാർക്കെതിരെ വകുപ്പുതല നടപടി ആവശ്യപ്പെടും നഷ്ടപരിഹാരം തേടിയും മാതാവ് സഫിയ ഹൈകോടതിയിൽ നൽകിയ ഹർജിയിലാണ് കോടതി ഉത്തരവ്.

സംഭവത്തിൽ സർക്കാർ സത്യവാങ്മൂലം ഫയൽ ചെയ്യണമെന്നും കോടതി നിർദേശിച്ചു.

അംഗടി മുഗൾ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥി കുമ്പള പേരാൽ കണ്ണൂരിലെ ഫർഹാസാണ് (17) കഴിഞ്ഞ ആഗസ്റ്റ് 25ന് അപകടത്തിൽ മരിച്ചത്. സ്കൂളിലെ ഓണാഘോഷ പരിപാടിയുമായി ബന്ധപ്പെട്ട് ഒരു വിദ്യാർഥി കാറുമായി എത്തിയിരുന്നു. പോലീസിനെ  ഭയന്ന് വിദ്യാർഥികൾ കാറെടുത്ത് പോവുകയായിരുന്നു. പിന്നാലെ ചേസ് ചെയ്തു പൊലീസ് വാഹനവും പിന്തുടർന്നു. ഇതോടെ വെപ്രാളത്തിൽ ഓടിച്ച വണ്ടി 6-7 കിലോമീറ്റർ ദൂരെ പുത്തിഗെ പള്ളത്ത് നിയന്ത്രണം വിട്ട് തലകീഴായി മറിയുകയായിരുന്നു

Categories
Kerala Latest news main-slider

സൗദി ജയിലിലെ റഹീമിന്റെ മോചനത്തിനായി 34 കോടി രൂപ സമാഹരിച്ചു.ലോകമെമ്പാടുമുള്ള മലയാളികൾ ഒരേമനസ്സോടെ ഒന്നിച്ചു

ലോകമെമ്പാടുമുള്ള മലയാളികൾ ഒരേമനസ്സോടെ കൈകോർത്തുപിടിച്ചപ്പോൾ സൗദി ജയിലിൽ വധശിക്ഷ കാത്ത് കഴിയുന്ന അബ്ദുൽ റഹീമിന്റെ മോചനത്തിനായി 34 കോടി രൂപ സമാഹരിക്കുക എന്ന വമ്പൻ ലക്ഷ്യം ചെറുതായി. കൈ​യ​ബ​ദ്ധം മൂ​ലം സൗ​ദി ബാ​ല​ൻ മ​രി​ക്കാ​നി​ട​യാ​യ സം​ഭ​വ​ത്തി​ൽ 18 വ​ർ​ഷ​മാ​യി ജ​യി​ൽ ശി​ക്ഷ അ​നു​ഭ​വി​ച്ചു വ​രു​ക​യാ​ണ് അ​ബ്ദു​ൽ റ​ഹീം. വധശിക്ഷയിൽനിന്ന് ഒഴിവാക്കാൻ സൗദി ബാലന്റെ കുടുംബം ആവശ്യപ്പെട്ട 34 കോടി രൂപയാണ് മലയാളികൾ കൈകോർത്ത് സമാഹരിച്ചത്. തുക സൗദി കുടുംബത്തിന് നൽകാനുള്ള അന്തിമ ദിവസത്തിന് മൂന്നു ദിവസം ശേഷിക്കേയാണ് 34 കോടി പൂർണമായി സ്വരൂപിച്ചത്.

നാലുദിവസം മുമ്പ് വെറും അഞ്ചുകോടി രൂപ മാത്രമായിരുന്നു സഹായമായി സമിതിക്ക് ലഭിച്ചത്. എന്നാൽ മാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും വാർത്ത വന്നതോടെ റഹീമിന്റെ മോചനത്തിനായി മനുഷ്യസ്നേഹികൾ കൈയയച്ച് സഹായിക്കുകയായിരുന്നു. വ്യവസായി ബോബി ചെമ്മണ്ണൂരും ഒട്ടേറെ സന്നദ്ധപ്രവർത്തകരും റഹീമിന്റെ മോചനത്തിനായി നേരിട്ടിറങ്ങി. മോചനത്തിന് പണം സമാഹരിക്കുന്നതിനായി തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ യാചകയാത്ര നടത്തുകയാണ് ബോബി ചെമ്മണ്ണൂർ. പ്രവാസികളും വലിയതോതിൽ സഹായിച്ചു.

‘സേവ് അബ്ദുൽ റഹീം’ എന്ന മൊബൈൽ ആപ്പ് വഴിയും നേരിട്ടും നിരവധി ആളുകളാണ് അബ്ദുൾ റഹീമിൻ്റെ വീട്ടിലേക്കും അബ്ദു റഹീം ദയാധന സമാഹരണ കമ്മിറ്റിയേയും പണമയച്ചത്.

ഇനി മൂന്നു ദിവസമാണ് ബാക്കി നിൽക്കെ ഇനി പണം അയക്കേണ്ടെന്ന് ദയാധനസമാഹരണ കമ്മിറ്റി അറിയിച്ചു. 34,45,46,568 രൂപയാണ് ഇതുവരെ ലഭിച്ചത്. എംബിസി വഴി പണം കൈമാറാനുള്ള നടപടികൾ ശനിയാഴ്‌ച ചേരുന്ന കമ്മിറ്റി യോഗം തീരുമാനിക്കും.

വെള്ളിയാഴ്ച ഉച്ചയോടെ പണസമാഹരണം 30 കോടി കവിഞ്ഞിരുന്നു. മണിക്കൂറുകൾക്കുള്ളിലാണ് 4 കോടി രൂപ കൂടി ലഭിച്ചത്. ചൊ​വ്വാ​ഴ്ച​യാണ് പണം നൽകാനുള്ള അ​വ​സാ​ന തീ​യ​തി. തുക സമാഹരിക്കുന്നതിന്റെ സുതാര്യത ഉറപ്പു വരുത്തുന്നതിനുള്ള ഓഡിറ്റിങ്ങിന് വേണ്ടി പ്രത്യേക ആപ്പിന്റെ പ്രവർത്തനം വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് വൈകിട്ട് 4.30 വരെ നിർത്തിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് 34കോടി സമാഹരിച്ചതായി ബന്ധപ്പെട്ടവർ അറിയിച്ചത്. ഇ​വി​ടെ പി​രി​ച്ചെ​ടു​ത്ത പ​ണം ഇന്ത്യൻ എംബസി വഴി സൗ​ദി​യി​ലെത്തിക്കും. ഇ​തിനാ​യി ധ​ന​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ന്റെ പ്ര​ത്യേ​ക അ​നു​മ​തി തേ​ടാ​ൻ ശ്ര​മം തുടങ്ങി.

Categories
International Latest news main-slider

യുഎഇയിൽ തിങ്കൾ മുതൽ മൂന്ന് ദിവസം മഴ

യുഎഇയിൽ അടുത്തയാഴ്ച ഇടിയോടുകൂടിയ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തിങ്കൾ മുതൽ ബുധൻ വരെ മഴ ഉണ്ടാകുമെങ്കിലും ചൊവ്വാഴ്ച അതിശക്തമാകുമെന്നാണ് പ്രവചനം. 3 ദിവസം തുടർച്ചയായി പെയ്യുന്ന മഴ താപനില 19ലേക്കു താഴ്ത്തും.അറബിക്കടലിലും ഒമാൻ കടലിലും കാറ്റിന്റെ വേഗം മണിക്കൂറിൽ 40 കിലോമീറ്ററിലേക്ക് ഉയരും. കടലിൽ ഇറങ്ങുന്നവർ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്

Categories
Kerala Latest news main-slider

എം. സ്വരാജ് നല്‍കിയ ഹരജി ഹൈക്കോടതി തള്ളി, കെ. ബാബുവിന് എം.എല്‍.എയായി തുടരാം

തൃപ്പൂണിത്തുറ നിയമസഭാ മണ്ഡലത്തിലെ കെ. ബാബുവിന്റെ തിരഞ്ഞെടുപ്പുവിജയം ചോദ്യംചെയ്ത് എം. സ്വരാജ് നല്‍കിയ ഹരജി ഹൈക്കോടതി തള്ളി.

തെരഞ്ഞെടുപ്പ് കേസായതിനാല്‍ പ്രധാനപ്പെട്ട സാക്ഷികളെയും കോടതി നേരിട്ട് വിസ്തരിച്ചിരുന്നു. 2021 ജൂണിലാണ് സ്വരാജ് ഹൈക്കോടതിയെ സമീപിച്ചത്. 2021ലെ തെരഞ്ഞെടുപ്പില്‍ തൃപ്പൂണിത്തുറയില്‍ 992 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ കെ. ബാബു വിജയിച്ചത്. കെ. ബാബുവിന് 65,875 വോട്ട് ലഭിച്ചപ്പോള്‍ എതിര്‍സ്ഥാനാര്‍ഥി സി.പി.എമ്മിലെ എം. സ്വരാജിന് 64,883 വോട്ടാണ് ലഭിച്ചത്.

ബാബുവിന് എം.എല്‍.എയായി തുടരാം.  മതചിഹ്നം ഉപയോഗിച്ച് കെ.ബാബു വോട്ട് തേടി എന്നാണ് ഹരജിയിലെ ആക്ഷേപം. ജസ്റ്റിസ് പി.ജി.അജിത് കുമാറിന്‍റെ ബെഞ്ചാണ് വിധി പറഞ്ഞത്.

അയ്യപ്പന്റെ പേരില്‍ വോട്ട് ചോദിച്ചുവെന്നും മതചിഹ്നം ദുരുപയോഗം ചെയ്തുവെന്നുമാണ് ഹരജിയിലെ പ്രധാന ആരോപണം. അയ്യപ്പന്റെ പേര് ദുരുപയോഗം ചെയ്താണ് ബാബു വിജയിച്ചത്. അയ്യനെ കെട്ടിക്കാന്‍ വന്ന സ്വരാജിനെ കെട്ടുകെട്ടിക്കണം എന്ന തരത്തില്‍ ചുമരെഴുത്തുകള്‍ വരെയുണ്ടായി. അയ്യപ്പന് ഒരു വോട്ട് എന്ന് അച്ചടിച്ച സ്ലിപ്പുകള്‍ വിതരണം ചെയ്തു. ഇതില്‍ ബാബുവിന്റെ പേരും ചിഹ്നവുമുണ്ടായിരുന്നു. മണ്ഡലത്തിന്റെ പലഭാഗങ്ങളിലും സ്ഥാനാര്‍ഥി നേരിട്ടെത്തി അയ്യപ്പന്റെ പേരില്‍ വോട്ട് ചോദിച്ചു. ജാതി, മതം, ഭാഷ, സമുദായം എന്നിവയുടെ പേരില്‍ വോട്ട് ചോദിക്കരുതെന്ന തെരഞ്ഞെടുപ്പ് ചട്ടത്തിന്റെ ലംഘനം നടത്തിയ ബാബുവിന്റെ തെരഞ്ഞെടുപ്പ് റദ്ദാക്കി തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നായിരുന്നു സ്വരാജിന്റെ ആവശ്യം.

എന്നാല്‍ അയ്യപ്പന്റെ പേരില്‍ വോട്ടു പിടിച്ചിട്ടില്ലെന്നും തെരഞ്ഞെടുപ്പ് കാലത്തോ അതിനെ തൊട്ടടുത്ത ദിവസങ്ങളിലോ ഇത്തരം പരാതി എല്‍.ഡി.എഫ് ഉയര്‍ത്തിയിട്ടില്ലെന്നുമാണ് കെ.ബാബുവിന്റെ വാദം. സ്വരാജിന്റെ തെരഞ്ഞെടുപ്പ് ഹരജി നിലനില്‍ക്കില്ലെന്ന് ചൂണ്ടിക്കാട്ടി കെ.ബാബു ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഹരജി നിലനില്‍ക്കുമെന്നും വിചാരണ വേഗത്തില്‍ പൂര്‍ത്തിയാക്കി വിധി പറയണമെന്നുമായിരുന്നു സുപ്രിംകോടതി നല്‍കിയ നിര്‍ദേശം.

Categories
Kerala Latest news main-slider

വയനാട്ടിലെ സുല്‍ത്താന്‍ ബത്തേരിയുടെ പേര് മാറ്റണമെന്ന ആവശ്യത്തിലുറച്ച് വയനാട്ടിലെ എന്‍.ഡി.എ സ്ഥാനാര്‍ഥിയും ബി.ജെ.പി സംസ്ഥാന അധ്യക്ഷനുമായ കെ സുരേന്ദ്രന്‍.

കോഴിക്കോട്: വയനാട്ടിലെ സുല്‍ത്താന്‍ ബത്തേരിയുടെ പേര് മാറ്റണമെന്ന ആവശ്യത്തിലുറച്ച് വയനാട്ടിലെ എന്‍.ഡി.എ സ്ഥാനാര്‍ഥിയും ബി.ജെ.പി സംസ്ഥാന അധ്യക്ഷനുമായ കെ സുരേന്ദ്രന്‍. വയനാട്ടിലെ സുല്‍ത്താന്‍ ബത്തേരിയുടെ യഥാര്‍ത്ഥ പേര് അതല്ലെന്നും ഗണപതിവട്ടം എന്നാണെന്നും കെ സുരേന്ദ്രന്‍ ആവര്‍ത്തിച്ചു.

സുല്‍ത്താന്‍ ബത്തേരിയുടെ പേര് മാറ്റം അനിവാര്യമാണെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു. വൈദേശിക ആധിപത്യത്തിന്റെ ഭാഗമായി വന്നതാണ് സുല്‍ത്താന്‍ ബത്തേരി എന്ന പേര്. വിഷയം 1984ല്‍ പ്രമോദ് മഹാജന്‍ ഉന്നയിച്ചത് ആണെന്നും സുരേന്ദ്രന്‍ പറഞ്ഞു.

‘സുല്‍ത്താന്‍ ബത്തേരിയല്ല. അത് ഗണപതി വട്ടമാണ്. അത് ആര്‍ക്കാണ് അറിയാത്തത്?. സുല്‍ത്താന്‍ വന്നിട്ട് എത്രകാലമായി?. അതിന് മുന്‍പ് ആ സ്ഥലത്തിന് പേരുണ്ടായിരുന്നില്ലേ?. അത് ഗണപതി വട്ടമാണ്. താന്‍ ആക്കാര്യം ആവര്‍ത്തിച്ചെന്നേയുള്ളു. ടിപ്പു സുല്‍ത്താന്റെ അധിനിവേശം കഴിഞ്ഞിട്ട് നാളെത്രയായി. അതിന് മുന്‍പ് ഈ നാട്ടില്‍ ആളൊന്നും ഉണ്ടായിരുന്നില്ലേ?. ഗണപതി വട്ടം ക്ഷേത്രം ഉണ്ടായിരുന്നില്ലേ?. ഇത് താന്‍ പറഞ്ഞതല്ല, 1984ല്‍ പ്രമോദ് മഹാജന്‍ പറഞ്ഞതാണ്. കോണ്‍ഗ്രസിനും എല്‍ഡിഎഫിനും സുല്‍ത്താന്‍ ബത്തേരി എന്നുപറയാനാണ് ഇഷ്ടം. എന്തിനാണ് അക്രമിയായിട്ടുള്ള, ക്ഷേത്രധ്വംസനം നടത്തിയിട്ടുള്ള ഒരാളുടെ പേരില്‍ എന്തിനാണ് ഇത്രയും നല്ല സ്ഥലം അറിയപ്പെടുന്നത്. തങ്ങള്‍ അതിനെ ഗണപതി വട്ടമെന്നാണ് പറയുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു.

Categories
Kasaragod

പ്രതിസന്ധികളെ അതിജീവിക്കാൻ വിശ്വാസികൾ പ്രാപ്തരാകണം:സാദിഖ് : ഈദ് ആഘോഷങ്ങളിൽ പലസ്തീൻ ഐക്യദാർഡ്യം

കാഞ്ഞങ്ങാട്:വ്രതാനുഷ്ടാനത്തിലൂടെ നേടിയെടുത്ത നൻമകളും ദാർഢ്യദയും ചോർന്ന് പോകാതെ എല്ലാതരം പ്രതിസന്ധികളെയും അതിജീവിക്കാൻ വിശ്വാസികൾ പ്രാപ്തരാവണമെന്ന് പടന്ന ഐ സി ടി പ്രിൻസിപ്പാൾ യു.സി.മുഹമ്മദ് സാദിഖ്.

നീതിയുടെയും നിഷ്പക്ഷതയുടെയും പക്ഷത്ത് നിലയുറപ്പിക്കാനും പൊതു നൻമയിൽ യോജിപ്പിൻ്റെ മാർഗ്ഗം കണ്ടെത്താനും വിശ്വാസി സമൂഹം ബാധ്യസ്ഥരായിരിക്കണമെന്ന് കാഞ്ഞങ്ങാട് ഹിറാ ഈദ് ഗാഹിൽ പെരുന്നാൾ നമസ്കാരത്തിന് നേതൃത്വം കെണ്ടുള്ള പ്രഭാഷണത്തിൽ സാദിഖ് പറഞ്ഞു.

വിശുദ്ധ റമാദിലും പെരുന്നാൾ ദിനത്തിൽ പോലും ഇസ്രായേൽ ക്രൂരതയ്ക്കിരയായി കൊണ്ടിരിക്കുന്ന പലസ്തീൻ ജനതയോടും ഗസയിലെ പോരാളികളൊടുമുള്ള ഐക്യദാർഡ്യം ഈദ് ആഘോഷങ്ങളിലുടനീളം പ്രകടമായിരുന്നു.

ആഗോള തലത്തിലും ദേശീയ തലത്തിലും വലിയ തോതിലുളള പരീക്ഷണമാണ് വിശ്വാസികൾ നേരിട്ട് കൊണ്ടിരിക്കുന്നത്,ഇന്ത്യയിൽ മുസ്ലിം സമൂഹത്തിൻ്റെ പൗരത്വം പോലും തട്ടിയെടുക്കാൻ ഭരണാധികാരികൾ നീക്കം നടത്തുന്നു,എല്ലാവിധ ഭിന്നതകളും മറന്ന് യോജിപ്പിൻ്റെ മാർഗ്ഗം

കണ്ടെത്താൻ വിശ്വാസികൾ സന്നദ്ധരാവണമെന്നും അദ്ദേഹം പറഞ്ഞു.

സ്ത്രീകളുൾപ്പെടെ നൂറുകണക്കിനാളുകൾ ഈദ് ഗാഹിൽ പ്രാർത്ഥനയ്ക്കെത്തി.

പരസ്പരം ആശ്ളേഷിച്ചും മധുര പലഹാരങ്ങൾ കൈമാറിയുമാണ് വിശ്വാസികൾ പിരിഞ്ഞത്.

ഇതര മതസ്ഥരായ ഒട്ടേറെ പേരും ആശംസകൾ അറിയിക്കാൻ എത്തിയിരുന്നു.

ഹോസ്ദുർഗ്ഗ് ടൗൺ ജുമാമസ്ജിദിൽ ഒ.പി.അബ്ദുള്ള സഖാഫിയും കോട്ടച്ചേരി ബദരിയ മസ്ജിദിൽ റഷീദ് സഅദിയും അതിഞ്ഞാൽ ജുമാമസ്ജിദിൽ ഖത്തീബ് ടി.പി.അബ്ദുൾ ഖാദർ അസ്ഹരിയും കോയാപ്പള്ളിയിൽ കരീം മുസ്ലിയാരും അജാനൂർ തെക്കെപ്പള്ളിയിൽ മുഹമ്മദ് ഇർഷാദ് അസ്ഹരിയും ഇഖ്ബാൽ പള്ളിയിൽ ഷംസുദ്ദീൻ സഹദിയും പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി.

പടം:കാഞ്ഞങ്ങാട് ഹിറ ഈദ് ഗാഹിൽ നടന്ന പെരുന്നാൾ നമസ്കാരം

Categories
Uncategorised

പടന്ന തെക്കേക്കാട് മുത്തപ്പൻ മടപ്പുര ആചാരനുഷ്ഠാനത്തെ തടയുന്ന സി പി എം രീതി  അംഗികരിക്കുവാൻ കഴിയില്ല:ഹിന്ദു ഐക്യവേദി

കാഞ്ഞങ്ങാട്:പടന്ന തെക്കേക്കാട് മുത്തപ്പൻ മടപ്പുരയിൽ തെയ്യം കെട്ട് ഉത്സവമായി ബന്ധപ്പെട്ട് മടപ്പുര ഭാരവാഹികളും, മടയനും മുന്നോട്ട് പോകുമ്പോൾ സി.പി.എം നേതൃത്വം രാഷ്ട്രീയത്തിന്റെ പേരിൽ ആചാരാനുഷ്ഠാനത്തെ തടയുന്ന രീതി അംഗീകരിക്കുവാൻ കഴിയില്ല എന്ന് ഹിന്ദു ഐക്യവേദി ജില്ല കമ്മിറ്റി അഭിപ്രായപ്പെട്ടു. പടന്ന പഞ്ചായത്തിൽ നിരവധി കെട്ടിടങ്ങളും ,റിസോർട്ടും അനധികൃതമാണെന്ന് ഇരിക്കെ മുത്തപ്പൻ മടപ്പുര മാത്രം തകർക്കാൻ ശ്രമിക്കുന്നത് ഹിന്ദുവിരുദ്ധ നിലപാടായി മാത്രമേ കാണാൻ സാധിക്കു എന്ന് യോഗം വിലയിരുത്തി. നിയമത്തിന്റെ പേര് പറഞ്ഞ് മടപ്പുര തകർക്കാൻ തുനിഞ്ഞിറങ്ങുന്ന സിപിഎം നേതൃത്വം പടന്ന പഞ്ചായത്തിൽ നിലനിൽക്കുന്ന നൂറോളം അനധികൃത വീടുകളും റിസോർട്ടും പൊളിച്ചു മാറ്റാനുള്ള ആർജ്ജവം ഉണ്ടോ ഹിന്ദു ഐക്യവേദി അഭിപ്രായപ്പെട്ടു.മടപ്പുര തകർക്കാനായി സിപിഎം നേതൃത്വം മുന്നോട്ടു പോവുകയാണെങ്കിൽ അതിനെതിരെ സമുദായ സംഘടനകളെയും ക്ഷേത്ര ഭാരവാഹികളെയും അണിനിരത്തിക്കൊണ്ട് ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്ന് ഹിന്ദുവേദി മുന്നറിയിപ്പ് നൽകി.എസ് പി ഷാജി അധ്യക്ഷത വഹിച്ച യോഗത്തിൽ ഗോപാലകൃഷ്ണൻ തച്ചങ്ങാട്,ഗോവിന്ദൻ മാസ്റ്റർ കൊട്ടോടി,രാജൻ മൂളിയാർ,മോഹനൻ വാഴക്കോട്,വി സുധാകരൻ,കെഎൻ ശ്രീകണ്ഠൻ നായർ ,രാമൻ ഉദയഗിരി,കെ വി കുഞ്ഞിക്കണ്ണൻ കള്ളാർ ,അഡ്വക്കേറ്റ് മണികണ്ഠൻ എന്നിവർ സംസാരിച്ചു.

പടം:പടന്ന തെക്കേകാട് മുത്തപ്പൻ മടപ്പുര

Categories
Latest news main-slider Other News

ആയമ്പാറയിലെ ആദ്യകാല സി.പി.എം ബ്രാഞ്ച് സെക്രട്ടറി കൂണ്ടൂർ കൃഷ്ണൻ(85) അന്തരിച്ചു.

പെരിയ: ആയമ്പാറയിലെ ആദ്യകാല സി.പി.എം ബ്രാഞ്ച് സെക്രട്ടറി കൂണ്ടൂർ കൃഷ്ണൻ(85) അന്തരിച്ചു.

ഭാര്യ പരേതയായ ലക്ഷ്മി

മക്കൾ സരോജനിആയമ്പാറ, ശാന്ത രാവനേശ്വരം, നിർമ്മല ആലംതട്ട.

Categories
Kasaragod Latest news main-slider

കണ്ണോൽപടി പാറ്റേൻ വീട് തറവാട് കളിയാട്ട ഉത്സവത്തിന് തുടക്കം 

പാലക്കുന്ന് : മുദിയക്കാൽ കണ്ണോൽപടി പാറ്റേൻ തറവാട്ടിൽ  കളിയാട്ട മഹോത്സവത്തിന് കലവറ നിറയ്‌ക്കലോടെ തുടക്കം കുറിച്ചു. 5 വർഷത്തിൽ ഒരിക്കൽ നടത്തിവരുന്ന ഉത്സവം കോവിഡിനെ തുടർന്ന് 7 വർഷത്തിന് ശേഷമാണ് ഇത്തവണ നടത്തുന്നത്. ‘ഒന്ന് കുറവ് 40 ദൈവങ്ങൾ’ പള്ളിയുറങ്ങുന്ന സ്ഥാനം

എന്നാണിത് അറിയപ്പെടുന്നത്. നാല് ദിവസങ്ങളിലായി 33 തെയ്യക്കോലങ്ങൾ കെട്ടിയാടുന്ന സവിശേഷതയുള്ള തറവാടാണിത്. രാത്രി തെയ്യംകൂടലും തിടങ്ങളും പടവീരൻ തെയ്യത്തിന്റെ വെള്ളാട്ടവും മോന്തിക്കോലവും ഉണ്ടായിരുന്നു.

Back to Top