ആ വൃദ്ധ മാതാവിന് ഇനി മഴയും വെയിലും ഏല്‍ക്കാതെ കഴിയാം

കാഞ്ഞങ്ങാട്: ഭര്‍ത്താവും പ്രാപ്തരായ രണ്ട് ആണ്‍മക്കളും തീര്‍ത്തും അപ്രതീക്ഷിതമായി വിട പറഞ്ഞപ്പോള്‍ ജീവിത സായാഹ്നത്തില്‍ ഒറ്റപ്പെട്ടു പോയ ആ വൃദ്ധ മാതാവിന് അവശേഷിക്കുന്ന കാലം മുഴുക്കെ ഇനി മഴയും വേനലും ഏല്‍ക്കാതെ സുരക്ഷിതമായി കഴിയാം.
ജീവിത സമ്പാദ്യമായി അവശേഷിച്ചിരുന്ന രണ്ട് സെന്റ് ഭൂമിയിലുണ്ടായിരുന്ന കൂര കഴിഞ്ഞ പെരുമഴക്കാലത്ത് നിലം പൊത്തിയതോടെ ആ മാതാവ് തീര്‍ത്തും പെരുവഴിയിലായിരുന്നു.
കര്‍ണ്ണാടകയില്‍ വ്യാപാരിയായിരുന്ന ഏറ്റവും കുലീനമായ കുടുംബത്തിലെ അംഗമായിരുന്നു അവര്‍. അബൂദാബിയില്‍ സ്വകാര്യ കമ്പനിയില്‍ ഉന്നത ഉദ്യോഗമുണ്ടായിരുന്ന മകന്‍ അര്‍ബുദമെന്ന മാരക രോഗത്തിന്റെ പിടിയില്‍ പെട്ട് 35ാം വയസ്സില്‍ യാത്രയായി. വ്യാപാരിയായിരുന്ന മറ്റൊരു മകനും മരണപ്പെട്ടു. ഇതോടെ ജീവിത സായാഹ്നത്തില്‍ ഒറ്റപ്പെട്ടു പോയ ഉമ്മക്ക് മറ്റ് ബന്ധുക്കളും, പരിസരവാസികളായിരുന്നു തുണ. എന്നാല്‍ കിടപ്പാടം കൂടി നഷ്ടപ്പെട്ടതോടെ അവരുടെ ജീവിതം ദുരിത പൂര്‍ണ്ണമായി.
വിവരമറിഞ്ഞ് സുമനസ്സുകള്‍ ചേര്‍ന്ന് ആ മാതാവിന് ഏറെ മനോഹരമായ ഭവനം നിര്‍മ്മിച്ചു നല്‍കി. അവശേഷിക്കുന്ന നാളുകളില്‍ അവര്‍ക്ക് ഇനി മഴയും വേലനുമില്ലാതെ കഴിയാം. ആറങ്ങാടി നിലാങ്കരയില്‍ പുതുതായി നിര്‍മ്മിച്ച വീടിന് സമീപം നടന്ന ലളിതമായ ചടങ്ങില്‍ ആറങ്ങാടി ഇമാം ഹാഫിള് ഷെഫീഖ് റഹ്മാനി നിലാങ്കര അഹമ്മദ് കുഞ്ഞി ഹാജിക്ക് താക്കോല്‍ കൈമാറി.
ബഷീര്‍ ആറങ്ങാടി ചടങ്ങില്‍ അധ്യക്ഷനായി. സംയുക്ത ജമാഅത്ത് ജന. സെക്രട്ടറി ബഷീര്‍ വെള്ളിക്കോത്ത്, ഡിസിസി ജന. സെക്രട്ടറി അഡ്വ. പി വി സുരേഷ്, തായല്‍ അബ്ദുറഹിമാന്‍ ഹാജി, എ ഹമീദ് ഹാജി, സുറൂര്‍ മൊയ്തു ഹാജി, സൗദി അബൂബക്കര്‍ ഹാജി, സി കെ റഹ്മത്തുള്ള, ടി അബൂബക്കര്‍ ഹാജി, ഗംഗാധരന്‍ കൊവ്വല്‍പ്പള്ളി, നഗരസഭാ കൗണ്‍സിലര്‍ ബിന്ദു പ്രകാശ്, ജമാഅത്ത് പ്രസിഡണ്ട് എം കെ റഷീദ്, വൈസ് പ്രസിഡണ്ടുമാരായ സി എച്ച് അബ്ദുല്‍ ഹമീദ് ഹാജി, ടി റംസാന്‍, അര്‍ റഹ്മ സെന്റര്‍ വൈസ് ചെയര്‍മാന്‍ ടി ഖാദര്‍ ഹാജി, കണ്‍വീനര്‍ ഇബ്രാഹിം പള്ളിക്കര, കെ എം മുഹമ്മദ്, ഹക്കീം അട്ടേങ്ങാനം, അലങ്കാര്‍ അബൂബക്കര്‍ ഹാജി, എം ഇബ്രാഹിം കുട്ടി, സി മുഹമ്മദ് നിലാങ്കര എന്നിവര്‍ സംബന്ധിച്ചു. മുത്തലീബ് കൂളിയങ്കാല്‍ സ്വാഗതവും, എം നാസര്‍ ആറങ്ങാടി നന്ദിയും പറഞ്ഞു.
