ബാലറ്റ് പെട്ടി കൊണ്ടുപോകാൻ വൈകിക്രമക്കേട് ആരോപിച്ച്തരൂർ പരാജയഭീതിയെന്ന് കൊടിക്കുന്നിൽ

Share

ന്യൂഡൽഹി ∙ കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ഡൽഹിയിലെ എഐസിസി ആസ്ഥാനത്ത് പുരോഗമിക്കവെ, വോട്ടെടുപ്പിലും അതിനു ശേഷമുള്ള നടപടികളിലും ഗുരുതര ക്രമക്കേടുകൾ നടന്നുവെന്ന ആക്ഷേപവുമായി ശശി തരൂർ വിഭാഗം. കേരളത്തിൽനിന്ന് ബാലറ്റ് പെട്ടികൾ കൊണ്ടുപോയതിൽ ഉൾപ്പെടെ തരൂർ പക്ഷം പരാതി നൽകി.
വ്യാപക ക്രമക്കേടു നടന്ന ഉത്തർപ്രദേശിലെ വോട്ടുകൾ എണ്ണരുതെന്ന തരൂരിന്റെ പരാതി പരിഗണിച്ച തിരഞ്ഞെടുപ്പ് സമിതി, അവിടെനിന്നുള്ള വോട്ടുകൾ മാത്രം മറ്റു വോട്ടുകൾക്കൊപ്പം കൂട്ടിക്കലർത്തിയില്ല. വോട്ടെടുപ്പിനെക്കുറിച്ച് പരാതി നല്‍കിയെന്ന് തരൂരിന്റെ പ്രചാരണ കമ്മിറ്റി ചെയര്‍മാന്‍ സല്‍മാന്‍ സോസ് സ്ഥിരീകരിച്ചു. പരാതിയുടെ ഉള്ളടക്കം വെളിപ്പെടുത്തുന്നില്ലെന്നും ഭാവിയില്‍ പിഴവുകള്‍ ഉണ്ടാകാതിരിക്കാനാണ് പരാതി നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, തോൽവി ഭയന്നാണ് തരൂർ ഇത്തരം ആക്ഷേപങ്ങൾ ഉന്നയിക്കുന്നതെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി അഭിപ്രായപ്പെട്ടു. ‘ജനാധിപത്യത്തിൽ ഇത്തരം തിരഞ്ഞെടുപ്പുകൾ നടക്കുമ്പോൾ പരാതികൾ സ്വാഭാവികമാണ്. അത്തരത്തിലൊരു പരാതിയാണ് ഇപ്പോൾ വന്നിരിക്കുന്നത്. ജനാധിപത്യത്തിൽ മറ്റൊരു പ്രത്യേകത കൂടിയുണ്ട്. തോൽക്കാൻ പോകുന്നവരും ഇത്തരം പരാതികൾ ഉന്നയിക്കാറുണ്ട്. അതൊരു മുൻകൂർ ജാമ്യമെടുപ്പാണ്’ – കൊടിക്കുന്നിൽ മാധ്യമങ്ങളോടു പറഞ്ഞു.

വോട്ടെടുപ്പിനു ശേഷം ബാലറ്റ് പെട്ടികൾ എഐസിസി ആസ്ഥാനത്തേക്ക് കൊണ്ടുപോയതുമായി ബന്ധപ്പെട്ടാണ് തരൂർ വിഭാഗം പരാതി ഉന്നയിച്ചത്. തിങ്കളാഴ്ച വൈകിട്ട് ബാലറ്റ് പെട്ടികൾ കൊണ്ടുപോകുമെന്നാണ് വരണാധികാരി ജി.പരമേശ്വര അറിയിച്ചിരുന്നതെന്ന് തരൂർ പക്ഷം പറയുന്നു. എന്നാൽ, ഇന്നലെ ഉച്ചകഴിഞ്ഞാണ് പെട്ടികൾ കൊണ്ടുപോയതെന്നാണ് പരാതി. ഇക്കാര്യത്തിൽ കൃത്യമായ വിവരം നൽകിയില്ലെന്നും തരൂർ പക്ഷം ആരോപിച്ചു.
വോട്ടെടുപ്പു പൂർത്തിയായതിനു പിന്നാലെ നാലു മണിയോടെ ബാലറ്റ് പെട്ടികൾ സീൽ ചെയ്ത് നാലരയോടെ പുറത്തെത്തിച്ചിരുന്നു. തിങ്കളാഴ്ച തന്നെ അത് ഡൽഹിയിലേക്കു കൊണ്ടുപോകുമെന്നായിരുന്നു വരണാധികാരിയും ഉപവരണാധികാരിയും അറിയിച്ചത്. എന്നാൽ, ഇരുവരും ഇന്നലെ ഉച്ചവരെ തിരുവനന്തപുരത്ത് ഉണ്ടായിരുന്നു. ഉച്ചയോടെ ഉപവരണാധികാരിയാണ് രണ്ടു പെട്ടികളും ഡൽഹിയിലേക്കു കൊണ്ടുപോയത്.
വോട്ടെടുപ്പു കഴിഞ്ഞ് 24 മണിക്കൂർ കഴിഞ്ഞാണ് ബാലറ്റ് പെട്ടികൾ എഐസിസി ആസ്ഥാനത്ത് എത്തിച്ചത്. ഈ സാഹചര്യത്തിൽ, നടപടികളിൽ വ്യക്തതയില്ലെന്നു ചൂണ്ടിക്കാട്ടിയാണ് തരൂരും സംഘവും പരാതി നൽകിയത്. നേരത്തെ, യുപി, പഞ്ചാബ്, തെലങ്കാന എന്നിവിടങ്ങളിൽ വോട്ടെടുപ്പിൽ ഗുരുതര ക്രമക്കേട് നടന്നെന്നു ശശി തരൂർ ആരോപിച്ചിരുന്നു. വ്യാപക ക്രമക്കേട് നടന്ന യുപിയിലെ വോട്ടുകൾ എണ്ണരുതെന്നും അവ അസാധുവാക്കണമെന്നും ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് സമിതി അധ്യക്ഷൻ മധുസൂദൻ മിസ്ത്രിക്കു കത്തയയ്ക്കുകയും ചെയ്തു.
ഏറ്റവുമധികം വോട്ടർമാരുള്ള യുപിയിൽ (1238) ഒട്ടേറെ വ്യാജ വോട്ടുകൾ രേഖപ്പെടുത്തിയതായി സംശയമുണ്ടെന്നു മിസ്ത്രിക്കുള്ള കത്തിൽ തരൂർ പക്ഷം ചൂണ്ടിക്കാട്ടി. വോട്ടെടുപ്പു ദിവസം ലക്നൗവിൽ ഇല്ലാതിരുന്ന ഒട്ടേറെപ്പേരുടെ വോട്ടുകൾ പെട്ടിയിൽ വീണു. ബാലറ്റ് പെട്ടികൾ സീൽ ചെയ്തതിൽ നടപടിക്രമം പാലിച്ചില്ല. സീരിയൽ നമ്പറില്ലാത്ത സീൽ ഉപയോഗിച്ചാണു പെട്ടി സീൽ ചെയ്തത്. ഏജന്റുമാർ ഇക്കാര്യം ചൂണ്ടിക്കാട്ടിയെങ്കിലും നടപടിയുണ്ടായില്ല. പെട്ടി സീൽ ചെയ്തതിന്റെ ചിത്രങ്ങൾ സഹിതമാണു പരാതി അയച്ചത്.
പഞ്ചാബിലും തെലങ്കാനയിലും യഥാർഥ വോട്ടർമാരെ വെട്ടിമാറ്റി വ്യാജൻമാരെ തിരുകിക്കയറ്റി. ഇരു സംസ്ഥാനങ്ങളിലെയും വോട്ടെടുപ്പിനെക്കുറിച്ച് അന്വേഷിക്കണമെന്നും ആഭ്യന്തര തിരഞ്ഞെടുപ്പിനെക്കുറിച്ച് പരാതി നൽകാൻ മറ്റൊരു വേദിയില്ലാത്തതിനാലാണു കത്തയയ്ക്കുന്നതെന്നും തരൂർ പക്ഷം വ്യക്തമാക്കി. ആകെ വോട്ടർമാരുടെ എണ്ണം 9,308 എന്നത് അവസാനനിമിഷം 9,915 ആയതിനെതിരെയും പരാതി ഉയർന്നിട്ടുണ്ട്.

Back to Top