ക്ഷേത്രങ്ങളിൽ ആഘോഷങ്ങൾക്കൊപ്പം ഭഗവദ്ഗീത ഉൾപ്പെടെയുള്ള ശാസ്ത്ര ഗ്രന്ഥങ്ങളുടെ പഠനവും വേണമെന്ന് ആവശ്യം <> നവോത്ഥാനത്തിന്റെ പേരിൽ പൈതൃകത്തെ തള്ളിപ്പറയരുതെന്നും അഭ്യർത്ഥന


കാഞ്ഞങ്ങാട് : ക്ഷേത്രങ്ങളിൽ ആഘോഷ പരിപാടികൾക്ക് ഒപ്പം ഭഗവദ് ഗീത തുടങ്ങിയ ശാസ്ത്രഗ്രന്ഥങ്ങളുടെ പഠനത്തിനുള്ള സൗകര്യവും ഒരുക്കണമെന്ന് ആവശ്യമുയർന്നു.
ചിന്മയ മിഷൻ 75ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി വിളിച്ചു ചേർത്ത ക്ഷേത്രഭാരവാഹികളുടെയും മാതൃസമിതി ഭാരവാഹികളുടെയും സംയുക്ത യോഗത്തിലാണ് ഈ ആവശ്യമുയർന്നത്. നവോത്ഥാനത്തിന്റെ പേരിൽ നാം നമ്മുടെ പൈതൃകത്തെ തള്ളിപ്പറയരുതെന്നും യോഗം അഭ്യർത്ഥിച്ചു. ഹൊസ്ദുർഗ്, വെള്ളരിക്കുണ്ട് താലൂക്കിലെ ക്ഷേത്രഭാരവാഹികളുടെ യോഗമാണ് ഹൊസ്ദുർഗിലെ നിത്യാനന്ദാശ്രമത്തിൽ ചേർന്നത്. കാഞ്ഞങ്ങാട്, നീലേശ്വരം ചിന്മയ മിഷനുകൾ സംയുക്തമായി സംഘടിപ്പിച്ച സംഗമം ചിന്മയ മിഷൻ കേരള ഘടകം മേധാവി സ്വാമി വിവക്താനന്ദ സരസ്വതി ഉദ്ഘാടനം ചെയ്തു. ആത്മവിശ്വാസവും ആധ്യാത്മിക നിറവുമുള്ള സമ്പന്നമായൊരു തലമുറയെ വളർത്തിയെടുക്കാൻ എല്ലാ ക്ഷേത്രങ്ങളുടെയും ഒരുമിച്ചുള്ള പ്രവർത്തനം വേണമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു. കാഞ്ഞങ്ങാട് ചിന്മയ മിഷൻ പ്രസിഡന്റ് എം.ശ്രീകണ്ഠൻ നായർ അധ്യക്ഷത വഹിച്ചു. സ്വാമി വിശ്വാനന്ദ സരസ്വതി, സ്വാമി തത്വാനന്ദ സരസ്വതി, രാംദാസ് വാഴുന്നവർ, ദിവാകരൻ കോളിച്ചാൽ എന്നിവർ സംസാരിച്ചു. കാഞ്ഞങ്ങാട് ചിന്മയ മിഷൻ സെക്രട്ടറി ബാബു രാജേന്ദ്ര ഷേണായ് സ്വാഗതവും നീലേശ്വരം ചിന്മയ മിഷൻ സെക്രട്ടറി പി. വേണുഗോപാലൻ നന്ദിയും പറഞ്ഞു.
……
പടം: കാഞ്ഞങ്ങാട്, നീലേശ്വരം ചിന്മയ മിഷനുകളുടെ നേതൃത്വത്തിൽ ചേർന്ന ഹൊസ്ദുർഗ്, വെള്ളരിക്കുണ്ട് താലൂക്കുകളിലെ ക്ഷേത്ര ഭാരവാഹികളുടെ സംഗമം ചിന്മയ മിഷൻ കേരള ഘടകം മേധാവി സ്വാമി വിവിക്താനന്ദ സരസ്വതി ഉദ്ഘാടനം ചെയ്യുന്നു.
