വികസിത ഭാരതം ഓരോ പൗരൻ്റെയും ഉത്തരവാദിത്തം: ഗവർണർ ആർലേക്കർ

Share

കാഞ്ഞങ്ങാട്: വികസിത ഭാരതം ഓരോ പൗരൻ്റെയും ഉത്തരവാദിത്തമാണെന്നും ധർമ്മപാതയിലൂടെ നമ്മുടെ കടമകൾ നിറവേറ്റാൻ സന്നദ്ധരാവണമെന്നും കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ ആർലേക്കർ അഭിപ്രായപ്പെട്ടു. കാഞ്ഞങ്ങാട് മഹാകവി എസ് രമേശൻ നായർ സ്തൃതി ട്രസ്റ്റിൻ്റെ പുരസ്കാരം നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഓരോ മനുഷ്യനിലും ആത്മീയ തേജസ് ഉണ്ട്. സമൂഹത്തിന് വേണ്ടി എന്തെങ്കിലും സമർപ്പിക്കുന്നവർ ആദരിക്കപ്പെടുന്നു. ദൈവികത്വം എന്ന് പറയുന്നത് നന്മയാണ്.
ധർമ്മ എന്ന് പറയുന്നത് വ്യവസ്ഥാപിത മതമല്ല. ധർമ്മം പല തരത്തിലുണ്ട്. ധർമ്മവും മതവും രാഷ്ട്രീയവും കൂട്ടിക്കലർത്താൻ പാടില്ല. സുപ്രീം കോടതിയുടെ ലോഗോ ശ്രദ്ധിക്കുക. യതോ ധർമ്മ സ്തതോ ജയ. ധർമ്മ എന്ന് പറയുന്നത് നന്മയാണ്.
നാം നമ്മുടെ മഹത്തായ പാരമ്പര്യത്തെ പിന്തുടരുന്നു. സനാതന പരമ്പരയാണ് നമ്മുടെ മഹത്വം . ആദർശപരമായ ഔന്നത്യമാണ് നമുക്കാവശ്യം. ദേശീയ മൂല്യം, സനാതനമൂല്യം ഇവ കുടുംബത്തിൽ വളർത്തണം. സംസ്കാരം മക്കൾക്കു നൽകുക എന്നത് നമ്മുടെ ദൗത്യമാണ്. കേരളത്തിന് മഹത്തായ പാരമ്പര്യമുണ്ട്. ശങ്കരാചാര്യരുടെ പാരമ്പര്യം കേരളത്തിനുണ്ട്. ജനങ്ങളെ നന്മയിലേക്ക് നയിക്കുന്ന ദൗത്യമാണ് നമ്മുടെ പാരമ്പര്യം
അത്തരമൊരു വ്യക്തിത്വമായിരുന്നു മഹാകവി എസ് രമേശൻ നായരുടേത്. രമേശൻ നായർക്കും സിബി മലയിലിനും ശോഭന രവീന്ദ്രനുമൊക്കെയുള്ള ദിവ്യത്വം ഓരോ മനുഷ്യനും ആർജിച്ചെടുക്കണം. ഇങ്ങനെ ആർജിച്ചെടുക്കുന്ന പ്രത്യേകവും വ്യത്യസ്തവുമായ കഴിവുകൾ സമൂഹത്തിൻ്റെ ഉന്നമനത്തിന് ഉപയോഗപ്പെടുത്താൻ കഴിയണം. ഗവർണർ അഭിപ്രായപ്പെട്ടു.
വിദേശ ഭാഷയായ ഇംഗ്ലീഷിൽ പ്രാവീണ്യം കുറയുന്നുവെന്നത് ഒരു വലിയ കുറ്റമൊന്നുമല്ല. എന്നാൽ സ്വന്തം ഭാഷയായ മാതൃഭാഷ അറിയാത്തത് വലിയ കുറവു തന്നെയാണ് .ഗവർണർ പറഞ്ഞു. ട്രസ്റ്റ് ചെയർമാൻ സുകുമാരൻ പെരിയച്ചൂരും, ട്രസ്റ്റ് ജനറൽ സെക്രട്ടറി എസ് പി ഷാജിയും ചേർന്ന് പൗരാവലിക്കു വേണ്ടി ശ്രീമുത്തപ്പൻ ശ്രീതിരുവപ്പന ശില്പം ഗവർണർക്കു നൽകി സ്വീകരിച്ചു.
ചടങ്ങിൽ സമഗ്ര ചലച്ചിത്ര സംഭാവനയ്ക്കുള്ള രമേശൻ നായർ സ്മൃതി കലാരത്ന പുരസ്കാരം പ്രശസ്ത സംവിധായകൻ സിബി മലയിലിനു സമ്മാനിച്ചു. സാഹിത്യ ത്തിനുള്ള കലാരത്ന പുരസ്കാരം സംഗീത സംവിധായകൻ രവീന്ദ്രൻ മാസ്റ്റരുടെ പത്നി ശോഭന രവീന്ദ്രൻ ഏറ്റുവാങ്ങി. 25000 രൂപയും കാനായി കുഞ്ഞിരാമൻ രൂപകൽപന ചെയ്ത ശില്പവും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് അവാർഡ്. മികച്ച ക്ഷേത്രങ്ങൾക്കുള്ള ക്ഷേത്ര കർമ്മ പുരസ്കാരം പാലക്കുന്ന് കഴകം കുഞ്ഞിക്കണ്ണൻ ആയത്താർക്കും കരിവെള്ളൂർ മുച്ചിലോട്ട് വല്യച്ഛൻ പ്രമോദ് കോമരവും ഏറ്റു വാങ്ങി.
മികച്ച സാംസ്കാരിക പ്രവർത്തനത്തിനുള്ള പ്രഥമ സാംസ്കാരിക പുരസ്കാരം കാഞ്ഞങ്ങാട് ആർട്ട് ഫോറം ഭാരവാഹികളായ മോഹൻ കുമാറും ചന്ദ്രൻ അലാമിപ്പള്ളിയും ഏറ്റുവാങ്ങി. ചടങ്ങിൽ വെച്ച് ഡോ.മണികണ്ഠൻ മേലത്ത്, ഷംസുദ്ദീൻ പാലക്കി, രാജൻ മുളിയാർ, സുകുമാരൻ ആശീർവാദ് എന്നിവരെ ആദരിച്ചു. ട്രസ്റ്റ് ചെയർമാൻ സുകുമാരൻ പെരിയച്ചൂർ അധ്യക്ഷത വഹിച്ചു. ട്രസ്റ്റ് ജനറൽ സെക്രട്ടറി എസ് പി ഷാജി സ്വാഗതം പറഞ്ഞു.
കാഞ്ഞങ്ങാട് പ്രസ് ഫോറം പ്രസിഡൻ്റ് ഫസൽ റഹ്മാൻ,ദാമോദരൻ ആർക്കിടെക്റ്റ് ആശംസാപ്രസംഗം നടത്തി.
പരിപാടിയോടനുബന്ധിച്ച് പിന്നണി ഗായകരായ വിടി സുധാകരൻ, മഹേഷ് മുന്നാട്, രജിത സുരേഷ് എന്നിവർ പാടിയ രമേശൻ നായർ സ്മൃതിഗാനാമൃതം സംഗീതമയമാക്കി. ബാലചന്ദ്രൻ കൊട്ടോടിയുടെ ഓടക്കുഴൽ വാദനവും പരിപാടിക്ക് മിഴിവേകി. ദേശീയ ഗാനത്തോടെ പരിപാടി പര്യവസാനിച്ചു.

പടം:എസ് രമേശൻ നായർ സ്മൃതി ട്രസ്റ്റ് മിം ടെക് മാരുതി ഇൻസ്റ്റിറ്റ്യൂട്ട് എന്നിവ ചേർന്ന് നടത്തിയ എസ്.രമേശൻ നായർ സ്മൃതി പുരസ്കാര സമർപ്പണം കേരള ഗവർണ്ണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ഉൽഘാടനം ചെയ്യുന്നു.

Recent News

Back to Top